മുംബൈ: ടെലിവിഷൻ ചാനൽ നിരക്കുകൾ കുറച്ചുകൊണ്ടുള്ള ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) തീരുമാനം ബോംബെ ഹൈക്കോടതി ശരിവെച്ചു. എന്നാൽ, ബൊക്കെയിലുള്ള (ചാനൽക്കൂട്ടം) പേ ചാനലുകളുടെ നിരക്ക് ഒറ്റയ്ക്ക് വാങ്ങേണ്ടിവരുമ്പോൾ അതിന്റെ മൂന്നിരട്ടിയിലധികം വർധിപ്പിക്കാൻ പാടില്ലെന്ന ട്രായിയുടെ നിർദേശം കോടതി തള്ളി. ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നായിരുന്നു ജസ്റ്റിസുമാരായ എ.എ. സയ്യദ്, അനൂജ് പ്രഭുദേശായ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണം.
വിധിക്കെതിരേ അപ്പീൽ നൽകാൻ സമയമനുവദിക്കണമെന്ന് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്റെ അഭ്യർഥന മാനിച്ച് ഉത്തരവ് നടപ്പാക്കുന്നത് കോടതി ആറാഴ്ചത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ചാനൽനിരക്കുകൾ നിയന്ത്രിക്കാൻ ട്രായിക്ക് അധികാരമില്ലെന്ന ചാനലുടമകളുടെ വാദവും കോടതി തള്ളി. 2017-ലാണ് ചാനൽ നിരക്കുകൾ നിയന്ത്രിക്കാൻ ട്രായ് നടപടി തുടങ്ങിയത്. ഇതേത്തുടർന്ന് പേ ചാനലിന്റെ കൂടിയ നിരക്ക് 19 രൂപയായി നിജപ്പെടുത്തുകയും 160 രൂപയ്ക്ക് 100 സൗജന്യചാനലുകൾ നൽകണമെന്നും ഉത്തരവിറക്കിയിരുന്നു.
നിയമം നടപ്പാക്കിയതോടെ രാജ്യത്ത് ഭൂരിപക്ഷം പ്രദേശങ്ങളിലും കേബിൾ ടി.വി. നിരക്ക് കൂടുകയാണുണ്ടായത്. ഇതേത്തുടർന്നാണ് കൂടിയ നിരക്ക് 12 രൂപ, 130 രൂപയ്ക്ക് 200 സൗജന്യ ചാനലുകൾ നൽകുക തുടങ്ങിയ നിർദേശങ്ങളോടെ നിയമം പരിഷ്കരിച്ചത്. ഇതിനെതിരേ ചാനലുടമകൾ നൽകിയ ഹർജിയിലാണ് ഇപ്പോൾ ബോംബെ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ കേസിൽ വാദം കഴിഞ്ഞിരുന്നെങ്കിലും മാസങ്ങൾക്കുശേഷമാണ് വിധി വരുന്നത്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..