കൊച്ചി: നിർമാണ മേഖലയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സിമന്റ് ഗോഡൗണുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല. ഇതോടെ സിമന്റ് ക്ഷാമം രൂക്ഷമായി. എന്നാൽ, ഈ സാഹചര്യം മുതലാക്കി വില കൂട്ടിയിരിക്കുകയാണ് സിമന്റ് കമ്പനികൾ. 380 രൂപയുണ്ടായിരുന്ന സിമന്റ് വില ഏപ്രിലിൽ 420-ലേക്ക് എത്തിയിരുന്നു.
ലോക്ഡൗൺ തുടങ്ങുന്നതിനു മുന്നേ വില 480-ലേക്കും എത്തി. ക്ഷാമം ഉള്ളതിനാൽ വില കൂട്ടുന്നത് വ്യാപാരികളാണെന്നാണ് ഉപഭോക്താക്കൾ ധരിക്കുക. എന്നാൽ, സാഹചര്യം മുതലാക്കി സിമന്റ് കമ്പനികളാണ് വില കൂട്ടുന്നതെന്ന് വ്യാപാരികൾ പറയുന്നു.
കോവിഡ് മൂലം ഇപ്പോൾ സിമന്റ് വില്പന കാര്യമായി നടക്കുന്നില്ല. അതിനാൽ വില കൂട്ടി പരമാവധി വരുമാനം ഉണ്ടാക്കുകയാണ് സിമന്റ് കമ്പനികളുടെ പദ്ധതിയെന്നാണ് വ്യാപാരികൾ പറയുന്നത്.
സിമന്റ് വിലകൂട്ടലിനെ തുടർന്ന് വ്യാപാരികൾ പ്രതിഷേധം അറിയിച്ചതോടെ 2019-ൽ സർക്കാർ, സിമന്റ് വ്യാപാരികളുടെയും കമ്പനി പ്രതിനിധികളുടെയും യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ഇനി സിമന്റ് വില കൂട്ടേണ്ട സാഹചര്യമുണ്ടായാൽ മുൻകൂട്ടി സർക്കാരിനെ അറിയിക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ, ഇതു കഴിഞ്ഞ് കഴിഞ്ഞ ഒക്ടോബറിൽ സിമന്റിന് 60 രൂപയോളം വില കൂട്ടി. വില വ്യത്യാസം സംബന്ധിച്ച് കമ്പനികളും വ്യാപാരികളും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് അന്ന് വില കൂട്ടിയത്.
അതേസമയം വിലക്കയറ്റത്തിന്റെ കൂടെ സിമന്റ് ഗോഡൗണുകൾ തുറക്കാനാകാത്തതും കനത്ത തിരിച്ചടിയാണ് വ്യാപാരികൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. സിമന്റ് ബാഗുകൾ കെട്ടിക്കിടക്കുന്നുണ്ട്. സിമന്റ് അല്പം കട്ടപിടിച്ചാൽ ഇത് വിൽക്കാനാവില്ല. ലോക്ഡൗൺ നീണ്ടുപോയാൽ സ്ഥിതി കൈവിട്ട് പോകും എന്നാണ് ഇവർ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..