പ്രമുഖ എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് 3365 കോടി രൂപ(460 മില്യൺ ഡോളർ)കൂടി സമാഹരിച്ചു. എം.സി ഗ്ലോബൽ എഡ്യുടെക് ഇൻവെസ്റ്റുമെന്റ് ഹോൾഡിങ്സാണ് പുതിയ ഫണ്ടിങിന് നേതൃത്വംനൽകിയത്. ഇതോടെ കമ്പനിയുടെ മൊത്തംമൂല്യം 1300 കോടി ഡോളറിലേറെയായി. അതായത് 95,113 കോടി രൂപ.
എംസി ഗ്ലോബലിന് പുറമെ, ബി ക്യാപിറ്റൽ(77 മില്യൺ ഡോളർ), ബാരോൺ എമേർജിങ് മാർക്കറ്റ് ഫണ്ട് (80 മില്യൺ ഡോളർ), എക്സ്.എൻ എക്സ്പോണന്റ് ഹോൾഡിങ്സ് (1.5 മില്യൺ ഡോളർ), അരിസൺ ഹോൾഡിങ്സ് (15 മില്യൺ ഡോളർ), ടിസിഡിഎസ് ഇന്ത്യ (14 മില്യൺ ഡോളർ) തുടങ്ങി എട്ടു കമ്പനികളുമാണ് നിക്ഷേപംനടത്തിയത്.
15 ബില്യൺ ഡോളർ മൂല്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പുതിയതും നിലവിലുള്ളതുമായ നിക്ഷേപകരിൽനിന്ന് 700 മില്യൺ ഡോളർകൂടി സമാഹരിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണിത്. ഇതോടെ ബൈജു രവീന്ദ്രന്റെയും കുടുംബിത്തിന്റെയും കമ്പനിയിലുള്ള ഓഹരി വിഹിതം 26.9ശതമാനമായി കുറഞ്ഞു.
കോവിഡ് വ്യാപനംമൂലം സ്കൂളുകളും കോളേജുകളും അടച്ചതോടെ ക്ലാസുകൾ ഓൺലൈനായതാണ് കമ്പനിക്ക് നേട്ടമായത്. സ്വകാര്യ ഈക്വിറ്റി നിക്ഷേപകരായി ബ്ലാക്ക്റോക്ക്. ടി റോ പ്രൈസ് എന്നിവരിൽനിന്ന് 2020നവംബറിൽ 200 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇതോടെ സ്റ്റാർട്ടപ്പിന്റെ മൂല്യം 12 ബില്യൺ ഡോളറായി ഉയരുകയുംചെയ്തു.
സിൽവർ ലേയ്ക്ക്, ടൈഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക്, ഔൾ വെഞ്ച്വേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളും ബൈജൂസിൽ നേരത്തെ 500 മില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..