പ്രതീകാത്മക ചിത്രം | Photo: Rupak De Chowdhuri| REUTERS
തൃശ്ശൂർ: റദ്ദായ ടെൻഡറിൽത്തട്ടി മുടങ്ങിപ്പോയ ബി.എസ്.എൻ.എൽ. 4ജി സംവിധാനം 15,000 ടവറുകളിലൂടെ ഭാഗികമായി യാഥാർഥ്യമാകുന്നു. തെക്കേയിന്ത്യയിലാണ് ഈ ടവറുകൾ. കേരളത്തിലെ 80 ശതമാനം ടവറുകളും ഉൾപ്പെടും. നോക്കിയ കമ്പനിയുടെ ബി.ടി.എസ്. (ബേസ് ട്രാൻസീവർ സ്റ്റേഷൻ) എന്ന ഉപകരണമുള്ള മൊബൈൽ ടവറുകളിലാണിത്. ഈ ടവറുകളിൽ നിലവിലുള്ള 3ജി ഉപകരണങ്ങൾക്കൊപ്പം അധികമായി ഒരു സംവിധാനംകൂടി വെക്കാനാണ് തീരുമാനം. മാനേജ്മെന്റ് ഇതിന് അനുമതി കൊടുത്തു. ഇനി ഡയറക്ടർ ബോർഡിന്റെ അനുമതികൂടി മതിയാവും.
2018-ൽ ബി.എസ്.എൻ.എലിന്റെ പുനരുദ്ധാരണ പാക്കേജിനൊപ്പം അനുവദിച്ച 4ജി സ്പെക്ട്രവും പുതിയ തീരുമാനപ്രകാരം ഉപയോഗിക്കാനാവും. മൊബൈൽ ടവറുകളിലെ ഉപകരണങ്ങളിൽ രണ്ട് ഘടകങ്ങളാണുള്ളത്.
ടവറിന്റെ മുകളിലുള്ള ഭാഗത്തെ റേഡിയോ പാർട്ട് എന്നും താഴെയുള്ളതിനെ ബേസ് യൂണിറ്റ് എന്നും വിളിക്കും. രണ്ടും കൂടിച്ചേർന്നതാണ് ബി.ടി.എസ്. ആഡ് ഓൺ പ്രകാരം റേഡിയോ പാർട്ടുകളിലാണ് പുതിയ ഉപകരണം ഘടിപ്പിക്കേണ്ടിവരുക.
പദ്ധതി നടപ്പിൽവരുമ്പോൾ വരിക്കാർക്ക് മികച്ച ഇന്റർനെറ്റ് സേവനം കിട്ടും. സ്പെക്ട്രം ഉപയോഗിക്കുന്നതിന് 30 കോടി രൂപ പ്രതിമാസം യൂസർഫീ ആയി ബി.എസ്.എൻ.എൽ. സർക്കാരിന് കൊടുക്കേണ്ടിവരും. എന്നാൽ, 4ജി സേവനം വരുമ്പോൾ വരിക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാവുന്നതിലൂടെ വരുമാനവർധനയും കമ്പനി പ്രതീക്ഷിക്കുന്നു.
രാജ്യത്ത് മൊത്തം 60,000-ഓളം ടവറുകളാണ് ബി.എസ്.എൻ.എലിനുള്ളത്. ഉപകരണങ്ങളിൽ 20 ശതമാനം മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലുള്ളതാവണമെന്ന ശുപാർശ വന്നതോടെയാണ് 4ജിക്കുവേണ്ടി വിളിച്ച ടെൻഡർ റദ്ദായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..