പ്രതീകാത്മക ചിത്രം
കോന്നി (പത്തനംതിട്ട): കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിൽനിന്നും ഉപയോക്താക്കളെ സഹായിക്കാൻ ദേശസാത്‌കൃത-പൊതുമേഖലാ ബാങ്കുകളും എൻ.എഫ്.ബി.സി.യും അടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ ഉദാരനയം സ്വീകരിക്കണമെന്ന റിസർവ് ബാങ്ക് നിർദേശം ബാങ്കുകൾ നടപ്പാക്കിത്തുടങ്ങി. നിലവിലെ വായ്പകളുടെ പുനഃക്രമീകരണമാണ് നടപ്പാക്കുന്നത്.
ജൂൺ 30 വരെയുള്ള വായ്പ കൃത്യമായി തിരിച്ചടച്ചവർക്ക് പുനഃക്രമീകരണ ആനുകൂല്യം കിട്ടും. വായ്പ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ 10-20 ശതമാനംവരെ നിലവിലെ വായ്പയുടെ അധികതുക നൽകും. വാഹനവായ്പ, വീടുനിർമാണ വായ്പ എന്നിവ എടുത്തിട്ടുള്ളവർക്ക് അധിക സഹായമായി നിലവിലുള്ള വായ്പയുടെ 10 ശതമാനം കൂടി അനുവദിക്കും. പുതുക്കുന്ന വായ്പകൾക്ക് ഏഴ് ശതമാനമാണ് പലിശ. വ്യക്തിഗത വായ്പകളും സ്വർണപ്പണയ വായ്പകളും പുനഃക്രമീകരിച്ച് നൽകാനും നിർദേശിച്ചിട്ടുണ്ട്.
25 കോടി രൂപ വരെയുള്ള വായ്പകൾ പുനഃക്രമീകരിച്ച് നൽകും. വ്യക്തിപരമായും സംഘമായും എടുത്ത വായ്പകൾക്കും ആനുകൂല്യം കിട്ടും. സെപ്റ്റംബർ 30 വരെ വായ്പകൾ പുനഃക്രമീകരിക്കാൻ സമയം നൽകിയിട്ടുണ്ട്.
ഒന്നാം കോവിഡ് കാലത്ത് റിസർവ് ബാങ്ക് പുനഃക്രമീകരണത്തിന് അവസരം നൽകിയെങ്കിലും 10 കോടി വരെയുള്ള വായ്പകൾക്കേ ഗുണംകിട്ടിയിരുന്നുള്ളൂ. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അക്കൗണ്ട് ഉടമകൾക്ക് അഞ്ച് ലക്ഷം രൂപവരെ ബാങ്കുകൾ വായ്പ നൽകുന്നുണ്ട്. അഞ്ച് വർഷമാണ് ഇതിന്റെ കാലാവധി. ബാങ്കുകളിൽ തിരിച്ചടവ് കുറയാതിരിക്കാൻ വേണ്ടിയാണ് പുനഃക്രമീകരണ സംവിധാനം.
തിരിച്ചടവ് കാലാവധി പരമാവധി രണ്ടുവർഷം വരെയാണ് നീട്ടി നൽകുന്നത്. പുതുക്കുന്ന വായ്പകൾക്ക് പലിശയിനത്തിൽ അധിക ബാധ്യത വരുമെങ്കിലും മറ്റ് നടപടികൾക്ക് ഉപയോക്താക്കൾക്ക് വിധയേരാകേണ്ടി വരില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..