
ദിവസക്കൂലിക്കാരായ തൊഴിലാളികൾക്ക് ഇടനിലക്കാരില്ലാതെ വീടിനടുത്തുതന്നെ ജോലി ലഭിക്കും. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ(കെയ്‌സ്) തൊഴിൽ പോർട്ടലായ സ്‌കിൽ രജിസ്ട്രിയാണ് സേവനം ഒരുക്കുന്നത്.
ജോലി ആവശ്യമുള്ളവർക്കും തൊഴിലാളികളെ വേണ്ടവർക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റിലും മൊബൈൽആപ്പിലും സൗകര്യമുണ്ടാകും. തൊഴിലാളികൾക്ക് പ്രതിഫലം പരസ്യപ്പെടുത്താനും തൊഴിലേറ്റെടുക്കാൻ സൗകര്യപ്രദമായ സ്ഥലം തിരഞ്ഞെടുക്കാനും കഴിയും.
കൂലിയിൽ ഇളവുംനൽകാം. ജോലി നൽകുന്നവർക്ക് തൊഴിലാളികളെ വിലയിരുത്താനും നൽകിയ കൂലി രേഖപ്പെടുത്താനും മാർക്കിടാനും അവസരമുണ്ട്. മികച്ച സേവനം നൽകുന്നവർക്ക് കൂടുതൽ അവസരം ലഭിക്കും.
ഇലക്ട്രീഷ്യൻ, മേസ്തിരി, മരപ്പണിക്കാർ, ഡ്രൈവർ, മെക്കാനിക്ക് തുടങ്ങി 42 തരം തൊഴിലാളികൾക്കാണ് രജിസ്‌ട്രേഷൻ അനുവദിച്ചിട്ടുള്ളത്.
മടങ്ങിയെത്തുന്ന പ്രവാസികൾക്കും തൊഴിൽ കണ്ടെത്താം. അംഗീകൃത കോഴ്‌സുകൾ കഴിഞ്ഞവർക്കും പരമ്പരാഗത തൊഴിലാളികൾക്കും അവസരമുണ്ട്. കോഴ്‌സ് കഴിയുന്നവർക്ക് രജിസ്‌ട്രേഷൻ ചെയ്യാനുള്ള അനുമതി നൽകുന്നത് ഇൻഡസ്ട്രിയൽ ടെയിനിങ് വകുപ്പാണ്. പരമ്പരാഗത തൊഴിലാളികൾക്ക് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് സാക്ഷ്യപത്രം നൽകേണ്ടത്.
അക്ഷയകേന്ദ്രങ്ങൾവഴിയും രജിസ്റ്റർ ചെയ്യാം. സാക്ഷ്യപത്രം സഹിതം രേഖകൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താം. ഗൂഗിൾപ്ലേ സ്റ്റോറിൽനിന്നു സ്‌കിൽ രജിസ്ട്രി ആപ്പ് ഡൗൺലോഡ് ചെയ്യാം. ഉപഭോക്താക്കൾക്ക് മൊബൈൽനമ്പർ ഉപയോഗിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷനാണ് അനുവദിച്ചിട്ടുള്ളത്. ജി.പി.എസ്. അധിഷ്ഠിത തിരയൽസംവിധാനമാണ് ആപ്പിലുള്ളത്. ഉപഭോക്താക്കളുടെ സമീപത്തുള്ള തൊഴിലാളികളുടെ വിവരങ്ങളാകും ആദ്യം തെളിയുക.
തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി ഫെബ്രുവരിയിൽ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതുവരെ 3500 തൊഴിലാളികൾ രജിസ്റ്റർ ചെയ്തു. എന്നാൽ, ആവശ്യക്കാരാണ് ഏറെയുള്ളത്. 12,000 പേരാണ് വിവിധതരം തൊഴിലാളികൾക്കുവേണ്ടി കാത്തിരിക്കുന്നത്. രജിസ്റ്റർ ചെയ്യാനുള്ള വിലാസം: http://www.keralaskillregistry.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..