Photo:Gettyimages
ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മാ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഉപേക്ഷിക്കുന്നു. ശനിയാഴ്ച പുറത്തുവിട്ട അറിയിപ്പ് പ്രകാരം ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഇനി പത്തംഗ സംഘത്തിനായിരിക്കും. അപ്രതീക്ഷിത തിരിച്ചടിയാണ് ലോകത്തെതന്നെ അറ്റവും വലിയ ഫിന്‍ടെക് പ്ലാറ്റ്ഫോമായ ആന്റ് ഗ്രൂപ്പിന്റെ തലപ്പത്തുനിന്നൊഴിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം റെഗുലേറ്റര്‍മാരെ വിമര്‍ശിച്ചുകൊണ്ട് ജാക് മാ നടത്തിയ പ്രസംഗത്തിനുശേഷമാണ് പൊതുവേദികളില്‍നിന്ന് അദ്ദേഹം അപ്രത്യക്ഷമായത്. ചൈനീസ് റെഗുലേറ്റര്‍മാര്‍ സമയം നഷ്ടപ്പെടുത്തുന്നുവെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നുവെന്നുമായിരുന്നു വിമര്‍ശനം. വിമര്‍ശനത്തിന് പിന്നാലെ ആലിബാബയ്ക്കെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ആന്റ് ഗ്രൂപ്പിന്റെ ഷാങ് ഹായിലും ഹോങ്കോങിലും 3,700 കോടി ഡോളറിന്റെ ഐപിഒ ചൈനീസ് സര്‍ക്കാര്‍ തടയുകയും ചെയ്തു. മാ-യോട് രാജ്യംവിടാനും ആവശ്യപ്പെട്ടു. പിന്നീട് മാസങ്ങളോളം അദ്ദേഹത്തെ ആരും കണ്ടില്ല. ലോകമാകെ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍, നിരീക്ഷണത്തിലാണെന്നുമാത്രമാണ് ചൈനിസ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
മായുടെ സ്വന്തം ടാലന്റ് ഷോയായ 'ആഫ്രിക്കാസ് ബിസിനസ് ഹീറോസ്' ന്റെ അവസാന എപ്പിസോഡില്‍ ജഡ്ജായി അദ്ദേഹം എത്തിയില്ല. പകരം ആലിബാബയുടെ മറ്റൊരു പ്രതിനിധിയാണ് പങ്കെടുത്തത്. ആലിബാബയുടെ വെബ്സൈറ്റില്‍നിന്ന് മായുടെ ചിത്രം നീക്കുകയുംചെയ്തു.
സര്‍ക്കാരിന് വഴങ്ങി
റെഗുലേറ്റര്‍മാരെ പ്രതീപ്പെടുത്തുന്ന രീതിയിലായിരുന്നു ആന്റ് ഗ്രൂപ്പിന്റെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. മൂലധന അടിത്തറ ശക്തമാക്കുകയായിരുന്നു ആദ്യം ചെയ്തത്. അലിപേ പെയ്മെന്റ് സംവിധാനത്തിന് പുറമെ, വെല്‍ത്ത് മാനേജുമെന്റ്, ഉപഭോക്തൃ വായ്പ മേഖലകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
നിലവിലെ സാഹചര്യത്തില്‍ പ്രാരംഭ പബ്ലിക് ഓഫറുമായി വിപണിയിലെത്താന്‍ ആന്റ് ഗ്രൂപ്പിന് ഉടനെ കഴിയില്ല. ഷാങ്ഹായില്‍ ലിസ്റ്റ് ചെയ്താല്‍ ആഭ്യന്തര വിപണിയില്‍ ഐപിഒയുമായെത്താന് കൂടുതല്‍കാലം കാത്തിരിക്കേണ്ടിവരും. ഏതായാലും ഭരണകൂടത്തിന് മുകളിലേയ്ക്ക് വളരാന്‍ ചൈനിസ് സര്‍ക്കാര്‍ ജാക് മായെ അനുവദിച്ചില്ല. പുതു ആശയവുമായെത്തിയ അദ്ദേഹത്തിനെതിരെയുള്ള സര്‍ക്കാര്‍ നീക്കം ആഗോള നിക്ഷേപകരില്‍ ഞെട്ടലുണ്ടാക്കി. സ്വകാര്യമേഖലയില്‍ പുതിയ മാതൃക അവതരിപ്പിച്ചെത്തിയ ടെക് ഭീമന് ഇതോടെ രാജ്യത്ത് അപ്രസക്തനായി.
മായ്ക്ക് ആന്റ് ഗ്രൂപ്പില്‍ നേരത്തെ 50ശതമാനം വോട്ടിങ് അവകാശം ഉണ്ടായിരുന്നു. നിലവില്‍ ഇത് 6.2ശതമാനമായി കുറയുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Ant Group founder Jack Ma to give up control in key restructuring
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..