Photo:AFP
മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസ് ഏറ്റെടുത്ത റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന്റെ നീക്കത്തിന് തിരിച്ചടി. ഇടപാട് ചോദ്യം ചെയ്ത് ആഗോള ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഡോട്ട് കോം സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിനെ (സിയാക്) സമീപിച്ചു.
ആമസോണുമായി ഫ്യൂച്ചർ ഗ്രൂപ്പിന്റെ കരാറിന് വിരുദ്ധമാണ് ഇടപാടെന്നും ഇതു തടയണമെന്നുമാണ് ആവശ്യം. വിവിധ രാജ്യങ്ങൾക്കിടയിലുള്ള കമ്പനികൾ തമ്മിലുള്ള തർക്കങ്ങൾ പരമ്പരാഗത കോടതി വ്യവഹാരങ്ങളിൽപ്പെടാതെ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്ന ലാഭേതര സ്ഥാപനമാണ് സിയാക്.
കഴിഞ്ഞവർഷം 1,500 കോടി രൂപ ചെലവിട്ടാണ് ഫ്യൂച്ചർ ഗ്രൂപ്പിനു കീഴിലെ ഫ്യൂച്ചർ കൂപ്പണിൽ ആമസോൺ 49 ശതമാനം ഓഹരികളെടുത്തത്. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അഞ്ചു ശതമാനം ഓഹരികളും ആമസോണിന് ലഭിച്ചു. കരാർ പ്രകാരം ആമസോൺ നിഷേധിച്ചാൽ മാത്രമേ ഫ്യൂച്ചർ റീട്ടെയിലിന്റെ ഓഹരികൾ എതിരാളികൾക്ക് വിൽക്കാനാകൂ എന്നാണ് ആമസോണിന്റെ വാദം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഫ്യൂച്ചർ കൂപ്പണിന് ആമസോൺ ലീഗൽ നോട്ടീസും അയച്ചിട്ടുണ്ട്. ഫ്യൂച്ചർ ഗ്രൂപ്പിനു കീഴിലുള്ള അഞ്ചു കമ്പനികൾ ലയിപ്പിച്ച ശേഷമാണ് റിലയൻസ് റീട്ടെയിൽ 24,713 കോടി രൂപയ്ക്ക് ബിഗ് ബസാർ, ബ്രാൻഡ് ഫാക്ടറി തുടങ്ങിയവയടക്കം റീട്ടെയിൽ സംരംഭങ്ങൾ ഏറ്റെടുത്തത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്ന ഫ്യൂച്ചർ ഗ്രൂപ്പ് ഉടമ കിഷോർ ബിയാനിക്ക് എത്രയും വേഗം ഇടപാടു പൂർത്തിയാക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രശ്നം മധ്യസ്ഥതയിലൂടെ അല്ലെങ്കിൽ തർക്കപരിഹാരത്തിലൂടെ എത്രയും വേഗം പരിഹരിക്കാൻ ഫ്യൂച്ചർ ഗ്രൂപ്പ് ശ്രമിക്കുന്നതായാണ് വിവരം. നിയമപ്രകാരം അനുമതികൾ ലഭിക്കേണ്ടതിനാൽ റിലയൻസുമായുള്ള ഇടപാട് പൂർത്തിയാക്കാനായിട്ടില്ല.
അതേസമയം, റീട്ടെയിൽ സംരംഭം ഏറ്റെടുക്കാൻ ആമസോണിനെയും ഫ്യൂച്ചർ ഗ്രൂപ്പ് സമീപിച്ചിരുന്നുവെന്നും ആമസോൺ ആദ്യം അത് നിരസിച്ചെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്. മാത്രമല്ല, കരാർ പ്രകാരം മൂന്നു വർഷത്തിനു ശേഷമേ ആമസോണിന് ഫ്യൂച്ചർ റീട്ടെയിലിൽ നിക്ഷേപത്തിന് ആദ്യ അവസരം എന്ന നിബന്ധന ബാധകമാകൂ. ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം അനുസരിച്ച് ആമസോണിന് ഫ്യൂച്ചർ റീട്ടെയിലിനെ പൂർണമായി ഏറ്റെടുക്കാനാകില്ലെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..