Air India
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജനുവരി 27ഓടെ ടാറ്റ ഗ്രൂപ്പിന് കൈമാറും.
നടപടി പൂര്‍ത്തിയാക്കുന്നതിനായി ജനുവരി 20ലെ ക്ലോസിങ് ബാലന്‍സ്ഷീറ്റ് കഴിഞ്ഞ ദിവസം ടാറ്റയ്ക്ക് കൈമാറിയിരുന്നു. അതുപരിശോധിച്ചശേഷമായിരിക്കും അന്തിമ നടപടികളിലേയ്ക്കുനീങ്ങുക. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എയര്‍ലൈനിന്റെ ഫിനാന്‍സ് ഡയറക്ടര്‍ വിനോദ് ഹെജ്മാദി ജീവനക്കാര്‍ക്ക് ഇ-മെയില്‍ അയച്ചു.
കനത്ത കടബാധ്യതയെതുടര്‍ന്ന് എയര്‍ ഇന്ത്യയെ വിറ്റൊഴിയാന്‍ സര്‍ക്കാര്‍ പലതവണ നടത്തിയ ശ്രമത്തിനൊടുവിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാന്‍ തയ്യാറായത്.
എയര്‍ ഇന്ത്യ എക്പ്രസിനൊപ്പം എയര്‍ ഇന്ത്യയുടെ 100ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സിന്റെ 50ശതമാനം ഓഹരികളുമാകും ടാറ്റയ്ക്ക് ലഭിക്കുക.
ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ടാറ്റയുടെ സ്വന്തമാകും. ടാറ്റയുടെയും സിങ്കപുര്‍ എയര്‍ലൈന്‍സിന്റെയും സംയുക്തസംരഭമാണ് വിസ്താര. എയര്‍ ഇന്ത്യ ഇടപാടുമായി സിങ്കപുര്‍ എയര്‍ലൈന്‍സിന് ബന്ധമില്ലാത്തതിനാല്‍ തല്‍ക്കാലം വിസ്താര പ്രത്യേക കമ്പനിയായി തുടരും.
പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന, സേവന നിലവാരം മെച്ചപ്പെടുത്താന്‍ 100 ദിവസത്തെ പദ്ധതിയും ടാറ്റ ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്.
Content Highlights : Air India will be handed over to the Tata Group by January 27 after completing all the formalities
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..