ഗൗതം അദാനി
തുറമുഖങ്ങളില്‍നിന്ന് വിമാനത്താവളങ്ങളിലേയ്ക്ക് സാമ്രാജ്യം വികസിപ്പിച്ച ശതകോടീശ്വരന്‍ ഗൗതം അദാനി മാധ്യമ മേഖലയിലും സാന്നിധ്യം ഉറപ്പിച്ചു. എന്‍ഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും 27.26ശതമാനം ഓഹരികള്‍ അദാനിക്ക് വിറ്റു.
എക്‌സ്‌ചേഞ്ചിന് വെള്ളിയാഴ്ച നല്‍കിയ വിവരപ്രകാരം ഓഹരിയൊന്നിന് 342.65 രൂപ നിലവാരത്തിലായിരുന്നു ഇടപാട്. ഡിസംബര്‍ അഞ്ചിന് അവസാനിച്ച ഓപ്പണ്‍ ഓഫറില്‍ വാഗ്ദാനം ചെയ്ത വിലയുടെ 17ശതമാനം ഉയര്‍ന്ന നിലവാരത്തിലാണ് ഇരുവരും അദാനിക്ക് ഓഹരികള്‍ കൈമാറിയത്. ഇതോടെ എന്‍ഡിടിവിയുടെ 64.7ശതമാനം ഓഹരികളും ഗൗതം അദാനിയുടെ കൈവശമായി. പ്രണോയ്-രാധിക ദമ്പതികളുടെ കൈവശം ഇനി അവശേഷിക്കുക അഞ്ചു ശതമാനം ഓഹരി മാത്രം.
ഏറ്റെടുക്കല്‍ ചട്ടപ്രകാരം എല്ലാ ഓഹരി ഉടമകള്‍ക്കും ഒരേ വില നല്‍കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും അത് മറികടക്കാനും ബുദ്ധമുട്ടുണ്ടാകില്ല. എങ്കിലും പരോക്ഷമായ നീക്കത്തിലൂടെയുള്ള അദാനിയുടെ പിടിച്ചടക്കല്‍ സെബിയുടെ സൂക്ഷമപരിശോധനയ്ക്ക് വിധേയമായേക്കാം. ഏറ്റെടുക്കല്‍ നിയമങ്ങളിലെ പരിഷ്‌കരണത്തിന് സെബിയെ എന്‍ഡിടിവി ഇടപാട് പ്രേരിപ്പിച്ചേക്കാം.
ഓപ്പണ്‍ ഓഫര്‍ വില: 294 രൂപ
റോയ് ദമ്പതികള്‍ക്ക് നല്‍കിയ വില: 342.65 രൂപ
വിപണി വില: 345.80
കുറഞ്ഞ വിലയ്ക്ക് ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ച് കൂടിയ വിലയ്ക്ക് പ്രധാന പ്രമോട്ടര്‍മാരില്‍നിന്ന് ഓഹരികള്‍ സമാഹരിച്ചുവെന്നതാണ് ഇവിടെ ശ്രദ്ധേയം. ഓപ്പണ്‍ ഓഫര്‍ അവസാനിച്ച് 26 ആഴ്ചയ്ക്കുള്ളില്‍ ഓഹരികള്‍ കൈമാറുകയാണെങ്കില്‍ ഓഹരികള്‍ക്ക് ഒരേ വില നല്‍കണമെന്ന് ഏറ്റെടുക്കല്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
തിരിച്ചടിയായത് കടംവാങ്ങിയത്
രാധിക റോയിയും പ്രണോയ് റോയിയും ചേര്‍ന്ന് രൂപവത്കരിച്ച നിക്ഷേപക കമ്പനിയായ ആര്‍.ആര്‍.പി.ആര്‍. 2009-ല്‍ വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിയില്‍ നിന്ന് 403.85 കോടി രൂപ വായ്പയെടുത്തു. ആര്‍.ആര്‍.പി.ആറിലെ 99.5 ശതമാനം ഓഹരിയായിരുന്നു ഈടായി നല്‍കിയത്. ആര്‍.ആര്‍.പി.ആറിന് എന്‍.ഡി.ടി.വിയില്‍ 29.18 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്.
മുകേഷ് അംബാനിയുടെ റിലയന്‍സുമായി ബന്ധമുണ്ടായിരുന്ന സംരംഭമായിരുന്നു വിശ്വപ്രധാന്‍ കൊമേഴ്സ്. ഇതിനെ പിന്നീട് ഗൗതം അദാനി ഏറ്റെടുത്തു. ഇതിനിടെ, കടം തിരിച്ചടയ്ക്കാനുള്ള സമയപരിധിയും കഴിഞ്ഞു. ഇതോടെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആര്‍.ആര്‍.പി.ആറിന്റെ നിയന്ത്രണം അവര്‍ സ്വന്തമാക്കുകയും അതുവഴി എന്‍.ഡി.ടി.വി.യുടെ 29.18 ശതമാനം ഓഹരികള്‍ കൈകളിലെത്തുകയും ചെയ്തത്. അതിന് പിന്നാലെ, ഓപ്പണ്‍ ഓഫര്‍ വഴി 8.32 ശതമാനം ഓഹരി കൂടി സ്വന്തമായതോടെ അവരുടെ പങ്കാളിത്തം ഏതാണ്ട് 37.50 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇതിന് പിന്നാലെ റോയ് ദമ്പതികളുടെ ഓഹരി കൂടി സ്വന്തമാക്കിയതിലൂടെ എന്‍ഡിടിവിയുടെ നിയന്ത്രണം അദാനിയുടെ കൈകളിലായി.
Content Highlights: Adani group acquires NDTV founders Roys' 27.26% equity stake
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..