സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് കണ്ണടകൾ, ഫിറ്റ്‌നസ് ബാൻഡുകൾ തുടങ്ങി ദേഹത്ത് ധരിക്കാനാവുന്ന ടെക് ഉത്പന്നങ്ങളെ ‘സ്മാർട്ട് വെയറബിൾസ്’ എന്നാണ് പറയുക. ഇതിന്റെ വിപണി ആഗോള വ്യാപകമായി വളരുകയാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. 

2020 ആകുമ്പോഴേക്കും സ്മാർട്ട് വെയറബിളുകളുെട ആഗോള വിപണി ഏതാണ്ട് രണ്ടുലക്ഷം കോടി രൂപയുടേതായി മാറുമെന്നാണ് വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. 20 ശതമാനം ശരാശരി വാർഷിക വളർച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്.

2017-ൽ 1,000 കോടി രൂപയുടേതായിരുന്നു ഇന്ത്യയിലെ വെയറബിളുകളുടെ വിപണിയെന്ന് ഇൻറർനാഷണൽ ഡേറ്റ കോർപ്പറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഷവോമി, ഹുവാവേ, ഫിറ്റ്ബിറ്റ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായും രാജ്യത്ത് സ്മാർട്ട് വെയറബിൾ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്.

സ്മാർട്ട് വാച്ചുകൾ, സ്പോർട്‌സ്, ഫാഷൻ വെയറബിൾ, ഹിയറബിൾ, ഓഗ്മെന്റഡ് റിയാലിറ്റി വെയറബിൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് സ്മാർട്ട് വെയറബിളുകളുടെ വിപണി.

സ്മാർട്ട് വാച്ചുകൾക്ക് ആരാധകരേറെ
സ്മാർട്ട് ഫോണുകളുമായി ബന്ധിപ്പിക്കാനാകുന്ന സ്മാർട്ട് വാച്ചിന് ആരാധകരേറെയാണ്. ആപ്പിൾ, ഫിറ്റ്ബിറ്റ്, സാംസങ്, എൽ.ജി. തുടങ്ങിയ ബ്രാൻഡുകളെല്ലാം ഇത്തരം സ്മാർട്ട് വാച്ചുകൾ പുറത്തിറക്കുന്നുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ‘ഒലെഡ് ഡിസ്‌പ്ലേ’ വാച്ചുകളാണ് ഇപ്പോൾ ആഗോള വിപണിയിലെ താരങ്ങൾ. ഫോൺ വിളിക്കുന്നതിനും സന്ദേശങ്ങൾ അയയ്ക്കുന്നതിനും ജി.പി.എസ്. ഉപയോഗിച്ച് വഴി കണ്ടുപിടിക്കുന്നതിനുമെല്ലാം ഇത്തരം വാച്ചുകൾ ഉപയോഗിക്കാം. 

ഫിറ്റ്‌നസ് ട്രാക്കറുകൾ കൂടെയുള്ള വാച്ചുകൾക്കും  ആരാധകരുണ്ട്. വാച്ചിലെ ഹെൽത്ത് മോണിറ്ററുകളിലൂടെ വാച്ച് ധരിച്ചയാളുടെ ഹൃദയമിടിപ്പ്, നടത്തം, പൾസ്, കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി തുടങ്ങിയവ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാനാകും. ഈ മാസം 11-ന്‌ ആപ്പിളിന്റെ പുതുതലമുറ സീരീസ് 3 സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തും. എൽ.ടി.ഇ. കണക്ടിവിറ്റിയുള്ള വാച്ചിൽ മെസേജ്, മ്യൂസിക് സ്ട്രീമിങ്, ഇന്റർനെറ്റ് കണക്ഷൻ എന്നിവ ഫോണിന്റെ സഹായമില്ലാതെ തന്നെ ലഭ്യമാകും.

rinkufrancis@ymail.com