കൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപനമനുസരിച്ച് കാര്യങ്ങള്‍ നടന്നാല്‍ കേരള ബ്രാന്‍ഡിലൊരു ലാപ്‌ടോപ്പ് ആറു മാസത്തിനകം ഇറങ്ങും. ലാപ്‌ടോപ്പും സെര്‍വറും കേരളത്തില്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ തടസ്സങ്ങളെല്ലാം നീങ്ങി. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

ഇലക്ട്രോണിക്‌സ് ഹാര്‍ഡ്!വേര്‍ നിര്‍മാണ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതി സര്‍ക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപവത്കരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം കമ്പനി രൂപവത്കരണത്തിന് അനുമതി നല്‍കി.

ചുമതല കെല്‍ട്രോണിന്
കമ്പനി രൂപവത്കരണത്തിന് കെല്‍ട്രോണിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. താമസിയാതെ കെല്‍ട്രോണ്‍ നിര്‍മാണ പങ്കാളികളുടെ യോഗം വിളിക്കും. അനുബന്ധമായി പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി.) രൂപവത്കരണവും പൂര്‍ത്തിയാകും. ഇന്റല്‍, യു.എസ്.ടി. ഗ്ലോബല്‍ എന്നിങ്ങനെയുള്ള കമ്പനികളുടെ പിന്തുണ പദ്ധതിയില്‍ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.

ലാപ്‌ടോപ്പിന്റെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് കൂട്ടിയോജിപ്പിക്കലാണ് തുടക്കത്തില്‍ ഉദ്ദേശിക്കുന്നത്. ലാപ്‌ടോപ്പിന്റെ ഘടകങ്ങളടങ്ങിയ കിറ്റ് (എസ്.കെ.ഡി. കിറ്റ്) വാങ്ങും. ഇതിനായി താമസിയാതെ ടെന്‍ഡര്‍ വിളിക്കും. ഇന്റലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അംഗീകൃത ഡിസൈന്‍ മാനുഫാക്ചറേഴ്‌സിന്റെ (ഒ.ഡി.എം.) സഹായവും പദ്ധതിയില്‍ ഉറപ്പുവരുത്തും. ഇതിന്റെ നടപടിക്രമങ്ങള്‍ക്കും ഉടന്‍ തുടക്കമാകും.

സ്വന്തം നിലയില്‍ രണ്ടു വര്‍ഷത്തിനകം ലാപ്‌ടോപ്പ്
ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ചുള്ള ലാപ്‌ടോപ്പ് ആറു മാസത്തിനകം സജ്ജമാക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന്റെ വിപണി നാമം, വിപണനം തുടങ്ങിയ കാര്യങ്ങളില്‍ കമ്പനി രൂപവത്കരണത്തിനൊപ്പം ധാരണയാകും.

സ്വന്തം നിലയില്‍ ലാപ്‌ടോപ്പ് നിര്‍മാണത്തിന് രണ്ടു വര്‍ഷത്തിനകം ഈ കമ്പനിയെ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. ലാപ്‌ടോപ്പിനു ശേഷമായിരിക്കും സെര്‍വര്‍ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവില്‍ ലാപ്‌ടോപ്പും സെര്‍വറുമൊന്നും ഇന്ത്യയില്‍ നിര്‍മിക്കുന്നില്ല. ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. 

കെല്‍ട്രോണിന് 26 ശതമാനം ഓഹരി പങ്കാളിത്തം
കുറഞ്ഞ ചെലവിലുള്ള നിര്‍മാണത്തിന് കേരളത്തില്‍ സാഹചര്യമുണ്ടെന്നാണ് വിലയിരുത്തല്‍. മണ്‍വിളയിലുള്ള കെല്‍ട്രോണിന്റെ ഭൂമിയും കെട്ടിടവും പദ്ധതിക്കായി ഉപയോഗപ്പെടുത്തും. സര്‍ക്കാരിനു തന്നെ ഒരു വര്‍ഷം ഒരു ലക്ഷം ലാപ്‌ടോപ്പ് ആവശ്യമുണ്ടെന്നാണ് കണക്ക്. കുറഞ്ഞ ചെലവില്‍ നിര്‍മാണ സാഹചര്യങ്ങള്‍ വികസിപ്പിക്കാനായാല്‍ ഇലക്ട്രോണിക്‌സ് നിര്‍മാണ രംഗത്ത് കേരളത്തിന് നേട്ടമാകും.

പദ്ധതിയില്‍ 26 ശതമാനം ഓഹരി പങ്കാളിത്തമാണ് കെല്‍ട്രോണിന് ഉദ്ദേശിക്കുന്നത്. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും സ്വകാര്യ കമ്പനികള്‍ക്കും ഓഹരി പങ്കാളിത്തമുണ്ടാകും. തുടക്കത്തില്‍ 30 കോടി രൂപയാണ് മുതല്‍മുടക്ക് കണക്കാക്കിയിട്ടുള്ളത്.