Photo:Gettyimages
മാസത്തിലൊരിക്കല്‍ സൂസന്‍ ജോര്‍ജ് ബെംഗളുരുവിലെ താമസസ്ഥലത്തിനടുത്തുള്ള മാള്‍ സന്ദര്‍ശിക്കാറുണ്ട്. എല്ലാംഒരുകുടക്കീഴില്‍ ലഭിക്കുമ്പോള്‍ പലയിടത്തായി കയറിയിറങ്ങേണ്ടല്ലോയെന്ന മെച്ചമാണ് അതിനുപിന്നില്‍.
റെഡിമെയ്ഡ് വസ്ത്രങ്ങളുടെ മികച്ചശേഖരംതന്നെ അവിടെയുണ്ട്. പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍, ഗ്രോസറി എന്നിവയും അവിടെകിട്ടും. ഈസാധ്യതയാണ് നിക്ഷേപത്തിന്റെകാര്യത്തില്‍ മ്യൂച്വല്‍ ഫണ്ടിന് പ്രാധാന്യം നല്‍കാന്‍ സൂസനെ പ്രേരിപ്പിച്ചത്.
വ്യത്യസ്ത വിഭാഗങ്ങളിലായി 2,500ലേറെ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ നിക്ഷേപലോകത്തുണ്ട്. അഭിരുചിയും സാമ്പത്തിക ലക്ഷ്യങ്ങളും വിലിയിരുത്തി യോജിച്ചത് തിരഞ്ഞെടുക്കാനുള്ള സാധ്യതയാണ് ഫണ്ടുകള്‍ മുന്നോട്ടുവെയ്ക്കുന്നത്.
മിക്കവാറും പദ്ധതികള്‍ അവയോടൊപ്പം സഞ്ചരിക്കാനാണ് നിക്ഷേപകനെ പ്രേരിപ്പിക്കുക. ഒരിക്കല്‍ ചേര്‍ന്നാല്‍ മുന്നോട്ടുപോകുകയെ നിവൃത്തിയുള്ളൂ. എന്നാല്‍ ഫണ്ടുകള്‍ നിക്ഷേപകനോടൊപ്പമാണ് സഞ്ചരിക്കുക. ഏതുതരത്തിലും കസ്റ്റമൈസ് ചെയ്യാനുള്ള സാധ്യത ഫണ്ടുകള്‍ മുന്നോട്ടുവെയ്ക്കുന്നു. എപ്പോള്‍ വേണമെങ്കിലും നിര്‍ത്താനും തുടരാനും പ്രകടനംവിലിയിരുത്തി പദ്ധതി മാറ്റുന്നതിനും അവസരമുണ്ട്.
സാധ്യതകള്‍ പൂര്‍ണമായി മനസിലാക്കാത്തതിനാല്‍ മ്യൂച്വല്‍ ഫണ്ടിന് വിമര്‍ശകര്‍ ഏറെയാണ്. വിപണിയുമായി ബന്ധപ്പെട്ടവയായതിനാല്‍ അല്പസ്വല്‍പം ആസുത്രണവും നിരീക്ഷണശേഷിയുമുണ്ടെങ്കില്‍ മികച്ചനേട്ടമുണ്ടാക്കാന്‍ മറ്റൊരുമാര്‍ഗംവേറെയില്ല.
അറിയാംകൂടുതല്‍
1. നിക്ഷേപകരില്‍നിന്ന് പണംസമാഹരിച്ച് അവര്‍ക്കുവേണ്ടി നിക്ഷേപം നടത്തുന്നവയാണ് മ്യൂച്വല്‍ ഫണ്ടുകള്‍.
2. സമാഹരിക്കുന്ന പണം മികച്ചരീതിയില്‍ കൈകാര്യം ചെയ്യുന്നത് വിദഗ്ധരായ ഫണ്ട് മാനേജര്‍മാരാണ്.
3. ചെറിയതുക(ചുരുങ്ങിയത് 100 രൂപ)യെ ഉള്ളൂവെങ്കിലും നിക്ഷേപിക്കാന്‍ അവസരം.
4. വിവിധ വിഭാഗങ്ങളിലെ ഓഹരികള്‍ തിരഞ്ഞെടുക്കുന്നതിനാല്‍ വൈവിധ്യവത്കരണത്തിനുള്ള സാധ്യത നിക്ഷേപകര്‍ക്ക് ലഭിക്കുന്നു.
5. ബാങ്ക് നിക്ഷേപത്തിന് ബദലായി ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിച്ച് കൂടുതല്‍ ആദായം നേടുന്നതിനുള്ള അവസരം.
മറ്റ് സാധ്യതകള്‍
1 നിക്ഷേപിക്കാനും പണംപിന്‍വലിക്കാനും എളുപ്പം.
2. മ്യൂച്വല്‍ ഫണ്ട് കമ്പനി(എഎംസി)കള്‍വഴി ഓണ്‍ലൈനായോ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാര്‍വഴിയോ നിക്ഷേപിക്കാനുള്ള അവസരം.
3. സെബിയുടെ നിയന്ത്രണത്തില്‍ സുതാര്യമായ പ്രവര്‍ത്തനം.
4. സര്‍ക്കാര്‍ ബോണ്ടുകളില്‍ ചെറിയതുകകൊണ്ടും നിക്ഷേപം നടത്താനുള്ള അവസരം.
5. വിദേശ ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കാതെ വൈവിധ്യവത്കരണത്തിനുള്ള സാധ്യത.
ഇക്വിറ്റി ഫണ്ടുകള്‍
നിക്ഷേപകന്‍ നല്‍കുന്ന പണം ഓഹരിയില്‍ നിക്ഷേപിച്ച് അതില്‍നിന്നുള്ള ആദായം മടക്കിനല്‍കുന്നവയാണ് ഓഹരി അധിഷ്ഠിത ഫണ്ടുകള്‍. ദീര്‍ഘകാല ലക്ഷ്യത്തിനുവേണ്ടി എസ്.ഐ.പിയായി മാത്രമെ ഓഹരി ഫണ്ടുകളില്‍ നിക്ഷേപം നടത്താന്‍ പാടുള്ളൂ. ഓഹരി വിപണി ഇടക്കിടെ ഇടിയുന്നതും തിരിച്ചുകയറുന്നതും മികച്ചനേട്ടം ലഭിക്കാന്‍ സഹായകമാകുന്നു.
ഡെറ്റ് ഫണ്ടുകള്‍
ഇക്വിറ്റി ഫണ്ടുകളെപ്പോലെ നഷ്ടസാധ്യതയുള്ളവയല്ല ഡെറ്റ് ഫണ്ടുകള്‍. ഹ്രസ്വകാല നിക്ഷേപത്തിന് അനുയോജ്യം. വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ആദായത്തില്‍ സ്ഥിരതയുണ്ടാകില്ല. എങ്കിലും ബാങ്ക് നിക്ഷേപത്തേക്കാള്‍ രണ്ടുശതമാനമോ അതില്‍കൂടുതലോ ആദായം പ്രതീക്ഷിക്കാം. കമ്പനി കടപ്പത്രങ്ങള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ തുടങ്ങിയവയിലാണ് ഡെറ്റ് ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്.
ഇക്വിറ്റി, ഡെറ്റ് വിഭാഗങ്ങളിലായി നിരവധി ഫണ്ട് കാറ്റഗറികളുണ്ട്. അവയുടെ സവിശേഷതകളും നിക്ഷേപ സാധ്യതകളും അറിയാന്‍ കാത്തിരിക്കുക.
antonycdavis@gmail.com
Content Highlights: Whatever the goal; Choose a suitable investment plan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..