ഫ്രാങ്ക്‌ളിന് ടെംപിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ടിന്റെ ലോ ഡ്യൂറേഷന്‍ ഫണ്ടില്‍ മൂന്നുവര്‍ഷംമുമ്പ് 10 ലക്ഷം രൂപ നിക്ഷേപം നടത്തിയിരുന്നു. നിലവില്‍ അതിന്റെ മൂല്യം 11,65,705 രൂപയാണ്. ഫണ്ടിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഡിസംബര്‍ 26ന് വോട്ടിങ് നടക്കുന്നുണ്ട്. അനുകൂലമായി 'യെസ്' എന്നോ പ്രതികൂലമായി 'നോ' എന്നോ വോട്ടുചെയ്യാന്‍ അവസരമുണ്ട്. ഏത് നിലപാട് സ്വീകരിക്കുന്നതാകും ഉചിതം?
സുരേഷ്‌കുമാര്‍, മുംബൈ (ഇ-മെയില്‍)
കോടതി ഉത്തരവിനെതുടര്‍ന്നാണ് നിക്ഷേപകരുടെ അനുമതിക്കായി ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ഇ-വോട്ടിങ് നടത്തുന്നത്. ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത് നിക്ഷേപകരുടെ അനുമതിയോടെയല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ അനുമതിതേടാനാണ് വോട്ടെടുപ്പ്.
'യെസ്' എന്നോ 'നോ' എന്നോ വോട്ടുചെയ്യാന്‍ നിക്ഷേപകന് അവസരമുണ്ട്. 'നോ' എന്ന് വോട്ട് ചെയ്താല്‍ ഫണ്ടുകള്‍ വീണ്ടും സജീവമാകും. പണം പിന്‍വലിക്കാനുള്ള അവസരമാണ് അതിലൂടെ നിക്ഷേപകന് ലഭിക്കുക. കൂട്ടത്തോടെ പണംപിന്‍വലിക്കുന്ന സാഹചര്യം അപ്പോഴുണ്ടാകും. വിപണിയില്‍ കിട്ടിയവിലയ്ക്ക് സെക്യൂരിറ്റികള്‍വിറ്റ് ഫണ്ട് കമ്പനിയ്ക്ക് പണംകണ്ടെത്തേണ്ടിവരും. അപ്പോള്‍ എന്‍എവി(നെറ്റ് അസെറ്റ് വാല്യൂ)യില്‍ കുത്തനെ ഇടിവുണ്ടാകാനും തിരിച്ചുലഭിക്കുന്ന തുകയില്‍ വന്‍കുറവുണ്ടാകാനും ഇടയാകും. യെസ്-എന്ന് വോട്ടുചെയ്താല്‍ സെക്യൂരിറ്റികള്‍ മികച്ച വിലയില്‍ വില്‍ക്കുന്നതിന് ഫണ്ട് കമ്പനിക്ക് സാവകാശം ലഭിക്കും.
ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട് ഇതിനകംതന്നെ ക്യാഷ് പോസിറ്റീവ് ആണ്. അവസാന റിപ്പോര്‍ട്ട് അനുസരിച്ച് ഫണ്ടില്‍ 49ശതമാനം നിക്ഷേപവും കമ്പനിക്ക് തിരിച്ചെടുക്കാനായിട്ടുണ്ട്. ഭൂരിഭാഗംപേരും 'യെസ്' എന്ന് വോട്ടുരേഖപ്പെടുത്തിയാല്‍ നിക്ഷേപത്തില്‍ പകുതിയോളംതുക ഉടന്‍ ബാങ്ക് അക്കൗണ്ടിലെത്തും.
പ്രതീക്ഷിച്ചതിലുംവേഗത്തില്‍ മികച്ച നിലവാരത്തില്‍ ഫണ്ടുകമ്പനിക്ക് നിക്ഷേപം തിരിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. അതിന് ആനുപാതികമായി എന്‍എവിയില്‍ വര്‍ധനവുമുണ്ടായിട്ടുണ്ട്. മൂന്നുവര്‍ഷം മുമ്പ് 10 ലക്ഷം രൂപ 19.83 രൂപ എന്‍എവി പ്രകാരമാണ് താങ്കള്‍ നിക്ഷേപിച്ചത്. ഇന്നതിന്റെ എന്‍എവി 23.12 രൂപയാണ്. നിക്ഷേപിച്ച പത്തുലക്ഷം രൂപ 11,65,705 രൂപയുമായി ഉയര്‍ന്നു. വാര്‍ഷികാദായം 5.3 ശതമാനവുമാണ്. ഇതിനുപുറമെ സെഗ്രിഗേറ്റഡ് പോര്‍ട്ട്‌ഫോളിയോയില്‍നിന്നും ഇതിനകം 50,000 രൂപയോളം ലഭിച്ചിട്ടുണ്ടാകും. അതുകൂടി ചേരുമ്പോള്‍ ഏഴുശതമാനത്തോളം ആദായം ഫണ്ടില്‍നിന്ന് ഇതിനകം ലഭിച്ചുകഴിഞ്ഞു.
കമ്പനി പുറത്തുവിട്ട മെച്യൂരിറ്റി പ്രൊഫൈലിലെ തിയതിയേക്കാള്‍ വേഗത്തില്‍ നിക്ഷേപം തിരിച്ചെടുക്കാന്‍ കഴിയുന്നതിനാലാണ് ഫണ്ടില്‍ 49ശതമാനത്തോളം ക്യാഷ് പോസിറ്റീവായത്. അതുകൊണ്ടുതന്നെ ബാക്കിയുള്ളതുകയും താരതമ്യേന മികച്ച ആദായത്തോടെ തിരിച്ചുലഭിക്കാന്‍ അല്പം കാത്തിരിക്കുന്നതാകും നല്ലത്. അതിനുവേണ്ടി കമ്പനിക്ക് അനുകൂലമായി 'യെസ്' എന്ന് വോട്ടുചെയ്യുന്നതാകും ഉചിതം.