ഫ്രങ്ക്ളിന് ടെംപിള്‍ടണിന്റെ ആറ് പ്രധാന ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നു. നിക്ഷേപിച്ചവരുടെയൊക്കെ പണംപോയെന്നല്ല ഇതിനര്‍ഥം. ചുരുക്കത്തില്‍ പറഞ്ഞാല്‍, നിക്ഷേപിക്കാനോ നിക്ഷേപം പിന്‍വലിക്കാനോ തല്‍ക്കാലം കഴിയില്ല. എസ്‌ഐപി, എസ്ടിപി, എസ്ഡബ്ല്യുപി പദ്ധതികളും മരവിപ്പിച്ചു.
ഫണ്ടുകള്‍ ഏതൊക്കെ?
ഫ്രങ്ക്ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഡൈനാമിക് ആക്യുറല്‍ ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ക്രഡിറ്റ് റിസ്‌ക് ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഷോര്‍ട്ട് ടേം ഇന്‍കം പ്ലാന്‍, ഫ്രങ്ക്ളിന്‍ ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ബോണ്ട ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. നിലവില്‍ ഈ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 26,000 കോടി രൂപയാണ്.
ഇതുകൊണ്ട് ഫ്രങ്ക്‌ളിന് ഉദ്ദേശിക്കുന്നത് എന്താണ്?
കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യത്തെ കടപ്പത്ര വിപണിയില്‍ പണലഭ്യത കുറഞ്ഞതോടൊപ്പം നിക്ഷേപകര്‍ വ്യാപകമായി പണം പിന്‍വലിക്കാനും തുടങ്ങി. ഇത് ഫണ്ടുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.
ഫണ്ടുകള്‍ നിക്ഷേപിച്ച കടപ്പത്രങ്ങള്‍ വിപണിയില്‍ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. താഴ്ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളെയാണ് ഇത് കാര്യമായി ബാധിച്ചത്. നിക്ഷേപകര്‍ കൂട്ടത്തോടെ ഫണ്ടുകളില്‍നിന്ന് പണംപിന്‍വലിക്കാനെത്തിയതോടെ ഫണ്ട് കമ്പനിക്ക് വിപണിയില്‍ കടപ്പത്രങ്ങള്‍ വില്‍ക്കാന്‍ കഴിയാതായി. സമ്മര്‍ദം ഏറുമ്പോള്‍ കിട്ടിയ വിലയ്ക്ക് ആസ്തികള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം കൈമാറാന്‍ ശ്രമം നടത്തേണ്ടിവരും. ഇത് കനത്തനഷ്ടത്തിനിടയാക്കും. അതൊഴിവാക്കാനാണ് ഈശ്രമം.
നിക്ഷേപം പിന്‍വലിക്കാന്‍ കഴിയില്ലെന്നാണോ?
അതേ. ഈ ഫണ്ടുകളിലെ നിക്ഷേപം തല്‍ക്കാലം പിന്‍വലിക്കാനാവില്ല. ഫണ്ടിലുള്ള ആസ്തി വിറ്റശേഷം പണം നിങ്ങള്‍ക്ക് തിരിച്ചുതരും. കനത്ത സമ്മര്‍ദത്തില്‍ വിലകുറച്ച് വില്‍ക്കാനുള്ള സമ്മര്‍ദമുണ്ടാകാതിരിക്കാനാണ് ഈ നീക്കം. വിപണിയില്‍ പണലഭ്യത വര്‍ധിക്കുമ്പോള്‍ മണിമാര്‍ക്കറ്റ് ഉപകരണങ്ങള്‍ സമ്മര്‍ദമില്ലാതെ മികച്ച വിലയ്ക്ക് വില്‍ക്കാനാകും. അത് നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം വര്‍ധിപ്പിക്കും.
എത്രകാലം കാത്തിരിക്കണം?
അത് പറയാന്‍ ബുദ്ധിമുട്ടാണ്. വിവിധ കടപ്പത്രങ്ങളുടെ കാലാവധിയ്ക്കനുസരിച്ച് പണം തിരികെയെടുക്കാനാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഡെറ്റ് വിപണിയില്‍ പണലഭ്യത വര്‍ധിക്കുമ്പോള്‍മാത്രമെ ഫണ്ട് ഹൗസിന് എളുപ്പത്തില്‍ ആസ്തികള്‍വിറ്റ് പണം തിരികെയെടുക്കാനാകൂ.
ഫണ്ടുകളുടെ എന്‍എവിയില്‍ വ്യത്യാസംവരുമോ?
ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയാലും എല്ലാദിവസവും എന്‍എവി(നെറ്റ് അസെറ്റ് വാല്യു)പുതുക്കിക്കൊണ്ടിരിക്കും. ഫണ്ടിന്റെ മൂല്യത്തില്‍ ഭാവിയിലുണ്ടാകുന്ന വ്യതിയാനം നിക്ഷേപകന് മനസിലാക്കാനാകും. ഈകാലയളവില്‍ ഫണ്ട് മാനേജുമെന്റ് ഇനത്തില്‍ ചാര്‍ജ് ഈടാക്കുകയില്ല.
ഫ്രങ്ക്‌ളിന് ടെംപിള്‍ടണിന്റെ മറ്റ് ഫണ്ടുകളെ ബാധിക്കുമോ?
ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ പ്രകടനം ഓഹരി വിപണിയെ ആശ്രയിച്ചാണിരിക്കുന്നത്. അതിന് ഈ പ്രതിസന്ധിയുമായി ബന്ധമില്ല. ഡെറ്റ് വിപണിയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പണലഭ്യതക്കുറവാണ് ഈ പദ്ധതികളെ ബാധിച്ചത്.പോര്‍ട്ട്‌ഫോളിയോ വിലയിരുത്തിയശേഷമെ ഭാവിയില്‍ നിക്ഷേപം നടത്താവൂ. മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകള്‍ക്ക് റിസ്‌ക് കുറവായിരിക്കും.
സെഗ്രിഗേറ്റഡ് യൂണിറ്റുകള്‍?
ഐഡിയ വൊഡാഫോണ്‍ പ്രതിസന്ധിയിലായതോടെയാണ് ആ കമ്പനിയില്‍ നിക്ഷേപിച്ച തുക സെഗ്രിഗേറ്റഡ് പോര്‍ട്ട്‌ഫോളിയോയിലേയ്ക്ക് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ മാറ്റിയത്. ഐഡിയ വൊഡാഫോണ്‍ കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നമുറയ്ക്ക് പണംലഭിക്കുമ്പോള്‍ സെഗ്രിഗേറ്റഡ് യൂണിറ്റുകളുടെ മൂല്യംവര്‍ധിക്കും. നിക്ഷേപകര്‍ക്ക് അത് ഗുണകരമാകും.
ഡെറ്റ് ഫണ്ടില്‍ ഇനി നിക്ഷേപിക്കാമോ?
ഓവര്‍നൈറ്റ് ഫണ്ട്, ലിക്വിഡ് ഫണ്ട്, ബാങ്കിങ് ആന്‍ഡ് പിഎസ് യു ഫണ്ട്, കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ട് തുടങ്ങിയവയില്‍ നിക്ഷേപിക്കാനാണ് മ്യൂച്വല്‍ ഫണ്ട് അഡൈ്വസര്‍മാരില്‍ പലരും നിര്‍ദേശിക്കുന്നത്. ലോ ഡ്യൂറേഷന്‍ ഫണ്ടിലും ഷോര്‍ട്ട് ടേം ഫണ്ടിലും നിക്ഷേപമാകാമെന്നും ഇവര്‍ പറയുന്നുണ്ട്.
ഡെറ്റ് ഫണ്ടിലെ നിക്ഷേപം ബാങ്ക് എഫ്ഡിയിലേയ്ക്ക് മാറ്റണോ?
ഡെറ്റ് മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപകരെല്ലാം ഇപ്പോള്‍ അഡൈ്വസര്‍മാരോട് ചോദിക്കുന്നത് ഇതാണ്. മികച്ച ക്രഡിറ്റ് റേറ്റിങ് ഉള്ള ഡെറ്റ് ഉപകരണങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകള്‍ തുടരുകയെന്നതാണ് അതിനുള്ള മറുപടി. റേറ്റിങ് കുറഞ്ഞ കടപ്പത്രങ്ങളിലും കമ്പനികളിലും നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകള്‍ ഒഴിവാക്കുക. ട്രിപ്പിള്‍ എ, എ.എ റേറ്റിങ് ഉള്ളവ പരിഗണിക്കാം. റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ തല്‍ക്കാലം ഓവര്‍നൈറ്റ്, ലിക്വിഡ് ഫണ്ടുകളില്‍മാത്രം നിക്ഷേപിക്കുക.
ഡെറ്റ് വിപണിയിലുണ്ടായിട്ടുള്ള അസാധാരണ സാഹചര്യം ആര്‍ബിഐയും സര്‍ക്കാരും വിലയിരുത്തിവരികയാണ്.
antony@mpp.co.in
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..