വിനീഷ് ആദ്യമായാണ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ ഫിനാന്‍ഷ്യല്‍ പ്ലാനറുടെ അടുത്തെത്തുന്നത്. 

15 വര്‍ഷത്തിനപ്പുറമുള്ള ജീവിത ലക്ഷ്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ദീര്‍ഘകാല ലക്ഷ്യം മുന്നിലുള്ളതുകൊണ്ടുതന്നെ നേട്ടം കൂടുതല്‍ ലഭിക്കാന്‍ ഒരു സ്‌മോള്‍ ക്യാപ് ഫണ്ടില്‍ നിക്ഷേപിക്കണമെന്ന ആവശ്യമാണ് വനീഷ് മുന്നോട്ടുവെച്ചത്. എന്നാല്‍, റിസ്‌ക് പ്രൊഫൈല്‍ പരിശോധിച്ചതോടെ സ്‌മോള്‍ ക്യാപ് ഫണ്ടുകളെ കൈവിടുകയാണ് നല്ലതെന്ന് വിനീഷ് മനസിലാക്കി.

തുടര്‍ന്ന് താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ ലാര്‍ജ് ക്യാപ് ഫണ്ടില്‍ നിക്ഷേപിച്ചാല്‍മതിയെന്ന തീരുമാനത്തോടെയാണ് അവിടെനിന്ന് പോയത്. 

ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളില്‍ ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്ക് താരതമ്യേന സുരക്ഷിതമായ ഇടമാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍. 

വന്‍കിട കമ്പനികളില്‍ നിക്ഷേപിക്കുന്ന ഇത്തരം ഫണ്ടുകളിലെ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. വിപണിയുടെ ഉയര്‍ച്ചയില്‍ മികച്ച നേട്ടം നല്‍കുകയും എന്നാല്‍ താഴ്ചയില്‍ വന്‍നഷ്ടത്തില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നവയാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍.

ബ്ലു ചിപ്പ് കമ്പനികളിലാണ് ഈ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത് എന്നതുകൊണ്ടുതന്നെ നഷ്ടസാധ്യതയില്‍നിന്ന് നിക്ഷേപകന് ഒരുപരിധിവരെ രക്ഷനേടാം. വിപണി മൂല്യത്തില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന 100 ഓഹരികളിലാകണം ഈ ഫണ്ടുകളിലെ 80ശതമാനം നിക്ഷേപവുമെന്ന് സെബി നിര്‍ദേശിച്ചിട്ടുണ്ട്. 

കഴിഞ്ഞ മൂന്നവര്‍ഷകാലയളവില്‍ ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ നല്‍കിയ ശരാശരി നേട്ടം 10.4ശതമാനമാണ്. അഞ്ചുവര്‍ഷകാലയളവിലാകട്ടെ 14.8 ശതമാനം നേട്ടവും നല്‍കിയതായി കാണുന്നു. എസ്‌ഐപി റിട്ടേണ്‍ ഇത് യഥാക്രമം 13.2 ശതമാനവും 13.3 ശതമാനവുമാണ്. 

ധനകാര്യം, ഊര്‍ജം, ടെക്‌നോളജി, ഓട്ടോ മൊബൈല്‍, നിര്‍മാണം, എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍, മെറ്റല്‍, എന്‍ജിനിയറിങ്, സര്‍വീസസ് തുടങ്ങിയ വിഭാഗങ്ങളിലെ കമ്പനികളിലാണ് ലാര്‍ജ് ക്യാപ് ഫണ്ടുകളിലേറെയും നിക്ഷേപം നടത്തിയിട്ടുള്ളത്. 

2018 ഏപ്രില്‍ 30ലെ കണക്കുപ്രകാരം ഈ ഫണ്ടുകളില്‍ മൊത്തമായുള്ള നിക്ഷേപം 2.63 ലക്ഷം കോടി രൂപയാണ്. 

നിക്ഷേപത്തിന് നിര്‍ദേശിക്കുന്ന ഫണ്ടുകള്‍

  1. ആദിത്യ ബിര്‍ള സണ്‍ലൈഫ് ഫ്രണ്ട്‌ലൈന്‍ ഇക്വിറ്റി ഫണ്ട്
  2. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഫോക്കസ്ഡ് ബ്ലുചിപ്പ് ഇക്വിറ്റി ഫണ്ട്
  3. എസ്ബിഐ ബ്ലുചിപ്പ് ഫണ്ട്.

പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചതിന്റെ നേട്ടം പട്ടികയില്‍ കാണുക. അഞ്ചുവര്‍ഷ കാലാവധിയില്‍ ആറു ലക്ഷവും പത്തുവര്‍ഷ കാലാവധിയില്‍ 12 ലക്ഷം രൂപയുമാണ് നിക്ഷേപിച്ചത്.

Fund Return
Fund 5yr(In Lakhs) 5 yr % 10 yr(In Lakhs) 10 yr %
Aditya Birla SL Frontline Equity 7.58 9.47 24.18 13.53
ICICI Pru Bluechip Fund 7.89 11.11 25.15 14.27
SBI Bluechip Fund 7.59 9.22 24.03 13.41
പ്രതിമാസ എസ്‌ഐപി തുക 10,000 രൂപ. അഞ്ചുവര്‍ഷ കാലാവധി(1 നവംബര്‍ 2013 മുതല്‍ 1 ഒക്ടോബര്‍ 2018വരെ).പത്തുവര്‍ഷ കാലാവധി(1 നവംബര്‍ 2008 മുതല്‍ 1 ഒക്ടോബര്‍ 2018വരെ).Return as on Oct 16, 2018

feedbacks to: antonycdavis@gmail.com