നാലുവര്‍ഷത്തിനിടെ ഇതാദ്യമായി മ്യുച്വല്‍ ഫണ്ടുകളില്‍ ജൂണിലെത്തിയ നിക്ഷേപത്തില്‍ കുറവുരേഖപ്പെടുത്തി. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ മൊത്തംവരവ് 241 കോടി രൂപയായാണ് കുറഞ്ഞത്. 

കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അസാധാരണമായ സാഹചര്യമാണിതിന് കാരണമെന്നാണ് വിലയിരുത്തല്‍. പ്രവചനാതീതമായ നിക്ഷേപകരുടെ മാനസികാവസ്ഥയും വിപണിയിലെ ചാഞ്ചാട്ടങ്ങളും നിക്ഷേപത്തെ ബാധിച്ചു. 

ഈ സാഹചര്യത്തില്‍ രാജ്യത്തെതന്നെ ഏറ്റവും വലിയ മ്യുച്വല്‍ ഫണ്ട് ഹൗസായ എസ്ബിഐ നിക്ഷേപകരുടെ പണം എങ്ങനെ വിനിയോഗിച്ചുവെന്ന് നോക്കാം.

ജൂണ്‍ 30വരെയുള്ള കണക്കുപ്രകാരം എസ്ബിഐ മ്യൂച്വല്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപകരുടെ ആസ്തി 3,64,916 കോടി രൂപയാണ്. കഴിഞ്ഞ ഡിസംബറില്‍ മൂന്നാംസ്ഥാനത്തെത്തിയ എസ്ബിഐ ജനുവരിയോടെ ഏറ്റവുംവലിയ എഎംസിയായി മാറുകയുംചെയ്തു. 

ജൂണ്‍ മാസത്തില്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് വിറ്റതും വാങ്ങിയതുമായ പ്രമുഖ ഓഹരികള്‍ ഏതൊക്കെയണെന്നുനോക്കാം

വാങ്ങിയ പ്രധാന 5 ഓഹരികള്‍

കമ്പനി(ഓഹരികളുടെ എണ്ണം)
ഇന്ത്യന്‍ ഓയില്‍ കോര്‍പ്(43,138,590)
എന്‍എച്ച്പിസി(13,833,403)
കൊട്ടക് മഹീന്ദ്ര ബാങ്ക് (9,405,399)
എച്ച്‌സിഎല്‍ ടെക് (9,345,008)
ഭാരതി എയര്‍ടെല്‍(7,651,267)

വിറ്റ 5 ഓഹരികള്‍
എസ്ബിഐ (11,036,474)
ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (9,689,166)
ഐസിഐസി പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് (8,695,917)
ഇന്‍ഡോസ്റ്റാര്‍ ക്യാപിറ്റല്‍ ഫിനാന്‍സ് (7,600,800)
എന്‍ടിപിസി (7,116,800)

ആന്ധ്ര പേപ്പറില്‍ പുതിയതായി നിക്ഷേപം ആരംഭിച്ചു. ജൂണില്‍ കമ്പനിയുടെ 3,126,300 ഓഹരികളാണ് വാങ്ങിയത്. 

എസ്ബിഐ മ്യൂച്വല്‍ ഫണ്ടിലെതന്നെ ഏറ്റവുംകൂടുതല്‍ നിക്ഷേപമുള്ളത് എസ്ബിഐ ഇടിഎഫ് നിഫ്റ്റി 50-യിലാണ്. മൊത്തം 67,765 കോടി രൂപയുടെ നിക്ഷേപം. എസ്ബിഐ ഇടിഎഫ് സെന്‍സെക്‌സില്‍ 26,642 കോടി രൂപയും നിക്ഷേപമുണ്ട്. താരതമ്യേന ചെലവ് അനുപാതം കുറഞ്ഞ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ് ഇവരണ്ടും. ലാര്‍ജ് ക്യാപ് വിഭാഗത്തിലെതന്നെ ഏറ്റവും ആസ്തിയുള്ള ഫണ്ടുകളാണിവ.

സജീവമായി പ്രവര്‍ത്തിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ കൂടുതല്‍ നിക്ഷേപമുള്ളത് ലാര്‍ജ് ക്യാപ് സ്‌കീമായ എസ്ബിഐ ബ്ലുചിപ്പിലാണ്. 20,783 കോടി രൂപയുടെ ആസ്തിയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്. എസ്ബിഐ ബ്ലൂചിപ്പാകട്ടെ ഈ വിഭാഗത്തില്‍ ഏറ്റവും ആസ്തിയുള്ള നാലമത്തെ ഫണ്ടുമാണ്.

antony@mpp.co.in