Photo: Gettyimages
നികുതി ലാഭിക്കാനായുള്ള പദ്ധതികളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പലര്‍ക്കും ആശയക്കുഴപ്പമാണ്. പ്രത്യേകിച്ച് 80സി വകുപ്പു പ്രകാരമുള്ള നികുതി ഇളവുകളാകുമ്പോള്‍. ഈ ഒരുവിഭാഗത്തില്‍മാത്രം നികുതി ലാഭിക്കാന്‍ സഹായിക്കുന്ന ഒരുഡസനിലേറെ പദ്ധതികളുണ്ട്. ഇവയില്‍ ചിലത് ഉറപ്പായ നേട്ടം ലഭ്യമാക്കുമ്പോള്‍ ചുരുക്കം ചിലവ വിപണി അധിഷ്ഠിത വരുമാനമാണു നല്‍കുക.
ഇപ്പോഴത്തെ നികുതി നിയമങ്ങളനുസരിച്ച് 80സി വകുപ്പുപ്രകാരം ലഭ്യമായ മുഴുവന്‍നേട്ടത്തിനുമായി അനുവദനീയമായ ഒന്നരലക്ഷം രൂപയും നിക്ഷേപിക്കുകയാണെങ്കില്‍ 30 ശതമാനം നികുതി നിരക്കുബാധകമായവര്‍ക്കു (നാലുശതമാനം വിദ്യാഭ്യാസ സെസ് കൂടി കണക്കാക്കുമ്പോള്‍) ലഭിക്കുന്ന പ്രതിവര്‍ഷനേട്ടം 46,800 രൂപയാണ്.
ശമ്പളക്കാരായ നികുതിദായകര്‍ ഇത്തരം പദ്ധതികളെക്കുറിച്ച് ആലോചിക്കുമ്പോള്‍ പ്രസക്തമായ മറ്റൊരുകാര്യം കൂടിയുണ്ട്. ഇവര്‍ക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഉണ്ടാകുമെന്നതിനാല്‍ അതിലുള്ള നിക്ഷേപംകഴിഞ്ഞ് ഒന്നര ലക്ഷം രൂപ പരിധിക്കുള്ളില്‍ ശേഷിക്കുന്നതുകയേ 80സി പ്രകാരമുള്ള നേട്ടങ്ങള്‍ പ്രതീക്ഷിച്ചു നിക്ഷേപിക്കാനാവു.
പ്രോവിഡന്റ് ഫണ്ട് നിക്ഷേപം ഉറപ്പായ വരുമാനം നല്‍കുന്നവയുമാണ്. വിപണി അധിഷ്ഠിത നേട്ടങ്ങള്‍ നല്‍കുന്ന നിക്ഷേപങ്ങളുടെകാര്യത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത് ഇഎല്‍എസ്എസ് എന്ന ഓഹരി അധിഷ്ഠിത സമ്പാദ്യപദ്ധതിയാണ്.
80സി വകുപ്പുപ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായ ഒരുവിഭാഗം മ്യൂചല്‍ ഫണ്ട് പദ്ധതികളാണ് ഇഎല്‍എസ്എസ്. പരമാവധി ഒന്നരലക്ഷം രൂപവരെയുള്ള ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ നികുതിദായകന്റെ ആകെ വരുമാനത്തില്‍നിന്നു കുറക്കാനാവും.
ഈ വകുപ്പില്‍പ്പെട്ട മറ്റുനിക്ഷേപ പദ്ധതികള്‍ക്ക് ഒപ്പമാണ് ആകെ ഒന്നര ലക്ഷംരൂപയെന്ന പരിധി. ഏറ്റവും ഉയര്‍ന്ന നികുതിനിരക്കായ 30 ശതമാനം ബാധകമായവര്‍ക്കാണ് നാലു ശതമാനം വിദ്യാഭ്യാസ സെസും കൂട്ടിച്ചേര്‍ത്ത് ഒന്നര ലക്ഷം രൂപയുടെ 31.2 ശതമാനം വരുന്ന 46,800 രൂപ നികുതി ലാഭിക്കാനാവുന്നത്.
ദീര്‍ഘകാല മൂലധനനേട്ടം, ലാഭവിഹിത വിതരണ നികുതി തുടങ്ങിയവ ഇവിടെ ബാധകമായിരിക്കും. 1961-ലെ ആദായനികുതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ നികുതി ആനുകൂല്യം കാലാകാലങ്ങളിലെ ഭേദഗതികള്‍ക്കും വിധേയമാണ്. ഇപ്പോള്‍ നിലവിലുള്ള നികുതിനിര്‍ണയരീതി സ്വീകരിക്കുന്നവര്‍ക്കു മാത്രമായിരിക്കും ഇഎല്‍എസ്എസ് നിക്ഷേപംവഴി നികുതി ആനുകൂല്യം ലഭിക്കുക. പുതിയ നികുതി നിരക്കുകള്‍ സ്വീകരിക്കുന്നവര്‍ക്ക് ഒരു വിധത്തിലുള്ള ഇളവുകളും നേടാനാവില്ല.
ഓഹരി അധിഷ്ടിത പദ്ധതികള്‍ എന്നവിഭാഗത്തില്‍ ഉള്‍പ്പെടണമെങ്കില്‍ ഇഎല്‍എസ്എസിന്റെ നിക്ഷേപത്തില്‍ കുറഞ്ഞത് 80 ശതമാനമെങ്കിലും ഓഹരികളിലായിരിക്കണം. സാങ്കേതികമായി ഇത് 100 ശതമാനംവരെ ആകാം. വിവിധ വിപണി സാഹചര്യങ്ങളില്‍ നിക്ഷേപിക്കാന്‍ അവസരമുള്ളതിനാല്‍ ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ട് പദ്ധതികളില്‍ ഇവയ്ക്ക് മറ്റുഫണ്ടുകളെ അപേക്ഷിച്ചു കൂടുതല്‍ സൗകര്യപ്രദമായി നിക്ഷേപിക്കാനുമാവും.
നികുതി നേട്ടത്തിനായി നിക്ഷേപിക്കുന്ന മറ്റുപദ്ധതികള്‍ക്ക് സാധാരണ അഞ്ചുവര്‍ഷ ലോക് ഇന്‍ കാലാവധി ഉള്ളപ്പോള്‍ ഇഎല്‍എസ്എസിന് മൂന്നു വര്‍ഷ ലോക് ഇന്‍ കാലാവധി മാത്രമാണുള്ളത്. അതായത് ഈ പദ്ധതിയില്‍ നിക്ഷേപംനടത്തിയ തീയ്യതി മുതല്‍ മൂന്നുവര്‍ഷം കഴിഞ്ഞുമാത്രമേ പണം പിന്‍വലിക്കാന്‍കഴിയൂ. ഒന്നര ലക്ഷം രൂപ ഒരുമിച്ചു നിക്ഷേപിക്കാതെ എസ്ഐപി രീതിയില്‍ പ്രതിമാസം 12,500 രൂപ വീതം നിക്ഷേപിച്ച് ഈ നികുതി ആനുകൂല്യങ്ങള്‍ നേടാനും ഇഎല്‍എസ്എസ് പദ്ധതികള്‍ വഴിയൊരുക്കുന്നുണ്ട്. ലോക് ഇന്‍ കാലാവധി ഇവിടെ ബാധകമായിരിക്കും എന്നത് ഓര്‍മിക്കണം. അതായത് ഓരോ എസ്ഐപി ഗഡുവില്‍ അടച്ച തുകയും അടച്ച വര്‍ഷം മുതല്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് പിന്‍വലിക്കാനാവില്ല.
ഉയര്‍ന്ന വരുമാനം ലഭിക്കാനുള്ള സാധ്യതകളാണ് ഇഎല്‍എസ്എസിനെ പരിഗണിക്കുന്നതിനുള്ള മറ്റൊരു കാരണം. പിപിഎഫ്, അഞ്ചു വര്‍ഷ സ്ഥിര നിക്ഷേപം, ദേശീയ സമ്പാദ്യ പദ്ധതി തുടങ്ങിയ നികുതി ഇളവുനല്‍കുന്ന സ്ഥിരവരുമാന പദ്ധതികളെ അപേക്ഷിച്ച് പണപ്പെരുപ്പത്തെ മറി കടന്ന് ഫലപ്രദമായ നേട്ടമുണ്ടാക്കാന്‍ ഇഎല്‍എസ്എസിന്റെ ഓഹരികളിലെ നിക്ഷേപം സഹായകമാകും.
വരുമാനം ഉറപ്പുനല്‍കുന്ന പല നികുതി സമ്പാദ്യ പദ്ധതികളുടേയും വരുമാനം കുറഞ്ഞത് അവയുടെ ആകര്‍ഷണം കുറച്ചിട്ടുണ്ട്. പിന്‍വലിക്കുന്ന സമയത്തെ നേട്ടങ്ങളും ഇഎല്‍എസ്എസുകളെ ആകര്‍ഷകമാക്കുന്നുണ്ട്. ഇഎല്‍എസ്എസില്‍ നിന്നുള്ള ഒരുലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ദീര്‍ഘകാല മൂലധനലാഭ നികുതി ഇല്ലാത്തതും അതിനു മുകളിലുള്ളവയ്ക്ക് പത്തു ശതമാനം മാത്രം നികുതിയുള്ളതും ഗുണകരമാണ്. നികുതി ആസൂത്രണത്തിനായുള്ള പദ്ധതികളില്‍ പിപിഎഫ് ഒഴികെയുള്ളവയില്‍ നിന്നുള്ള നേട്ടത്തിന് ഭാഗികമായോ പൂര്‍ണമായോ നികുതി ബാധ്യതയുണ്ട്.
നികുതി ആസൂത്രണത്തോടൊപ്പം സമ്പത്ത് ആര്‍ജിക്കാനുള്ള കഴിവുംകൂടിയാകുമ്പോള്‍ എല്ലാ നിക്ഷേപകര്‍ക്കും ഇത് അനുയോജ്യമായ പദ്ധതിയായി മാറുന്നു. ഓഹരിയില്‍ ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്കും യോജിച്ച പദ്ധതിയാണിത്. നിര്‍ബന്ധമായും മൂന്നുവര്‍ഷം പിന്‍വലിക്കാനാവില്ലെന്നത് തുടക്കക്കാരായ നിക്ഷേപകര്‍ക്കു നേട്ടംനല്‍കുന്ന ഒന്നാണ്. നിക്ഷേപ രംഗത്ത് പരിചയ സമ്പന്നരായവര്‍ക്കാകട്ടെ തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ ഇതു മികച്ച നിക്ഷേപമാക്കി മാറ്റാം.
(പിജിഐഎം ഇന്ത്യ മ്യൂചല്‍ ഫണ്ടിന്റെ സി.ഇ.ഒയാണ് ലേഖകന്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..