പ്രതീകാത്മക ചിത്രം
ബാങ്കിലും മ്യൂച്വല്‍ ഫണ്ടിലുമായി 50 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ബാങ്ക് നിക്ഷേപത്തിലെ പലിശയില്‍നിന്ന് എല്ലാവര്‍ഷവും ടിഡിഎസ് പിടിക്കുന്നുണ്ട്. മ്യൂച്വല്‍ ഫണ്ടില്‍ ഈടാക്കിയതായി കാണുന്നില്ല. മ്യൂച്വല്‍ ഫണ്ടിലെ 15 ലക്ഷം രൂപയുടെ നിക്ഷേപം 22 ലക്ഷമായിട്ടുണ്ട്. എപ്രകാരമാണ് മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപത്തിന് നികുതി നല്‍കേണ്ടതെന്ന് വിശദമാക്കാമോ?
പി.കെ സന്തോഷ്(ഇ-മെയില്‍)
സ്ഥിര നിക്ഷേപ പദ്ധതികളിലെ നേട്ടത്തില്‍നിന്ന് എല്ലാവര്‍ഷവും ടിഡിഎസ് ഈടാക്കും. എന്നാല്‍, പിന്‍വലിക്കുമ്പോള്‍ മാത്രമാണ് മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപത്തിന് നികുതി ബാധ്യത വരിക.
അഞ്ചുവര്‍ഷക്കാലയളവില്‍ ഒരാള്‍ അഞ്ചു ലക്ഷം രൂപ ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ടുവെന്ന് കരുതുക. ആദ്യവര്‍ഷം പലിശയായി 5000 രൂപ ലഭിച്ചാല്‍ ടിഡിഎസ് ഇനത്തില്‍ 500 രൂപയാണ് ഈടാക്കുക. മൊത്തം വരുമാനത്തോട് പലിശകൂടി ചേര്‍ക്കുമ്പോള്‍ ബാധകമായ സ്ലാബില്‍ നികുതി നല്‍കാന്‍ നിക്ഷേപകന്‍ ബാധ്യസ്ഥനാണ്. അതായത് 30ശതമാനം സ്ലാബിലാണ് വരുന്നതെങ്കില്‍ 20ശതമാനംകൂടി ആദായ നികുതി നല്‍കണം.
മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തിലാണെങ്കില്‍, അഞ്ചു ലക്ഷം രൂപ നിക്ഷേപിക്കുകയും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം മൂല്യം ആറുലക്ഷമായി ഉയരുകയുംചെയ്താല്‍ നിക്ഷേപം തിരിച്ചെടുക്കുന്നില്ലെങ്കില്‍ നേട്ടത്തിന് ആവര്‍ഷം നികുതി ബാധ്യത വരുന്നില്ല. രണ്ടാവര്‍ഷം ഏഴുലക്ഷവും മൂന്നാംവര്‍ഷം എട്ടുലക്ഷവുമായാലും നിക്ഷേപം തിരിച്ചെടുക്കാത്തിടത്തോളം നികുതി ബാധ്യതയുണ്ടാകുന്നില്ല.
നിക്ഷേപം തിരിച്ചെടുക്കുമ്പോള്‍
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം ഒരുവര്‍ഷത്തിനുശേഷം തിരിച്ചെടുക്കുമ്പോള്‍ ഒരു ലക്ഷം രൂപവരെയുള്ള മൂലധനനേട്ടത്തിന് നികുതി ബാധ്യതയില്ല. അതിനുമുകളിലുള്ള നേട്ടത്തിന് 10ശതമാനമാണ് നികുതി ബാധകമാകുക.
ഡെറ്റ് മ്യൂച്വല്‍ ഫണ്ടാണെങ്കില്‍, മൂന്നുവര്‍ഷം കൈവശംവെച്ചശേഷമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ വിലക്കയറ്റം കുറച്ചശേഷമുള്ള നേട്ടത്തിന് നികുതി നല്‍കിയാല്‍ മതിയാകും. അതായത് ഇന്‍ഡക്‌സേഷന്‍ ആനുകൂല്യത്തോടെ 20 ശതമാനം നികുതിയാണ് ബാധകമാകുക. മൂന്നുവര്‍ഷത്തിനുതാഴെ കൈവശംവെച്ചശേഷമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ നികുതി സ്ലാബിന് അനുസരിച്ചുള്ള നികുതി ബാധ്യതയാണ് ഉണ്ടാകുക.
Content Highlights: Tax liability for an investment of Rs 50 lakh?


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..