രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ബിസിനസിലെ ഓഹരി വിഹിതം കുറയ്ക്കുന്നു. ബാങ്കിന്റെ മ്യൂച്വല്‍ ഫണ്ട് വിഭാഗമായ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് മാനേജുമെന്റ് പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ആറ് ശതമാനം ഓഹരികള്‍ ഐ.പി.ഒവഴി വില്‍ക്കാനാണ് പദ്ധതി.

ഫ്രാന്‍സിലെ അമന്ദി അസറ്റ് മാനേജുമെന്റ് കമ്പനിയുടെയും എസ്ബിഐയുടെയും സംയുക്ത സംരംഭമാണ് എസ്ബിഐ മ്യൂച്വല്‍ ഫണ്ട്. ഐപിഒ വഴി നാലുശതമാനം ഓഹരികള്‍ അമന്ദിയും കയ്യൊഴിയും. നിലവില്‍ ഫണ്ട് ഹൗസില്‍ എസ്ബിഐക്ക് 63ശതമാനം ഓഹരികളാണുള്ളത്. അമന്ദിക്കാകട്ടെ 37ശതമാനവും. 

രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ട് കമ്പനികളിലൊന്നായ എസ്ബിഐ എംഎഫ് പ്രാരംഭ ഓഹരി വില്പനയിലൂടെ 100 കോടി ഡോളര്‍(7,600 കോടി രൂപ) സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതായി ബ്ലൂംബര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ മൊത്തം മൂല്യം 53,250 കോടി രൂപ(700 കോടി ഡോളര്‍)ആണ്.

വിപണിയിലെത്തിയാല്‍, ലിസ്റ്റ്‌ചെയ്യുന്ന അഞ്ചാമത്തെ ഫണ്ട് കമ്പനിയാകും എസ്ബിഐ. എച്ച്ഡിഎഫ്‌സി എംഎഫ്, നിപ്പോണ്‍ ലൈഫ്, യുടിഐ, ആദിത്യ ബിര്‍ള തുടങ്ങിയ ഫണ്ട് കമ്പനികളാണ് ഇതിനകം വിപണിയില്‍ ലിസ്റ്റ്‌ചെയ്തിട്ടുള്ളത്. 

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 862 കോടി രൂപയാണ് എസ്ബിഐ എഎംസിയുടെ അറ്റദായാം. 1,619 കോടി രൂപയാണ് വരുമാനം. സെപ്റ്റംബര്‍ പാദത്തിലെ കണക്കുപ്രകാരം 5.78 ലക്ഷംകോടി രൂപയുടെ നിക്ഷേപ ആസ്തിയാണ് എസ്ബിഐ കൈകാര്യംചെയ്യുന്നത്.