ഹരി വിപണിയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെയണ്ടായ കുതിപ്പ് സ്‌മോൾ ക്യാപ് ഫണ്ടുകളിലും പ്രതിഫലിച്ചു. 24 സ്‌മോൾ ക്യാപ് ഫണ്ടുകളിൽ 17 എണ്ണവും 100ശതമാനത്തിലേറെ ആദായമാണ് ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയത്. 

ആദായത്തിന്റെകാര്യത്തിൽ ക്വാണ്ട് സ്‌മോൾ ക്യാപ് ഫണ്ടാണ് എല്ലാവരെയും ഞെട്ടിച്ചത്. 208ശതമാനമാണ് ഒരുവർഷത്തിനിടെ ഫണ്ട് നൽകിയത്. കൊട്ടക് സ്‌മോൾ ക്യാപ് ഫണ്ട് 132 ശതമാനവും മോത്തിലാൽ  ഒസ് വാൾ നിഫ്റ്റി സ്‌മോൾ ക്യാപ് 250 ഇൻഡക്‌സ് ഫണ്ട് 119ശതമാനവും നിപ്പോൺ ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ട് 116 ശതമാനവും ഐസിഐസിഐ പ്രൂഡൻഷ്യൽ സ്‌മോൾ ക്യാപ് ഫണ്ട് 114 ശതമാനവും ആദായം നിക്ഷേപകർക്ക് നൽകി. 

കോവിഡ് വ്യാപനത്തിൽനിന്ന് സമ്പദ്ഘടന തിരുച്ചവരവിന്റെ സൂചന നൽകിയപ്പോൾതന്നെ വിപണിയിൽ കുതിപ്പ് പ്രകടമായിരുന്നു. പണലഭ്യതവർധിച്ചതും സൂചികകളെ എക്കാലത്തേയും ഉയരത്തിലെത്തിച്ചു. ബിഎസ്ഇ സ്‌മോൾ ക്യാപ് സൂചിക 106ശതമാനത്തിലേറെയാണ് കുതിച്ചത്. സെൻസെക്‌സാകട്ടെ 60ശതമാത്തിൽതാഴെയും. മിഡ്ക്യാപ് സൂചിക 82ശതമാനവും ഈകാലയളവിൽ നേട്ടമുണ്ടാക്കി. 

ചാഞ്ചാട്ടം കൂടും
സ്വഭാവമനുസരിച്ച് സ്‌മോൾ ക്യാപ് ഫണ്ടുകൽ അതീവ നഷ്ടസാധ്യതയുള്ളവയാണ്. വിപണി താഴുമ്പോൾ കുത്തനെ ഇടിയുകയും ഉയരുമ്പോൾ കുതിക്കുകയുംചെയ്യുന്ന സ്വഭാവം ഇവയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഹ്രസ്വകാലനേട്ടം പരിഗണിച്ച് നിക്ഷേപം നടത്തരുത്. അതേസമയം, ദീർഘകാലയളവിലെ നിക്ഷേപമാണെങ്കിൽ മികച്ച ആദായവും പ്രതീക്ഷിക്കാം.

നിക്ഷേപവരവിൽ കുതിപ്പ്
മികച്ച ആദായംനൽകിയതോടെ സ്‌മോൾ ക്യാപ് ഫണ്ടുകളിൽ വൻതോതിൽ നിക്ഷേപമെത്താൻ തുടങ്ങി. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം മാർച്ചിൽ 336 കോടി രൂപയും ഏപ്രിലിൽ 184 കോടി രൂപയുമാണ് സ്‌മോൾ ക്യാപ് ഫണ്ടുകളിൽ കൂടുതലായി എത്തിയത്. കൈകാര്യം ചെയ്യുന്ന ആസ്തി 71,700 കോടിയായി ഉയരുകയുംചെയ്തു. 

ശ്രദ്ധിക്കേണ്ടകാര്യം: ലാർജ്, മിഡ്ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച് റിസ്‌ക് കൂടിയ വിഭാഗമാണ് സ്‌മോൾ ക്യാപ്. മൂന്നുവർഷത്തെ ആദായം പരിശോധിച്ചാൽ അത് വ്യക്തമാകും. കാറ്റഗറിയിലെ മൂന്നുവർഷത്തെ ശരാശരി ആദായം 10.65ശതമാനം മാത്രമാണ്. മിഡ് ക്യാപ്, ലാർജ് ക്യാപ് വിഭാഗങ്ങലുടെ ശരാശരി ആദായം യഥാക്രമം 12.23ശതമാനവും 11.76ശതമാനവുമാണ്. 

അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവിലെ നൽകിയിട്ടുള്ള ആദായം വിലയിരുത്തി സ്‌മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കരുത്. കഴിഞ്ഞകാലത്തെ ആദായം ഭാവിയിൽ ലഭിച്ചേക്കണമെന്നില്ല. ലാർജ്, മിഡ്ക്യാപ് ഫണ്ടുകളിൽ നിക്ഷേപം നടത്തിയശേഷം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി (ദീർഘകാലയളവ് ലക്ഷ്യമിട്ട്) ചുരുങ്ങിയത് ഏഴുമുതൽ 10 വർഷംവരെ കാലാവധി കണക്കാക്കി എസ്‌ഐപിയായി നിക്ഷേപിക്കാം.