വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുമ്പോള്‍ ശരിയായ നിക്ഷേപതന്ത്രം എന്താണ്? ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറ്റവും സുരക്ഷിതമെന്നു തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ സംവിധാനമാണ് വ്യവസ്ഥിത നിക്ഷേപ പദ്ധതി അഥവാ എസ്ഐപി. പ്രതിവാരമോ പ്രതിമാസമോ ആയി സമയ ബന്ധിതമായി ചെറിയതുക എസ്ഐപിയിലൂടെ നിക്ഷേപിക്കാന്‍ കഴിയും. വിപണിയിലെ നല്ലനേരം നോക്കാന്‍ ശ്രമിച്ച് തെറ്റുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധ്യമാണ്. മാത്രമല്ല, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെ കാര്യത്തില്‍ നേര്‍വഴി കാണിക്കാനും എസ്ഐപി നിക്ഷേപങ്ങള്‍ക്കു കഴിയും.

ശ്രദ്ധിക്കേണ്ട ഏഴുകാര്യങ്ങള്‍

1. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് സമയക്രമം നിശ്ചയിക്കുക. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള ആസൂത്രണത്തില്‍ വ്യവസ്ഥിതമായ സമീപനം സ്വീകരിക്കുക. എസ്ഐപി നിക്ഷേപങ്ങള്‍ക്ക് താഴെക്കാണുന്ന ക്രമത്തില്‍ സമയ പരിധി വെക്കുക:

  • ഹ്രസ്വകാല ലക്ഷ്യം -മൂന്നു വര്‍ഷത്തിനകം നേടേണ്ടത്.
  • ഇടക്കാല ലക്ഷ്യം- മൂന്നു മുതല്‍ അഞ്ചുവര്‍ഷത്തിനകം സാക്ഷാത്കരിക്കേണ്ടത്.
  • ദീര്‍ഘകാല ലക്ഷ്യം. അഞ്ചു വര്‍ഷത്തിനുശേഷം നേടേണ്ടത്.

സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് സമയപരിധി നിശ്ചയിക്കുന്നത് ആസ്തികളുടെ ശരിയായ മിശ്രണത്തിനും സമയപരിധിക്കകം ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എത്രപണം എസ്ഐപി തുകയായി വേണ്ടി വരുമെന്നറിയാനും സഹായിക്കും.

2. എത്ര പണമാണ് നിക്ഷേപിക്കാനാഗ്രഹിക്കുന്നതെന്നു തീരുമാനിക്കുക. മിക്കവാറും മ്യൂച്വല്‍ ഫണ്ടുകള്‍ കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കാന്‍ അനുവദിക്കും. എന്നാല്‍ ലക്ഷ്യംനേടാന്‍ അടയ്ക്കേണ്ട എസ്ഐപി തുക അറിയണമെങ്കില്‍ ഭാവിയില്‍ ലക്ഷ്യത്തിനാവശ്യമായ പണം ആദ്യം കണക്കാക്കണം. ഇതുനേടാന്‍ എത്രസമയം വേണ്ടിവരുമെന്നും ഈ നിക്ഷേപത്തില്‍നിന്ന് പ്രതീക്ഷിക്കുന്നതുക എത്രയെന്നും കണ്ടെത്തുക. അടയ്ക്കാനുള്ള പണത്തെക്കുറിച്ചും സമയപരിധിയെക്കുറിച്ചും തിരിച്ചു കിട്ടുന്നതുകയെക്കുറിച്ചും മനസിലാക്കുന്നത് നിക്ഷേപം തുടങ്ങുന്നതിനുള്ള ശരിയായ എസ്ഐപി ഗഡുക്കള്‍ തീരുമാനിക്കാന്‍ സഹായകരമാണ്.

3. റിസ്‌കെടുക്കാനുള്ള ക്ഷമതയ്ക്കനുസരിച്ച് നിക്ഷേപം വൈവിധ്യ വല്‍ക്കരിക്കുക. റിസ്‌കെടുക്കാനുള്ള നിങ്ങളുടെ കഴിവ് അഥവാ സഹിഷ്ണുതയാണ് ഒരുപ്രത്യേക ആസ്തി വര്‍ഗത്തില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ എടുക്കുന്ന റിസ്‌കിന്റെ ആകത്തുക. ഓരോ നിക്ഷേപകന്റേയും റിസ്‌കെടുക്കാനുള്ള ക്ഷമത പരസ്പരം വ്യത്യസ്തമായിരിക്കും. മാറ്റിവെക്കാവുന്ന വരുമാനം, നിക്ഷേപ സാധ്യതകള്‍ എന്നിവയ്ക്കെല്ലാമുപരി പ്രായവും പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങളും റിസ്‌കിനുള്ള  ക്ഷമതയെ സ്വാധീനിക്കും.

യൗവനത്തിലാണെങ്കില്‍ റിസ്‌കെടുക്കാനുള്ളകഴിവ് മധ്യവയസ്‌കരേക്കാളും റിട്ടയര്‍ ചെയ്യാറായവരേക്കാളും കൂടുതലായിരിക്കും. ബാധ്യതകള്‍, കടങ്ങള്‍, ആശ്രിതരുടെ എണ്ണം എന്നിവയുടെ കാര്യത്തിലും ഈവ്യത്യാസം കാണാം. പ്രായം റിസ്‌കെടുക്കാനുള്ള കഴിവിനേയും സ്വാധീനിക്കും. നിങ്ങള്‍ ഏതു തരം നിക്ഷേപകനാണെന്ന് അറിയുന്നതും എത്രമാത്രം റിസ്‌കെടുക്കാനാവുമെന്നു മനസിലാക്കുന്നതും ശരിയായ മ്യൂച്വല്‍ ഫണ്ട് പദ്ധതികളുടെ തെരഞ്ഞെടുപ്പിനും ഏതുതരം ആസ്തിയിലാണ് നിക്ഷേപിക്കേണ്ടത് എന്നു മനസിലാക്കുന്നതിനും ഉതകും. മ്യൂച്വല്‍ ഫണ്ടുകള്‍ വ്യത്യസ്ത റിസ്‌ക് വിഭാഗങ്ങള്‍ക്കായി അനവധി പദ്ധതികള്‍ മുന്നോട്ടു വെയ്ക്കുന്നതിനാല്‍ ഒന്നിലധികം പദ്ധതികളില്‍ നിക്ഷേപിക്കുന്നത് റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കും.  

4. എസ്ഐപി അടവുകള്‍ സമയാസമയങ്ങളില്‍ ടോപ്പപ് ചെയ്യുക. വരുമാനം വളരുന്നതിനനുസരിച്ച് അതിലെ ഉയര്‍ന്ന ഒരുവിഹിതം എസ്ഐപി ടോപപ്പിനായി മാറ്റി വെക്കുക. നിങ്ങളുടെ വിഹിതം പണപ്പരുപ്പത്തിന്റെ വര്‍ധനയുമായി ഒത്തു പോകുന്നുവെന്ന് ഉറപ്പുവരുത്തുക. പുതിയ എസ്ഐപി തുടങ്ങുന്നതിനുപകരം നിലവിലുള്ളതില്‍ തന്നെ ടോപ്പപ് സാധ്യമാണോ എന്നുപരിശോധിക്കുക.

5. ഓരോ ലക്ഷ്യത്തിനുമായി ഓരോഎസ്ഐപി തുടങ്ങുക. അവധിക്കാല യാത്രാ ചിലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം, റിട്ടയര്‍മെന്റു കാലത്തെ ചിലവുകള്‍ എന്നിങ്ങനെ പലലക്ഷ്യങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ടാവും. ഓരോ ലക്ഷ്യവും മുന്‍നിര്‍ത്തി ഓരോ എസ്ഐപികള്‍ തുടങ്ങുന്നത് നിക്ഷേപം കൃത്യമായി കണക്കാക്കാന്‍  സഹായകമാണ്. ഒരുപ്രത്യേക ലക്ഷ്യത്തിന് ഉപകാരപ്പെടുന്ന ഉചിതമായ ആസ്തി കണ്ടെത്തി  സമയക്രമമനുസരിച്ച് ശരിയായ ഇനത്തില്‍ പെട്ട മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനാണ് ശ്രമിക്കേണ്ടത്.

6. ലക്ഷ്യം പൂര്‍ണമാകുന്നതോടെ എസ്ഐപി നിര്‍ത്തുക. നിശ്ചിതമായ സാമ്പത്തിക ലക്ഷ്യത്തിലെത്തുന്നതോടെ എസ്ഐപി നിര്‍ത്തുകയോ തിരികെ വാങ്ങുകയോ ചെയ്ത് പണം ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിക്കാം. നിങ്ങളുടെ എസ്ഐപി കാലയളവില്‍ സാഹചര്യങ്ങളിലും മറ്റു ഘടകങ്ങളിലും വന്നേക്കാവുന്നമാറ്റം ചിലപ്പോള്‍ ലക്ഷ്യം വിചാരിച്ചതിലും വളരെനേരത്തേ സാക്ഷാത്കരിക്കാന്‍ സഹായിച്ചേക്കും. അങ്ങിനെ സംഭവിച്ചാല്‍ അധികംവരുന്ന പണം മറ്റുമാര്‍ഗങ്ങളിലേക്കു തിരിച്ചുവിടാനും കഴിയും.

7. പോര്‍ട്ഫോളിയോ പ്രകടനം വിലയിരുത്തുക. സമയ ബന്ധിതമായി പോര്‍ട്ഫോളിയോ അവലോകനം നടത്തി സന്തുലനം ഉറപ്പു വരുത്തണം. മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ അങ്ങനെ ചെയ്യുന്നത്  മോശമായ പ്രകടനം നടത്തുന്നവയെ ഒഴിവാക്കി പോര്‍ട്ഫോളിയോ ലാഭം വര്‍ധിപ്പിക്കാന്‍ സഹായകമാണ്.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ച് വ്യവസ്ഥിത നിക്ഷേപ പദ്ധതികളിലൂടെ നിക്ഷേപിച്ചു സ്വപ്ന സാക്ഷാത്കാരം സാധ്യമാക്കുക.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ അസോഷ്യേറ്റ് ഡറക്ടറാണ് ലേഖകന്‍)