വിപണിയിലെ വ്യതിയാനങ്ങളെക്കുറിച്ചുള്ള വാർത്തകൾ നിക്ഷേപകരിൽ ആശങ്ക ഉയർത്തുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ, ഇത്തരം വാർത്തകൾ കണ്ട് പരിഭ്രാന്തരാവുന്നതിനു പകരം വളരെ സമചിത്തതയോടെ ശ്രദ്ധിക്കുക. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങൾ നേട്ടങ്ങളാക്കി മാറ്റാൻ നിക്ഷേപകരെ സഹായിക്കുന്ന മികച്ച നിക്ഷേപ രീതിയാണ് എസ്.ഐ. പി. അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ.

ഒരു നിശ്ചിത തുക, നിശ്ചിത തവണകളായി നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ. റിട്ടയർമെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ഭാവിയിലേക്ക് വരാവുന്ന ചെലവുകൾക്ക്‌ ആവശ്യമായ സമ്പാദ്യ സമാഹരണം നടത്തുമ്പോൾ എസ്.ഐ.പി. രീതിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകാറുണ്ട്. നമുക്ക് താങ്ങാവുന്ന രീതിയിലുള്ള ഒരു നിശ്ചിത തുക സ്ഥിരമായും അച്ചടക്കത്തോടെയും നിക്ഷേപം നടത്തുമ്പോൾ മേൽപ്പറഞ്ഞ സമ്പാദ്യ സമാഹരണ ലക്ഷ്യത്തിലെത്താൻ അത് സഹായകമാകുന്നു.

ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ, വിപണിയിലെ ചാഞ്ചാട്ടങ്ങളെ നേട്ടങ്ങളാക്കി മാറ്റാൻ സഹായിക്കുന്നത് എസ്.ഐ.പി.യിലെ ഈ നിക്ഷേപ രീതിയാണ്. പക്ഷേ, കൃത്യസമയത്ത് നിശ്ചിത തുക തുടർച്ചയായി, തവണകൾ മുടക്കാതെ നിക്ഷേപിച്ചാൽ മാത്രമേ ഇത് യാഥാർത്ഥ്യമാകൂ. എന്നാൽ, ചിലപ്പോൾ ഇത് കൃത്യമായി പാലിക്കാതെ പലരും തവണകൾ മുടക്കുകയോ നിക്ഷേപം ഇടയ്ക്കുവച്ച് അവസാനിപ്പിക്കുകയോ ചെയ്യാറുണ്ട്.

പലപ്പോഴും ഇത് സംഭവിക്കുന്നത് വിപണിയിൽ ഇടയ്ക്കുണ്ടാകുന്ന ഇടിവുകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ട് ആശങ്കപ്പെടുമ്പോഴാണ്. വിപണി താഴേയ്ക്ക് പോകുമ്പോൾ അത് ഇനി തിരിച്ചുകയറില്ല എന്നു കരുതി നിക്ഷേപം നിർത്തുകയോ വിപണി കുതിക്കുമ്പോൾ ശങ്കിച്ചു നിൽക്കുകയോ ചെയ്യുന്നത് നിക്ഷേപത്തിൽ നിന്ന്‌ ശരിയായ നേട്ടം ലഭിച്ച്, നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് യാതൊരു കാരണവശാലും എസ്.ഐ.പി.കൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

അടിസ്ഥാനപരമായി പറഞ്ഞാൽ വിപണിയിൽ ചാഞ്ചാട്ടം ഉണ്ടായെങ്കിൽ മാത്രമേ എസ്.ഐ.പി. നിക്ഷേപത്തിൽ നിന്ന് കൂടുതൽ നേട്ടം കൈവരിക്കാൻ സാധിക്കുകയുള്ളൂ. 

റുപ്പി കോസ്റ്റ് ആവറേജിങ് നിർണായകം
എസ്.ഐ.പി.യുടെ പ്രധാന സവിശേഷതകളിലൊന്നായ ‘റുപ്പി കോസ്റ്റ് ആവറേജിങ്’ ശരിയായ രീതിയിൽ നടക്കണമെങ്കിൽ വിപണിയിൽ ഇടിവുകളുണ്ടാകണം. വിപണി താഴ്ന്നു നിൽക്കുമ്പോൾ കൂടുതൽ യൂണിറ്റും ഉയർന്നു നിൽക്കുമ്പോൾ കുറവ് യൂണിറ്റും ലഭിക്കുന്നതിനാൽ നിക്ഷേപത്തിന്റെ ശരാശരി ചെലവ് അനുകൂലമാകുന്നു എന്നതാണ് റുപ്പി കോസ്റ്റ് ആവറേജിങ്ങിൽ സംഭവിക്കുന്നത്. അതുകൊണ്ടാണ് വിപണി ഇടിയുമ്പോൾ നിക്ഷേപകർ പരിഭ്രാന്തരാകേണ്ടതില്ല, മറിച്ച് സന്തോഷിക്കുകയാണ് വേണ്ടത് എന്നു പറയുന്നത്. കാരണം, വിപണി താഴ്ന്നിരിക്കുന്ന സമയത്തുള്ള അവരുടെ നിക്ഷേപ ഗഡുവിന് കൂടുതൽ യൂണിറ്റ് ലഭിക്കും. കഴിഞ്ഞ 20 വർഷത്തിനിടെ പല തവണ ശക്തമായ ഇടിവുകൾ ഉണ്ടായിട്ടും എസ്.ഐ.പി. നിക്ഷേപകർക്ക് മികച്ച നേട്ടം ലഭിച്ചതിനു കാരണം ഇതാണ്.

ഇടിവുകളിൽ നിന്ന്  നേട്ടത്തിലേക്ക് 
ഓഹരി വിപണിയുടെ ചരിത്രം പരിശോധിച്ചാൽ ഓരോ പ്രധാന ഇടിവുകൾക്കു ശേഷവും വിപണി ശക്തമായി തിരിച്ചുകയറുന്നതായി കാണാൻ സാധിക്കും. ഉദാഹരണത്തിന്, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഓഹരി വിപണിയിലുണ്ടായ ചില പ്രധാന ഇടിവുകളും ഇടിവുകൾക്ക് ശേഷമുള്ള തിരിച്ചുകയറ്റവും താഴെ കൊടുക്കുന്നു:
 
2008 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള 10 മാസക്കാലയളവിൽ ഓഹരി വിപണി സൂചിക ഏകദേശം 59 ശതമാനത്തോളം ഇടിഞ്ഞിരുന്നു. എന്നാൽ, അടുത്ത രണ്ടര മാസത്തിനുള്ളിൽ 21 ശതമാനത്തോളമാണ് വിപണി കുതിച്ചത്. മാത്രമല്ല, ഇടിവിനു ശേഷമുള്ള മൂന്നു വർഷത്തെ ശരാശരി  വാർഷിക വളർച്ചാ നിരക്ക് 27 ശതമാനത്തോളമാണ്.
 
2011 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒൻപത് മാസക്കാലയളവിൽ 23 ശതമാനത്തോളം ഇടിഞ്ഞ ഓഹരി സൂചിക തൊട്ടടുത്ത രണ്ടു മാസക്കാലയളവിൽ 21 ശതമാനത്തോളമാണ് കയറിയത്. ഇവിടെ ഇടിവിനു ശേഷമുള്ള മൂന്നു വർഷക്കാലയളവിലെ ശരാശരി വാർഷിക വളർച്ചാ നിരക്ക് 22 ശതമാനത്തോളമാണ്.
 
അതേപോലെ, 2015 ഫെബ്രുവരി മുതൽ 2016 ഫെബ്രുവരി വരെയുള്ള 13 മാസക്കാലയളവിൽ 23 ശതമാനത്തോളം ഇടിഞ്ഞ സൂചിക അടുത്ത ഏഴ് മാസത്തിനുള്ളിൽ 27 ശതമാനത്തോളം കയറിയിരുന്നു.

തിരുത്തലുകളുടെ സമയത്തും നിക്ഷേപം തുടരുക
ഓഹരി വിപണിയിൽ തിരുത്തലുകൾ സ്വാഭാവികമാണ്. തിരുത്തലുകളുടെ സമയത്തും നിക്ഷേപം തുടരുന്നവർക്കേ വിപണി തിരിച്ചുകയറുന്ന സമയത്ത് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ്, ഓഹരി വിപണി താഴുന്ന അവസരങ്ങളിൽ പരിഭ്രാന്തരാവരുതെന്നും അവ താത്‌കാലികമാണെന്ന ബോധ്യം വേണമെന്നും പറയുന്നത്. വിവിധ കാലയളവുകളിൽ എസ്.ഐ.പി. നിക്ഷേപത്തിൽ നിന്ന്‌ ലഭിച്ച നേട്ടം (പട്ടിക കാണുക).

table