സ്‌ഐപി വഴിയുള്ള നിക്ഷേപം ഇതാദ്യമായി സെപ്റ്റംബറിൽ 10,000 കോടി രൂപ മറികടന്നു. പുതിയതായി 26 ലക്ഷംപേരാണ് ഈ കാലയളവിൽ എസ്‌ഐപി നിക്ഷേപം ആരംഭിച്ചത്. 

ഇതോടെ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന എസ്‌ഐപികളുടെ മൊത്തം ആസ്തി 5.44 ലക്ഷം കോടിയായി. 5.26 ലക്ഷംകോടി രൂപയായിരുന്നു ഓഗസ്റ്റ് അവസാനംവരെയുള്ള ആസ്തി. എസ്‌ഐപിയിൽ കുതിപ്പുണ്ടായതോടെ ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തിൽ തുടർച്ചയായി ഏഴാംമാസവും വൻവർധനയാണ് രേഖപ്പെടുത്തിയത്. 

എന്തുകൊണ്ട് എസ്‌ഐപിയിൽ വർധന?
വിപണി റെക്കോഡ് ഉയരത്തിൽ തുടരുന്നതിനാൽ ഒറ്റത്തവണ പണമിടുന്നതിനേക്കാൾ എസ്‌ഐപി നിക്ഷേപരീതിയാണ് മിക്കവാറുംപേർ സ്വീകരിക്കുന്നത്. 12-24 മാസക്കാലയളവിൽ എസ്‌ഐപിയായി നിക്ഷേപിച്ചാൽ വിപണിയുടെ ചാഞ്ചാട്ടത്തിനിടെ ദീർഘകാലയളവിൽ മികച്ചനേട്ടമുണ്ടാക്കാൻ കഴിയുമെന്നതാണ് ഈവഴി തിരഞ്ഞെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. 

എൻഎഫ്ഒ
എൻഎഫ്ഒവഴിയുള്ള നികഷേപത്തിലും കാര്യമായ വർധനവുണ്ടായി. സെപ്റ്റംബറിൽ അഞ്ച് ഇക്വിറ്റി എൻഎഫ്ഒകൾ വഴി 6,579 കോടി രൂപയാണ് സമാഹരിച്ചത്. ഓഗസ്റ്റിലാകട്ടെ 6,900 കോടി രൂപയും. വിപണികുതിക്കുന്ന സാഹചര്യത്തിൽ നിരവധി മ്യൂച്വൽ ഫണ്ട് കമ്പനികളാണ് പുതിയ ഫണ്ടുകൾ അവതരിപ്പിക്കുന്നത്. സെപ്റ്റംബറിൽമാത്രം പ്രധാന സൂചികകൾ മൂന്നുശതമാനമാണ് ഉയർന്നത്. ഒരുവർഷത്തിനിടെ നേട്ടം 50ശതമാനത്തിലധികവുമാണ്. 

ഡെറ്റ് ഫണ്ടുകളിൽ സംഭവിക്കുന്നത്
അതേസമയം, ഡെറ്റ് അധിഷ്ഠിത ഫണ്ടുകളിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കുകയാണുണ്ടായത്. 63,910 കോടി രൂപയാണ് നിക്ഷേപകർ സെപ്റ്റംബറിൽ തിരിച്ചെടുത്തത്. ലിക്വിഡ് ഫണ്ട്, അൾട്ര ഷോട്ട് ഡ്യൂറേഷൻ, ലോ ഡ്യൂറേഷൻ, മണി മാർക്കറ്റ് ഫണ്ടുകളിൽനിന്നാണ് വൻതോതിൽ പണം നിക്ഷേപകർ പിൻവലിച്ചത്. പാദവാർഷത്തിന്റെ അവസാനത്തിൽ കോർപറേറ്റ് നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നത് പതിവാണ്. മുൻകൂർ നികുതി അടക്കുന്നതിനുവേണ്ടിയാണ് വൻകിട സ്ഥാപനങ്ങളും ബാങ്കുകളും ഉൾപ്പടെയുള്ളവ ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളിൽ താൽക്കാലികമായി സൂക്ഷിക്കുന്ന നിക്ഷേപം പിൻവലിക്കുന്നത്.