സെക്യൂരീറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)സ്വർണം, വെള്ളി തുടങ്ങിയ മൂല്യമേറിയ ലോഹങ്ങളിൽ നിക്ഷേപിക്കുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു(ഇടിഎഫ്)കൾക്ക് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതുപ്രകാരം ഇടിഎഫ് രൂപത്തിൽ ഇനി വെള്ളിയിലും നിക്ഷേപിക്കാം. വ്യവസ്ഥകൾ 2021 ഡിസംബർ ഒമ്പതുമുതൽ നിലവിൽവരും. 

നിക്ഷേപിക്കുംമുമ്പ് അറിയാം

വ്യതിചലന സാധ്യത(ട്രാക്കിങ് എറർ)
വെള്ളിക്കട്ടിയുടെ ആദായത്തിന് അനുസൃതമായി വരുമാനമുണ്ടാക്കുകയാണ് സിൽവർ ഇടിഎഫിന്റെ ലക്ഷ്യം. 'ട്രാക്കിങ് എറർ' രണ്ടുശതമാനംവരെയാകാമെന്ന് ഫണ്ട് ഹൗസുകൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. ബെഞ്ച്മാർക്കിന്റെയും ഇടിഎഫിന്റെയും ആദായത്തിലെ വ്യതിയാനമാണ് 'ട്രാക്കിങ് എറർ'. ട്രാക്കിങ് വ്യതിയാനം രണ്ടുശതമാനത്തിൽ കൂടുതലാകുകയാണെങ്കിൽ ഇക്കാര്യം നിക്ഷേപകരെ അറിയിക്കേണ്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

അളവുകോൽ(ബെഞ്ച്മാർക്ക്)
ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ നിശ്ചയിച്ച മാനദണ്ഡപ്രകാരമുളള, 99.9ശതമാനം പരിശുദ്ധിയുള്ള 30 കിലോഗ്രാമിന്റെ ബാറുകളിലാണ് ഫണ്ട് ഹൗസുകൾ നിക്ഷേപിക്കുക. അസോസിയേഷന്റെ ഓരോദിവസത്തെയും നിലവാരത്തിന് അനുസൃതമായിട്ടായിരിക്കും വിലയിലെ നീക്കം. അറ്റ ആസ്തിയുടെ 95ശതമാനവും വെള്ളിയിലാകും നിക്ഷേപിക്കുക.

ചെലവ് അനുപാതം
ഫണ്ട് ഹൗസുകൾക്ക് ഈടാക്കാൻ കഴിയുന്ന ചെലവിന്റെകാര്യത്തിൽ മ്യൂച്വൽ ഫണ്ടുകൾക്കുള്ള വ്യവസ്ഥകളാകും ബാധകമാകുക. ഏതൊരു ഇടിഎഫിനെയുംപോലെ സ്‌കീമിന്റെ മൊത്തം ആസ്തിയുടെ ഒരുശതമാനത്തിൽകൂടരുതെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്. 

ഇടിഎഫ് ലിസ്റ്റ്‌ചെയ്യുന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മാർക്കറ്റ് സമയത്ത് വില പ്രദർശിപ്പിക്കും. യൂണിറ്റ് വില എൻഎവിയോട് അടുത്തുന്നെ ട്രേഡ് ചെയ്യുന്നുണ്ടോയെന്ന് വിലയിരുത്തി അതിനനുസരിച്ച് വാങ്ങാനും വില്‍ക്കാനും നിക്ഷേപകന് അതിലൂടെ കഴിയും. 

പണമാക്കൽ
മറ്റേത് ഇടിഎഫിനെയുംപോലെ സിൽവർ ഇടിഎഫിന്റെ യൂണിറ്റുകളും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. വ്യാപരത്തിന്റെ തോതനുസരിച്ചായിരിക്കും പണലഭ്യത ഉറപ്പാക്കാൻ കഴിയുക. ഇടപാടിന്റെ അളവ് കുറവാകുമെന്നതിനാൽ തുടക്കത്തിൽ വിറ്റ് പണമാക്കൽ എളുപ്പമാകില്ല. മാർക്കറ്റ് റിസ്‌കിനൊപ്പം, ലിക്വിഡിറ്റി റിസ്‌കും സ്‌കീം രേഖകളിൽ വിശദമാക്കിയിട്ടുണ്ടാകും.