gettyimages
നികുതിയിളവ് നേടാനുള്ള നിക്ഷേപ പദ്ധതികളില്‍ ജനപ്രിയമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം(ഇ.എല്‍.എസ്.എസ്) നികുതിയിളവിനൊപ്പം ഓഹരി നിക്ഷേപത്തില്‍നിന്നുള്ള ഉയര്‍ന്ന ആദായവും ലഭിക്കുമന്നതാണ് നേട്ടം. രണ്ട് വര്‍ഷത്തിനിടെ 22 ലക്ഷം ഫോളിയോകളാണ് ഇ.എല്‍.എസ്.എസ് വിഭാഗത്തില്‍ പുതിയതായി തുറന്നത്. 2020 ഡിസംബറിലെ 1.23 കോടിയില്‍നിന്ന് 2022 ഡിസംബറിലെത്തിയപ്പോള്‍ ഫോളിയോകളുടെ എണ്ണം 1.46 കോടിയായി(അവലംബം: ആംഫി).
ഇ.എല്‍.എസ്.എസിന്റെ പ്രത്യേകത
നികുതിയളിവിനൊപ്പം ദീര്‍ഘകാലയളവില്‍ മികച്ച സമ്പത്ത് സൃഷ്ടിക്കാനുള്ള സാധ്യതയും ടാക്‌സ് സേവിങ് ഫണ്ടുകള്‍ മുന്നോട്ടുവെയ്ക്കുന്നു. മറ്റേത് ആസ്തികളെക്കാളും ഉയര്‍ന്ന ആദായം ഓഹരികളില്‍നിന്ന് ലഭിക്കും. 80സിക്ക് കീഴിലുള്ള മറ്റ് നിക്ഷേപ പദ്ധതികളില്‍ ഏറ്റവും കുറഞ്ഞ നിര്‍ബന്ധിത നിക്ഷേപ കാലയളവും ഇ.എല്‍.എസ്.എസിനാണുള്ളത്. മൂന്നു വര്‍ഷം മാത്രം.
വിപണി അസ്ഥിരമാകുമ്പോള്‍ പണം പിന്‍വലിക്കാനുള്ള പ്രേരണയില്‍നിന്ന് നിക്ഷേപകനെ തടയാന്‍ നിര്‍ബന്ധിത നിക്ഷേപ കാലയളവ് ഉപകരിക്കും. പിന്നീടുണ്ടാകുന്ന വിപണിയുടെ മുന്നേറ്റത്തില്‍ കൂടുതല്‍ നേട്ടംലഭിക്കാന്‍ അത് സഹായകരമാകുന്നു. നിര്‍ബന്ധിത കാലയളവ് കഴിഞ്ഞാല്‍ നിക്ഷേപം പിന്‍വലിക്കണമെന്ന് നിര്‍ബന്ധവുമില്ല. റിട്ടയര്‍മെന്റ് പോലുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി എസ്.ഐ.പി തുടരുകയുംചെയ്യാം.
മൊത്തമായോ എസ്.ഐ.പിയായോ?
സാമ്പത്തിക വര്‍ഷ അവസാനം നികുതി ലാഭിക്കാന്‍ നിക്ഷേപകര്‍ തിരക്കുകൂട്ടുക സ്വാഭാവികം. വര്‍ഷാവസാനം ഒരുമിച്ചൊരു തുക നിക്ഷേപിക്കുന്നതിലൂടെ വ്യത്യസ്ത സമയങ്ങളിലെ വിപണി സാധ്യത പ്രയോജനപ്പെടുത്താനുള്ള അവസരം നഷ്ടമാകുന്നു. അതുകൊണ്ടുതന്നെ എസ്.ഐ.പിയുടെ സാധ്യത പ്രയോജനപ്പെടുത്താം.
ആഭ്യന്തരവും അന്തര്‍ദേശീയവുമായ നിരവധി കാരണങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് വിപണിയുടെ നീക്കം. അതുകൊണ്ടുതന്നെ നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയത്തിനായി കാത്തിരിക്കാതെ എസ്‌ഐപി വഴി നിക്ഷേപം ആരംഭിക്കാം. യുക്തിസഹമായ തീരൂമാനമെടുക്കുന്നതിനു പകരം വൈകാരിക കാണങ്ങളാണ് ഭൂരിഭാഗംപേരെയും മുന്നോട്ടുനയിക്കുക. വിപണി ഉയരുമ്പോള്‍ അത്യാഗ്രഹവും താഴുമ്പോള്‍ ഭയവും പിടികൂടും. അപ്പോള്‍ അനുജിതമായ തീരുമാനങ്ങളാകും നിക്ഷേപകനെടുക്കുക. അതിനുള്ള പരിഹാരം കൂടിയാണ് എസ്.ഐ.പി.
വര്‍ഷം മുഴുവനും ഘട്ടംഘട്ടമായി നിക്ഷേപിക്കാനുള്ള സാധ്യതയാണ് ഇ.എല്‍.എസ്.എസിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍ മുന്നോട്ടുവെയ്ക്കുന്നത്. നിശ്ചിത ഇടവേളകളില്‍ വര്‍ഷം മുഴുവന്‍ നിക്ഷേപിക്കുന്നതിനാല്‍ മൊത്തം നിക്ഷേപ ചെലവ് ശരാശരിയില്‍ നിര്‍ത്താനും കൂടുതല്‍ നേട്ടമുണ്ടാക്കാനും കഴിയുന്നു.
നികുതി ലാഭിക്കല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിലൂടെ ഗാര്‍ഹിക ബജറ്റിലെ സമ്മര്‍ദം ലഘൂകരിക്കാം. നികുതി ലാഭിക്കുന്നതിനുപുറമെ, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പതിവായി എസ്‌ഐപിയായി നിക്ഷേപിക്കുന്ന ശീലം വളര്‍ത്തിയെടുക്കാനുമാകും. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതം മറികടന്ന് മികച്ച വരുമാനംനേടാനും നിക്ഷേപ അച്ചടക്കം വളര്‍ത്താനും ഇഎല്‍എസ്എസിലെ എസ്‌ഐപി നിക്ഷേപം ഉപകരിക്കും.
(പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ സി.ഐ.ഒ ആണ് ലേഖകന്‍)
Content Highlights: Should you invest lumpsum or SIP in ELSS?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..