സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) പുതിയ ഒരു ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് കാറ്റഗറികൂടി അവതരിപ്പിച്ചു. 

ഫ്‌ള്ക്‌സി ക്യാപ് എന്ന് പേരിട്ടിരിക്കുന്ന വിഭാഗത്തില്‍ ചുരുങ്ങിയത് 65ശതമാനമെങ്കിലും നിക്ഷേപം ഓഹരിയിലായിരിക്കണം. ഓഹരികളുടെ വിപണിമൂല്യമോ, വിവിധ കാറ്റഗറികളോ നിക്ഷേപത്തിന് തടസ്സമാകില്ല.  അതായത് ലാര്‍ജ് ക്യാപിലോ, മിഡ് ക്യാപിലോ, സ്‌മോള്‍ ക്യാപിലോ യഥേഷ്ടം നിക്ഷപിക്കാന്‍ ഈ കാറ്റഗറിയിലെ ഫണ്ടുകള്‍ക്ക് കഴിയും. 

മള്‍ട്ടിക്യാപിന്റെ നിക്ഷേപ രീതിയില്‍ മാറ്റംവരുത്തിയതിനുപിന്നാലെയാണ് സെബിയുടെ പുതിയ പരിഷ്‌കരണം. പുതുക്കിയ വ്യവസ്ഥ പ്രകാരം മള്‍ട്ടിക്യാപ് ഫണ്ടുകള്‍, ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ 25ശതമാനംവീതം നിക്ഷേപം നടത്തേണ്ടതുണ്ട്. 2021 ജനുവരിയോടെ പുതുക്കിയ നിബന്ധന ഫണ്ടുകള്‍ പാലിക്കേണ്ടത്. 

നിലവിലെ സംവിധാനംപൊളിച്ചെഴുതിയുള്ള സെബിയുടെ തീരുമാനം നിക്ഷേപലോകത്തുനിന്ന് വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. പുതിയ കാറ്റഗറി വരുന്നതോടെ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമാകും. മള്‍ട്ടിക്യാപ് ഫണ്ടുകള്‍ക്ക് ഫ്‌ളക്‌സി ക്യാപിലേയ്ക്കു ചുവടുമാറ്റാനുള്ള സാധ്യത എഎംസികള്‍ക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപ രീതി മാറ്റാതെതന്നെ ഫ്‌ളക്‌സി ക്യാപില്‍ തുടരാന്‍ ഈ ഫണ്ടുകള്‍ക്കു കഴിയും. കാറ്റഗറിയില്‍മാത്രമെ മാറ്റമുണ്ടാകൂ.

SEBI introduces a flexi-cap category in mutual funds