പ്രവര്‍ത്തനം നിര്‍ത്തുന്ന ഫണ്ടുകള്‍ ഓഹരി വപിണിയില്‍ ലിസ്റ്റ് ചെയ്യാന്‍ സെബിയുടെ നിര്‍ദേശം. കോവിഡ് വ്യാപനത്തെതുടര്‍ന്ന് പണലഭ്യതകുറഞ്ഞതിനാല്‍ പ്രതിസന്ധിയിലായ ഫ്രങ്ക്‌ളിന് ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനം മരവിപ്പിച്ച സാഹചര്യത്തിലാണിത്.

വിപണിയില്‍ ലിസ്റ്റ് ചെയ്താല്‍ നിക്ഷേപകന് എപ്പോള്‍ വേണമെങ്കിലും പണംപിന്‍വലിക്കാനുള്ള അവസരം ലഭിക്കും. ആവശ്യമെങ്കില്‍ നിക്ഷേപം നിലനിര്‍ത്താനും കഴിയും. നിക്ഷേപകന് പണലഭ്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് സെബിയുടെ നടപടി.  

ഓഹരികളെപ്പോലെ മ്യൂച്വല്‍ ഫണ്ടുയൂണിറ്റുകള്‍ ഇലക്ട്രോണിക്(ഡീമാറ്റ്) രൂപത്തിലേയ്ക്ക് മാറ്റിയശേഷമാണ് ഇടപാട് സാധ്യമാകുക. എക്‌സ്‌ചേഞ്ചില്‍ വില്പനയോ വാങ്ങലോ നടന്നാലും സെബിയുടെ അന്തിമ അനുമതിയോടെയായിരിക്കും ഇടപാട് പൂര്‍ത്തിയാക്കാനാകുക.

ഫണ്ടുഹൗസുകള്‍ക്കോ, സ്‌പോണ്‍സേഴ്‌സിനോ ട്രസ്റ്റികള്‍ക്കോ ഇത്തരം ഫണ്ടുകളുടെ യൂണിറ്റുകളില്‍ ഇടപാട് നടത്താന്‍ അനുവദിക്കില്ലെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്.

നിക്ഷേപകന് യൂണിറ്റുകള്‍വിറ്റ് ആവശ്യമുള്ളപ്പോള്‍ പണംപിന്‍വലിക്കാന്‍ ഇതിലൂടെ കഴിയും. പ്രവര്‍ത്തനം മരവിപ്പിച്ച ഫണ്ടുകളില്‍നിന്ന് പണംപിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യം ഭാവിയിലുണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് സെബിയുടെ പുതിയ തീരുമാനം. 

ഫ്രങ്ക്‌ളിന്‍ ടെംപിള്‍ടണിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ ഫണ്ടുകള്‍ മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. അതിനാല്‍തന്നെ ഭാവിയില്‍ മികച്ചനേട്ടം ലഭിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് വിപണിയിലൂടെ വാങ്ങാന്‍ നിക്ഷേപകരുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മറ്റുഫണ്ടുഹൗസുകള്‍ ഈ സാഹചര്യംനേിരട്ടാല്‍, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് നിക്ഷേപകന് ഭാഗികമായോ പൂര്‍ണമായോ പണംപിന്‍വലിക്കാന്‍ സൗകര്യമൊരുക്കാം.