Photo:Gettyimages
വളര്‍ച്ചയോടൊപ്പം താരതമ്യേന സ്ഥിരതയുള്ള നേട്ടവും നല്‍കുന്നവയാണ് ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍. ചുരുങ്ങിയത് 35 ശതമാനം നിക്ഷേപം ലാര്‍ജ് ക്യാപ് ഓഹരികളിലായതിനാല്‍ സ്ഥിരതയാര്‍ന്ന നേട്ടം പ്രതീക്ഷിക്കാം. മിഡ് ക്യാപ് ഓഹരികളിലും അത്രതന്നെ നിക്ഷേപമുള്ളതിനാല്‍ മികച്ച വളര്‍ച്ചാ സാധ്യതയും ഈ വിഭാഗം ഫണ്ടുകള്‍ മുന്നോട്ടുവെയ്ക്കുന്നു.
അഞ്ച് വര്‍ഷ കാലയളവില്‍ ഈ കാറ്റഗറിയിലെ നാല് ഫണ്ടുകള്‍ 19 ശതമാനത്തിലേറെ ആദായം നല്‍കിയതായി കാണുന്നു. ഐസിഐസിഐ പ്രു ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ്, ക്വാണ്ട് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ്, എച്ച്ഡിഎഫ്‌സി ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ്, എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് എന്നീ ഫണ്ടുകളാണ് ഇവ.
പത്ത് വര്‍ഷ കാലയളവിലാകട്ടെ മൂന്ന് ഫണ്ടുകള്‍ 17 ശതമാനത്തിലേറെ നേട്ടം നിക്ഷേപകന് സമ്മാനിച്ചു. മിറെ അസറ്റ് എമേര്‍ജിങ് ബ്ലുചിപ്പ്, കാനാറ റൊബേകോ എമേര്‍ജിങ് ഇക്വിറ്റീസ്, ക്വാണ്ട് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് എന്നിവയാണിവ.
എസ്.ഐ.പി നിക്ഷേപം
ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് വിഭാഗത്തില്‍ 10 വര്‍ഷ കാലയളവില്‍ കൂടുതല്‍ റിട്ടേണ്‍ നല്‍കിയ ഫണ്ടില്‍ പ്രതിമാസം 25,000 രൂപ വീതം നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അതിന്റെ മൂല്യം 86.70 ലക്ഷമാകുമായിരുന്നു. വാര്‍ഷിക റിട്ടേണ്‍ ആകട്ടെ 19.57ശതമാനവും. നിക്ഷേപിച്ച തുക 30 ലക്ഷവും ആദായം 56.70 ലക്ഷവുമാണ്. വിപണിയില്‍ ചാഞ്ചാട്ടം നേരിടുന്ന സമയത്തും ദീര്‍ഘകാലയളവില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ എസ്‌ഐപി നിക്ഷേപത്തിലൂടെ കഴിയുമെന്നതിന് ഉദാഹരണമാണ് ഈ ഫണ്ടുകളിലെ നേട്ടം.
പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാം
ഫണ്ടുകളുടെ പ്രകടനം എല്ലായിപ്പോഴും ഒരുപോലെയായിരിക്കണമെന്നില്ല. വിവിധ വിപണി സൈക്കിളുകളില്‍ മികച്ച റിട്ടേണ്‍ നല്‍കിയവ പിന്നിലേയ്ക്കു പോകാനോ നിലവില്‍ അത്രതന്നെ നേട്ടം നല്‍കാത്തവ മുന്നിലേയ്ക്കു വരാനോ സാധ്യതയുണ്ട്. ആറു മാസം കൂടുമ്പോഴോ വര്‍ഷത്തിലൊരിക്കലോ നിക്ഷേപ പോര്‍ട്‌ഫോളിയോ അവലോകനം ആവശ്യമാണ്. ഫണ്ടുകള്‍ അടിസ്ഥാനമാക്കിയിട്ടുള്ള സൂചികകളുടെ പ്രകടനവുമായി താരതമ്യം ചെയ്യണം. ഹ്രസ്വകാലത്തെ പ്രകടനത്തിനപ്പുറം 3-5 വര്‍ഷ കാലയളവില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയാണ് വേണ്ടത്.
നിക്ഷേപ സ്ട്രാറ്റജി അനുകൂലമല്ലാതിരുന്നതുകൊണ്ടാകാം ചിലപ്പോള്‍ പ്രകടനം താഴെപോയിട്ടുണ്ടാകുക. ഉദാഹരണത്തിന്, ഈയിടെ ഐടി ഓഹരികളില്‍ തകര്‍ച്ചയുണ്ടായപ്പോള്‍ ഈ വിഭാഗത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ള ഫണ്ടുകളുടെ പ്രകടനത്തെ ബാധിച്ചിരുന്നു. ഭാവിയില്‍ മികച്ച മുന്നേറ്റംനടത്താന്‍ ഈ ഫണ്ടുകള്‍ക്ക് കഴിയുമെന്നകാര്യത്തില്‍ സംശയമില്ല.
ഒരേ കാറ്റഗറിയിലെ മറ്റ് ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സാഹചര്യത്തില്‍ സൂക്ഷ്മ പരിശോധന ആവശ്യമാണ്. ഓഹരികളുടെ തിരഞ്ഞെടുപ്പ്, നിക്ഷേപ തന്ത്രത്തിലെ മാറ്റങ്ങള്‍, ഫണ്ട് മാനേജര്‍മാര്‍ മാറുന്നത് തുടങ്ങിയവയാകാം കാരണങ്ങള്‍. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വലിപ്പം, നിക്ഷേപ ശൈലിയിലെ അസ്ഥിരത- എന്നിവയും പ്രകടനത്തെ ബാധിച്ചേക്കാം. ഇക്കാര്യങ്ങള്‍ വിലയിരുത്തി ഉചിതമായ തീരുമാനമെടുത്തുവേണം മുന്നോട്ടുപോകാന്‍.
antonycdavis@gmail.com
Content Highlights: Over 19% Gain: How Rs 25,000 SIP Becomes Rs 86 Lakh?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..