Photo: Gettyimages
ഇന്ത്യയില്‍ മ്യൂച്വല്‍ഫണ്ട് വ്യവസായം ഏതാനും വര്‍ഷങ്ങളായി കാര്യമായ വളര്‍ച്ച നേടിയിട്ടുണ്ട്. വരുമാനത്തിലെ വര്‍ധന, സാമ്പത്തിക സാക്ഷരതയിലുണ്ടായ വളര്‍ച്ച, ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ മ്യൂച്വല്‍ഫണ്ട് ഉല്‍പന്നങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന പ്രിയം എന്നീ ഘടകങ്ങളാണ് ഇതിനു പിന്നില്‍.
2023-24 വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ ബജറ്റ് രാജ്യത്തിന്റെ ധനകാര്യ പരിസ്ഥിതിയില്‍ പല മാറ്റങ്ങളും കൊണ്ടു വന്നിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ടിന് സ്വീകാര്യതയേറാന്‍ ഇതും കാരണമാണ്. ടാക്സ് സ്ലാബുകളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍, വിപണിയുമായി ബന്ധപ്പെട്ട കടപ്പത്രങ്ങള്‍ ഒഴിവാക്കിയ നടപടി എന്നിവ കൂടുതലാളുകളെ നിക്ഷേപ ഉപാധി എന്ന നിലയില്‍ മ്യൂച്വല്‍ ഫണ്ടിലേക്കു തിരിയാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. മ്യൂച്വല്‍ഫണ്ട് ഉല്‍പന്നങ്ങളില്‍ നിക്ഷേപിക്കുന്നതിന്റെ ഗുണങ്ങള്‍ കൂടുതല്‍ വ്യാപകമായി അറിയുകയും മനസിലാക്കുകയും ചെയ്യുന്നതോടെ ഈ പ്രവണത തുടരുമെന്നാണ് കരുതപ്പെടുന്നത്.
മ്യൂച്വല്‍ഫണ്ടുകളില്‍ എളുപ്പം നിക്ഷേപിക്കാം
മ്യൂച്വല്‍ഫണ്ട് ഉല്‍പന്നങ്ങള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കിത്തീര്‍ക്കുന്ന നിരവധി പുതിയ പദ്ധതികളും വകുപ്പുകളും 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലുണ്ട്. ബാങ്കിംഗ് രംഗത്തിന് ഊര്‍ജം പകരുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസന, ഊര്‍ജ്ജ മേഖലകളില്‍ ബജറ്റ് കൂടുതല്‍ പണം വകയിരുത്തി. ഈ മേഖലകളില്‍ പണം നിക്ഷേപിച്ച് ഫണ്ടുകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കിത്തീര്‍ക്കാന്‍ മ്യൂച്വല്‍ ഫണ്ടുകളെ പ്രേരിപ്പിക്കാന്‍ ബജറ്റിലെ നടപടികള്‍ സഹായിച്ചിട്ടുണ്ട്. ധനകാര്യ ഉല്‍പന്നങ്ങള്‍ കൂടുതല്‍ സ്വീകാര്യമാക്കുന്നതിന് കെവൈസി നടപടികള്‍ ലളിതമാക്കുന്നതിന്റെ ആവശ്യകത ധനകാര്യ മന്ത്രി ഊന്നിപ്പറയുകയും ചെയ്തിരുന്നു.
കെവൈസി നടപടികള്‍ ലളിതമാക്കുന്നത് വളരെ പ്രയോജനം ചെയ്യും. കൂടുതല്‍ നിക്ഷേപകരെ മൂലധന വിപണിയിലേക്കും നിക്ഷേപ ഉല്‍പന്നങ്ങളിലേക്കും ആകര്‍ഷിക്കുന്നതിന് ഇത് പര്യാപ്തമായിത്തീരുമെന്നുറപ്പാണ്. രാജ്യത്തുടനീളം സാമ്പത്തിക നിക്ഷേപങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കെവൈസിയുടെ ലളിത വല്‍ക്കരണം ഇത് കൂടുതല്‍ ഉത്തേജിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. ലളിതവല്‍ക്കരിക്കപ്പെട്ട കെവൈസി നടപടികള്‍ നിക്ഷേപ ഉല്‍പന്നങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് പ്രാപ്യമാക്കിത്തീര്‍ക്കുകയും മൂലധന വിപണിയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്യും.
കൃത്യമായ സന്തുലനം
നിക്ഷേപ ലക്ഷ്യം, ഫണ്ട് മാനേജറുടെ ട്രാക് റെക്കോഡ്, പ്രകടന ചരിത്രം, ആസ്തി, ചെലവിന്റെ അനുപാതം, റിസ്‌ക് തുടങ്ങി അനേകം ഘടകങ്ങള്‍ വിലയിരുത്തിയാണ് നിക്ഷേപകര്‍ ഒരു മ്യൂച്വല്‍ഫണ്ട് പദ്ധതി തെരഞ്ഞെടുക്കുക. വ്യത്യസ്ത മ്യൂച്വല്‍ ഫണ്ടുകള്‍ വ്യത്യസ്ത നിക്ഷേപ ലക്ഷ്യങ്ങള്‍ക്കാണ് ചേരുക എന്നതിനാല്‍ ഇക്കാര്യം കൂടി നിക്ഷേപകര്‍ പരിഗണിക്കും.
കടപ്പത്രവും ഓഹരികളുമുള്‍പ്പെട്ട സന്തുലിത പോര്‍ട്ഫോളിയോ തിരയുന്ന നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഏറ്റവും ഗുണകരമാണ് സന്തുലിത ആനുകൂല്യ ഫണ്ടുകള്‍ അഥവാ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍. ഓഹരികളില്‍ നിന്നും കടപ്പത്രങ്ങളില്‍ നിന്നും നിക്ഷേപകര്‍ക്ക് ഒരു പോലെ ആനുകൂല്യം ലഭിക്കത്തക്കവിധം ആസ്തി അനുവദിക്കുന്ന ഈ ഫണ്ടുകള്‍ വിപണിയിലെ സാഹചര്യത്തിനനുസരിച്ച് അവയുടെ ആസ്തി വിതരണം ചെയ്യാന്‍ കെല്‍പുള്ളവയാണ്.
ജനങ്ങള്‍ക്കുപകാരപ്പെടുന്ന നിക്ഷേപ മാര്‍ഗ്ഗം
നിക്ഷേപകരുടെ വ്യത്യസ്തമായ ആവശ്യങ്ങളും പരിഗണനകളും കണക്കിലെടുക്കുന്ന, പല തലത്തില്‍ പെട്ട അനേകം പദ്ധതികള്‍ ഇന്ത്യയിലെ മ്യൂച്വല്‍ഫണ്ടുകള്‍ നല്‍കുന്നുണ്ട്. രാജ്യത്തെ ഏറ്റവും പ്രചാരമുള്ള മ്യൂച്വല്‍ഫണ്ട് പദ്ധതികളില്‍ ഓഹരികള്‍, കടപ്പത്രങ്ങള്‍, ഹൈബ്രിഡ്, സ്വര്‍ണ, വെള്ളി പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുന്നു.
മ്യൂച്വല്‍ ഫണ്ടുകളില്‍ ലഭിക്കുന്ന ഇത്തരം വിശാലമായ നിക്ഷേപ അവസരങ്ങള്‍ നിക്ഷേപകര്‍ക്ക് പല തരത്തില്‍ ഗുണപ്പെടുന്നവയാണ്. നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപ ലക്ഷ്യങ്ങളും ,റിസ്‌കെടുക്കാനുള്ള കെല്‍പ്പും നിക്ഷേപ കാലാവധിയും അനുസരിച്ച് പദ്ധതികള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.
ദീര്‍ഘകാല നിക്ഷേപ ലക്ഷ്യമുള്ള നിക്ഷേപകര്‍ക്ക് കൂട്ടുപലിശയുടെ പ്രയോജനവും ലഭിക്കും. അച്ചടക്കത്തോടെയുള്ള സമീപനം നിലനിര്‍ത്താന്‍ കഴിയുന്നവര്‍ക്ക് വൈവിധ്യമാര്‍ന്ന നിക്ഷേപ പോര്‍ട്ഫോളിയോ രൂപീകരിച്ച് ഒറ്റ ആസ്തിയില്‍ നിക്ഷേപിക്കുന്നതുകൊണ്ടുള്ള റിസ്‌ക് കുറയ്ക്കാനും സാധിക്കും.
വ്യവസ്ഥാപിത നിക്ഷേപ പദ്ധതി എന്ന എസ്ഐപിയാണ് നിക്ഷേപകര്‍ക്ക് ധനവിപണിയില്‍ പ്രവേശിക്കാനും നിശ്ചിത കാലപരിധിയില്‍ പണം നിക്ഷേപിച്ച് കാര്യമായ സമ്പത്തുണ്ടാക്കാനും ഏറ്റവും നല്ല വഴി. തുടര്‍ച്ചയായി പണം നിക്ഷേപിക്കുന്നതിനാല്‍ രൂപയുടെ കോസ്റ്റ് ആവറേജിംഗ് ആനുകൂല്വും അവര്‍ക്കു ലഭിക്കും. വിപണിയിലെ അനിശ്ചിതത്വങ്ങള്‍ മൂലം നിക്ഷേപത്തിനേല്‍ക്കാവുന്ന പരിക്കില്‍ നിന്നു രക്ഷപ്പെടാന്‍ ഇതുപകരിക്കും.
അവരവരുടെ നിക്ഷേപ ലക്ഷ്യങ്ങളും റിസ്‌കെടുക്കാനുള്ള കെല്‍പ്പും നിക്ഷേപ കാലാവധിയും കണക്കിലെടുത്തുവേണം നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കാന്‍. ഫണ്ട് മാനേജറുടെ മുന്‍കാല ചരിത്രം, പ്രകടന വിവരങ്ങള്‍, ആസ്തി, റിസ്‌ക് പ്രൊഫൈല്‍ എന്നീ ഘടകങ്ങള്‍ കൂടി പരിഗണിക്കണം.
നാളെയുടെ സാധ്യതകള്‍
ധാരാളം പദ്ധതികള്‍, വര്‍ധിക്കുന്ന ധന സാക്ഷരത, വര്‍ധിക്കുന്ന വരുമാനം എന്നീ കാരണങ്ങളാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ഇന്ത്യന്‍ മ്യൂച്വല്‍ഫണ്ട് വ്യവസായം കാര്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ എഎംഎഫ്ഐയുടെ കണക്കുകള്‍ പ്രകാരം ഈ വ്യവസായം കൈകാര്യം ചെയ്യുന്ന ശരാശരി ആസ്തി 40.69 ലക്ഷം കോടി രൂപയുടേതാണ്. 2023 ഫെബ്രുവരിയിലെ ഈ കണക്കുകള്‍ ഇന്ത്യന്‍ മ്യൂച്വല്‍പണ്ട് വ്വസായ കുതിപ്പിന്റെ പാതയിലാണെന്നു കാണിക്കുന്നു. നിരവധി പദ്ധതികളിലൂടെ ഇന്ത്യയിലെ മ്യൂച്വല്‍ഫണ്ട് വ്യവസായം വരും വര്‍ഷങ്ങളിലും രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ സുപ്രധാന പങ്കാളിത്തം തുടരുമെന്നുറപ്പാണ്.
(എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡിലെ പ്രോഡക്ട്സ് ആന്റ് സ്ട്രാറ്റജി വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Mutual funds to drive the economy forward
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..