മുംബൈ: ഓഹരി വിപണി കൂപ്പുകുത്തിയ ഒക്ടോബറിലും മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ നിക്ഷേപം കുമിയുന്നു.

കഴിഞ്ഞവര്‍ഷം ഇതേമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 42 ശതമാനമാണ് നിക്ഷേപത്തില്‍ വര്‍ധന. രൂപയുടെ മൂല്യമിടിവും അസംസ്‌കൃത എണ്ണയുടെ വിലവര്‍ധനവും ഓഹരി വിപണിയെ ബാധിച്ചതൊന്നും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിച്ചില്ല. 

ഒക്ടോബര്‍ മാസത്തില്‍ 7,985 കോടി രൂപയണ് എസ്‌ഐപി നിക്ഷേപമായെത്തിയത്. മുന്‍വര്‍ഷം ഒക്ടബോറിലെത്തിയ നിക്ഷേപം 5,621 കോടി രൂപയുമാണ്. ഈവര്‍ഷം സെപ്റ്റംബറിലാകട്ടെ 7,727 കോടിയും നിക്ഷേപമായെത്തി. 

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍വരെ 52,472 കോടി രൂപയാണ് മൊത്തം എസ്‌ഐപി നിക്ഷേപമായി വിവിധ ഫണ്ടുകളിലെത്തിയതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

സജീവമായ 2.5 കോടി എസ്‌ഐപി അക്കൗണ്ടുകളാണ് നിലവിലുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ പ്രതിമാസം 10 ല്ക്ഷം പുതിയ എസ്‌ഐപി അക്കൗണ്ടുകളാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. 

Content Highlights: Mutual funds SIP investment, climbs 42% in October