2020-21 സാമ്പത്തികവർഷത്തിൽ മ്യൂച്ച്വൽ ഫണ്ടുകൾ വിറ്റഴിച്ച ഓഹരികളുടെ മൂല്യത്തിൽ റെക്കോഡ് വർധന. 1.27 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഈകാലയളവിൽ ഫണ്ടുകമ്പനികൾ വിറ്റത്. 

കഴിഞ്ഞ ഏഴുവർഷത്തിനിടെ ഇതാദ്യമായാണ് എഎംസികൾ അറ്റ വില്പനക്കാരാവുന്നത്. കഴിഞ്ഞ ആറ് സാമ്പത്തികവർഷവും ഓഹരികൾ വാങ്ങിക്കൂട്ടുന്നതിലായിരുന്നു ഫണ്ടുകൾ മുന്നിൽ. 

2018 സാമ്പത്തികവർഷത്തിൽ 1.41 ലക്ഷം കോടി രൂപയാണ് ഫണ്ടുകൾ ഓഹരിയിൽ നിക്ഷേപിച്ചത്. 2019ൽ ഇത് 88,152 കോടി രൂപയും 2020ൽ 91,814 കോടി രൂപയുമായിരുന്നു അറ്റനിക്ഷേപം. ഇതിനുമുമ്പ് 2014ലിലാണ് 21,159 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ച് അറ്റവില്പനക്കാരായത്. 

അതേസമയം, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 2.6 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തികവർഷം രാജ്യത്തെ ഓഹരിയിൽ നിക്ഷേപിച്ചത്.  കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ(2015-20)മ്യൂച്വൽ ഫണ്ടുകൾ 4.85 ലക്ഷംകോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടേതിനേക്കാൾ 2.6 ഇരട്ടിയോളംവരുമിത്. 

കഴിഞ്ഞ മെയ്മാസത്തിനുശേഷം വിപണി ഉയരാൻ തുടങ്ങിയപ്പോൾ ഫണ്ടുകൾവിറ്റ് നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതും പോർട്ട്‌ഫോളിയോ ക്രമപ്പെടുത്തിയതുമാണ് ഓഹരികൾ വിറ്റഴിക്കേണ്ട സാഹചര്യമുണ്ടാക്കിയത്.