Photo: Gettyimages
ജനപ്രിയ മ്യൂച്വല്‍ ഫണ്ട് കാറ്റഗറിയായ ഫ്‌ളക്‌സി ക്യാപില്‍ ഉള്‍പ്പടെ 18 എന്‍എഫ്ഒ കളാണ് എഎംസികള്‍ ഈയിടെ പ്രഖ്യാപിച്ചത്. മള്‍ട്ടി ക്യാപ്, സെക്ടറല്‍ ഫണ്ടുകള്‍, ഇടിഎഫ്, ഗില്‍റ്റ് ഫണ്ട്, ഫിക്‌സ്ഡ് മെച്യൂരിറ്റി പ്ലാന്‍ തുടങ്ങിയവയും അവയില്‍ ഉള്‍പ്പെടുന്നു.
എന്‍എഫ്ഒ വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം തുടങ്ങിയിട്ടുള്ള നിരവധിപേരെ കാണാം. പോര്‍ട്ട്‌ഫോളിയോ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുകയുംചെയ്യും. ഫണ്ട് കമ്പനികള്‍ പ്രചാരണ പരിപാടികളിലൂടെ വിതരണക്കാര്‍ വഴി പരമാവധി നിക്ഷേപം സമാഹരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായികൂടിയാണ് കൂടുതല്‍ പേരിലേയ്ക്ക് പുതിയ ഫണ്ടുകളെത്തുന്നത്.
സ്ഥിരമായി ന്യൂ ഫണ്ട് ഓഫറുകളില്‍ നിക്ഷേപം നടത്തുന്നവരുമുണ്ട്. ഫണ്ട് വിതരണക്കാര്‍ 10 രൂപയ്ക്ക് യൂണിറ്റ് വാഗ്ദാനം ചെയ്യുന്നതിനാല്‍ എന്‍എഫ്ഒകള്‍ ആകര്‍ഷകമാണെന്ന് ചിലര്‍ കരുതുന്നു.
ഒരു കാറ്റഗറിയില്‍ എഎംസിക്ക് ഒരു ഫണ്ട് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് സെബിയുടെ നിര്‍ദേശമുണ്ട്. അതുകൊണ്ടുതന്നെ വിവിധ കാറ്റഗറികളില്‍ വൈവിധ്യവത്കരിക്കുന്നതിനായി എഎംസികള്‍ പുതിയ ഫണ്ട് ഓഫറുകള്‍ പ്രഖ്യാപിക്കുന്നു. മൊത്തം നിക്ഷേപ ആസ്തി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യംകൂടി ഇതിന് പിന്നിലുണ്ട്. പുതിയ നിക്ഷേപ ആശയമോ അവസരമോ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നവയുമാകാം ചില ഫണ്ടുകള്‍.
യൂണിറ്റ് വില
10 രൂപ എന്‍എവിയില്‍ ഒരു യൂണിറ്റ് ലഭിക്കുമെന്നത് ലാഭകരമായി വിശ്വസിക്കുന്നവരുണ്ട്. ഉയര്‍ന്ന എന്‍എവി(യൂണിറ്റിന്റെ വില)യുള്ള ഫണ്ടുകളേക്കാള്‍ മികച്ചതാണെന്ന് തെറ്റിധരിക്കുന്നു. നിക്ഷേപം ആരംഭിക്കുന്നതിനാലാണ് പുതിയ ഫണ്ടുകളില്‍ യൂണിറ്റ് വില 10 രൂപയായി നിശ്ചയിച്ചിട്ടുള്ളത്. ദീര്‍ഘകാല പ്രവര്‍ത്തന ചരിത്രമുള്ള ഫണ്ടുകളുടെ എന്‍എവി ഉയര്‍ന്നതായിരിക്കും.
ദീര്‍ഘകാല പ്രകടന ചരിത്രമുള്ള ഫണ്ടുകള്‍ നിക്ഷേപത്തിന് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വിപണിയില്‍ ലഭ്യമല്ലാത്ത പുതിയ ആശയം അടിസ്ഥാനമാക്കിയുള്ള നിക്ഷേപരീതിയാണ് എന്‍എഫ്ഒ വാഗ്ദാനം ചെയ്യുന്നതെങ്കില്‍ നിക്ഷേപം നടത്താം. ദീര്‍ഘകാലയളവില്‍ മികച്ച പ്രകടന ചരിത്രമുള്ള ഫണ്ടുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഫണ്ടുമാനേജര്‍മാരുടെ നേതൃത്വത്തില്‍ തുടങ്ങുന്നവയും പരിഗണിക്കാം.
പുതിയ ഫണ്ടുകള്‍ ഭാവിയില്‍ മികച്ച നേട്ടം നല്‍കണമെന്നില്ല. അതേസമയം, വിപണി തിരുത്തലിന്റെ സമയമായതിനാല്‍ നിക്ഷേപിക്കാന്‍ മികച്ച അവസരവും ലഭിക്കും. ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് പുതിയ ഫണ്ടുകള്‍ നിക്ഷേപത്തിന് തിരഞ്ഞെടുക്കാം.
.png?$p=2ef658e&&q=0.8)
Content Highlights: Many New Fund Offers: Should you invest?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..