ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സെക്യൂരിറ്റീസ് ആന്‍ഡ് ക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) പരാജയപ്പെട്ടതായി കര്‍ണാടക ഹൈക്കോടതി. 

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. 

ഫ്രാങ്ക്‌ളിന്‍ ട്രസ്റ്റീസ് ഏപ്രില്‍ 23ന് പാസാക്കിയ പ്രമേയത്തിന്റെ പകര്‍പ്പ് സെബിയുടെ കൈവശമില്ലായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഏപ്രില്‍ 14ന് അയച്ച ഇ-മെയിലിന് സെബിയുടെ ഭാഗത്തുനിന്ന് പ്രതികരണവുമുണ്ടായില്ല. 

ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നിന് ട്രസ്റ്റിമാര്‍ അയച്ച കത്തിന് മറുപടി നല്‍കിയില്ല. റെഗുലേറ്ററായ സെബിയുടെ അനുമതിതേടിക്കൊണ്ടുള്ളതായിരുന്നു കത്തെന്നും കോടതി കണ്ടെത്തി. 

ഉത്തരവിലെ പ്രധാനകാര്യങ്ങള്‍:

  • ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിക്ഷേപകരുടെ അനുമതിയില്ലാതെ ഫണ്ടുകമ്പനിയക്ക് കഴിയില്ല.
  • ബോര്‍ഡ് പ്രമേയത്തിന്റെ കോപ്പി നിക്ഷേപകര്‍ക്ക് നല്‍കണമെന്ന് സെബിയുടെ 39-41 മ്യൂച്വല്‍ ഫണ്ട് റെഗുലേഷനുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതുപാലിച്ചില്ല.
  • ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ സെബി നടപടിയെടുക്കണം. അതേസമയം, ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ കോപ്പി നിക്ഷേപകര്‍ക്ക് നല്‍കണ്ടതില്ല.
  • കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഫ്രാങ്ക്‌ളിന് ആറ് ആഴ്ചത്തെ സമയം അനുവദിച്ചു. 

ഉത്തരവ് വിലയിരുത്തുകയാണെന്നും ആവശ്യമെങ്കില്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ഇന്ത്യ പ്രസിഡന്റ് സഞ്ജയ് സാപ്രെ പ്രതികരിച്ചു.