റാഞ്ചിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രൂപേഷിന് അറിയേണ്ടത് 15 വര്‍ഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാന്‍ കഴിയുമോയെന്നാണ്. അതിനുയോജിച്ച നിക്ഷേപ പദ്ധതി നിര്‍ദേശിക്കാമോയെന്നാണ് അദ്ദേഹം ചോദിച്ചത്. 

നിലവില്‍ 23 വയസ്സാണ് പ്രായം. ജോലിയില്‍ പ്രവേശിച്ചിട്ട് ആറുമാസമെ ആയിട്ടുള്ളൂ. 40,000 രൂപ പ്രതിമാസം ശമ്പളയിനത്തില്‍ ലഭിക്കുന്നുണ്ട്. ചെലവുകഴിഞ്ഞ് 20,000 രൂപയിലേറെ നിക്ഷേപിക്കാന്‍ രൂപേഷിന് കഴിയും. 

പ്രതിമാസം 15,000 രൂപ വീതം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപിയായി നിക്ഷേപിച്ചാല്‍ 15 വര്‍ഷംകൊണ്ട് ഒരുകോടിയിലേറെ രൂപ  സമാഹരിക്കാന്‍ കഴിയും. 12ശതമാനം വാര്‍ഷിക ആദായപ്രകാരമാണിത്. വര്‍ഷംതോറും എസ്‌ഐപിതുകയില്‍ 10ശതമാനം വര്‍ധനവരുത്തുകയുംവേണം. 

ഇതുപ്രകാരം 1.12 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിക്കുക. നിക്ഷേപിക്കുന്നതുകയാകട്ടെ 45.90 ലക്ഷം രൂപയുമാണ്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപത്തില്‍നിന്ന് 15ശതമാനം ആദായം ലഭിച്ചാല്‍ ഈതുക 1.46 കോടി വളര്‍ന്നിട്ടുണ്ടാകും.

വന്‍കിട ഓഹരികളില്‍ നിക്ഷേപിക്കുന്ന ലാര്‍ജ് ക്യാപ് ഫണ്ടിലോ, മിഡ്ക്യാപിലുംകൂടി നിക്ഷേപം നടത്തുന്ന ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ടിലോ നിക്ഷേപിക്കാം. ലാര്‍ജ് ക്യാപ് വിഭാഗത്തിലെ ആക്‌സിസ് ബ്ലൂചിപ്പ് ഫണ്ട് പത്തുവര്‍ഷത്തിനിടെ നല്‍കിയ ആദായം 17.16ശതമാനമാണ്. ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് വിഭാഗത്തിലെ കാനാറ റോബേകോ എമേര്‍ജിങ് ഇക്വിറ്റീസ് പത്തുവര്‍ഷത്തിനിടെ 23.67ശതമാനവും നേട്ടം നിക്ഷേപകന് നല്‍കി. 

ശ്രദ്ധിക്കാന്‍: വിവിധ കാറ്റഗറികളിലായി ആയിരത്തിലേറെ ഫണ്ടുകള്‍ നിക്ഷേപലോകത്തുണ്ട്. നല്‍കിയ ആദായമല്ല,   റിസ്‌കെടുക്കാനുള്ള ശേഷിയാണ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ മാനദണ്ഡമാകേണ്ടത്. അതുകൊണ്ടുതന്നെ റിസ്‌ക് പ്രൊഫൈല്‍ പരിശോധിച്ചശേഷംമാത്രം ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപംനടത്തുക.