മുംബൈ: രാജ്യത്ത് സിസ്റ്റമിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിങ് (എസ്.ഐ.പി.) വഴി മ്യൂച്വൽ ഫണ്ടിലുള്ള നിക്ഷേപം കുതിച്ചുയരുന്നു. തുടർച്ചയായി മൂന്നുമാസം 20 ലക്ഷത്തിലധികം പുതിയ എസ്.ഐ.പി. അക്കൗണ്ടുകളാണ് തുറന്നതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഓഗസ്റ്റിൽ മാത്രം 24.9 ലക്ഷം പുതിയ അക്കൗണ്ടുകൾ തുറന്നു. ദീർഘകാല ശരാശരിയുടെ രണ്ടര ഇരട്ടിയാണിത്.

രാജ്യത്ത് നിലവിൽ എസ്.ഐ.പി. വഴിയുള്ള മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾ 4.3 കോടിയിലെത്തിയിട്ടുണ്ട്. 12 മാസത്തിനിടെ മാത്രം ഒരു കോടി പുതിയ അക്കൗണ്ടുകൾ രജിസ്റ്റർചെയ്തു. ആകെയുള്ളതിന്റെ 25 ശതമാനത്തോളം വരുമിത്. എസ്.ഐ.പി. അക്കൗണ്ടുകൾ വഴി കൈകാര്യംചെയ്യുന്ന ആസ്തി 5.3 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. ആകെ മ്യൂച്വൽഫണ്ട് ആസ്തികളുടെ 14.4 ശമതാനമാണിത്. അതേസമയം, എസ്.ഐ.പി.യിലെ ശരാശരി നിക്ഷേപം മുൻവർഷത്തെ 2,355 രൂപയിൽനിന്ന് 2,294 രൂപയായി കുറഞ്ഞു.