ഫ്രാങ്ക്‌ളിൻ ടെംപിൾടൺ പ്രവർത്തനം നിർത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് ഈയാഴ്ച 2,488.75 കോടി രൂപ തിരികെ ലഭിക്കും. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം എസ്ബിഐ മ്യൂച്വൽഫണ്ടാണ് പണം നിക്ഷേപകർക്ക് വിതരണംചെയ്യുന്നത്.

ഫ്രാങ്ക്‌ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ടേം ഫണ്ടിലെ നിക്ഷേപകർക്ക് 772 കോടി രൂപയാണ് തിരികെ ലഭിക്കുക. ലോ ഡ്യൂറേഷൻ ഫണ്ടിലെ നിക്ഷേപകർക്ക് 289.75 കോടിയും ഷോർട്ട് ടേം ഇൻകം ഫണ്ടിലെ നിക്ഷേപകർക്ക് 390.75 കോടിയും ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ടിലെ നിക്ഷേപകർക്ക് 337.25 കോടി രൂപയും ലഭിക്കും. ക്രഡിറ്റി റിസ്‌ക് ഫണ്ടിലെ നിക്ഷേപകർക്ക് 499.75 കോടിയും ഡൈനാമിക് ആക്യുറൽ ഫണ്ടിലെ നിക്ഷേപകർക്ക് 199.75 കോടി രൂപയുമാണ് വിതരണംചെയ്യുക. 

മൂന്നാംഘട്ടമായാണ് ഈതുക വിതരണംചെയ്യുന്നത്. ഏപ്രിൽ 30ലെ എൻഎവിയായിരിക്കും കണക്കാക്കുക. രണ്ടുഘട്ടങ്ങളിലായി ഇതിനകം 12,084 കോടി രൂപ നിക്ഷേപകർക്ക്  വിതരണംചെയ്തുകഴിഞ്ഞു. പ്രവർത്തനം മരവിപ്പിക്കുമ്പോൾ ഈ ഫണ്ടുകളുടെ മൊത്തം ആസ്തി 26,000 കോടി രൂപയായിരുന്നു.

Franklin unit holders to receive third tranche of Rs 2,488.75 crore this week