മുംബൈ: ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച ആറ് ഡറ്റ് ഫണ്ടുകള്‍ നിക്ഷേപിച്ച കടപ്പത്രങ്ങള്‍ തിരിച്ചെടുത്ത് കമ്പനികള്‍ പണംകൈമാറിത്തുടങ്ങി.
വിവിധ കമ്പനികള്‍ 2,000 കോടി രൂപയാണ് ഇതിനകം ഫണ്ടുകള്‍ക്ക് നല്‍കിയത്. സാന്‍ഡര്‍ ഫിനാന്‍ഷ്യലിനുപുറമെ, ഹീറോ സോളാര്‍ എനര്‍ജി ഉള്‍പ്പടെയുള്ള എനര്‍ജി സെക്ടറിലെ കമ്പനികളാണ് ഇത്രയും തുക കൈമാറിയത്. ഈ ഫണ്ടുകള്‍ക്ക് ബാങ്കിലുള്ള ബാധ്യത തീര്‍ക്കാനാകും പണം വിനിയോഗിക്കുക.
നിക്ഷേപകര്‍ കൂട്ടത്തോടെ പണംപിന്‍വലിച്ചതോടെയുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ബാങ്കുകളില്‍നിന്ന് ഹ്രസ്വകാല വായ്പയെടുത്തിരുന്നു. കടബാധ്യത ആദ്യംതീര്‍ക്കണമെന്ന് സെബിയുടെ നിര്‍ദേശപ്രകാരമാണ് ബാങ്കുകള്‍ക്ക് ഈ തുക കൈമാറിയത്.
പണം കൈമാറിയതുമൂലം ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയില്‍ കുറവുവരില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപത്തെ ഇത് ബാധിക്കില്ലെന്നാണ് വിശദീകരണം.
2000 കോടി രൂപ ലഭിച്ചതോടെ ഡൈനാമിക് ആക്യുറല്‍ ബോണ്ട് ഫണ്ടില്‍ ആവശ്യത്തിന് പണലഭ്യതയായി. അള്‍ട്ര ഷോട്ട് ടേം ഫണ്ടും ഉടനെ ഈനിലയിലെത്തുമെന്നും എഎംസിയുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു.
ഫ്രങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ഇന്ത്യ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനമാണ് ഏപ്രില്‍ 23ന് മരവിപ്പിച്ചത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് വന്‍തോതില്‍ നിക്ഷേപകര്‍ പണം പിന്‍വലിച്ചതാണ് ഫണ്ടുകളെ ബാധിച്ചത്. 25,856 കോടിയാണ് നിലവില്‍ ഈ ഫണ്ടുകളുടെ മൊത്തം ആസ്തി.