കോടതി ഉത്തരവനുസരിച്ച് നിക്ഷേപകരുടെ അനുമതി തേടാന്‍ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട് ഇ-വോട്ടിങ് നടത്തും. ഡിസംബര്‍ 26 മുതല്‍ 28 വെരയാണ് നിക്ഷേപകര്‍ക്ക് ഓണ്‍ലൈന്‍വഴി വോട്ട് രേഖപ്പെടുത്താന്‍ കഴിയുക.
ഫണ്ടുകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതിനുമുമ്പ് നിക്ഷേപകരുടെ അനുമതി വാങ്ങണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് വോട്ടിങ്.
വോട്ടിങില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കേണ്ടിവരും. അങ്ങനെയുണ്ടായാല്‍ കനത്ത വില്പന സമ്മര്‍ദംനേരിടേണ്ടിവരുമെന്നും കിട്ടിയവിലയ്ക്ക് കടപ്പത്രംവിറ്റ് പണം സ്വരൂപിക്കേണ്ടിവരുമെന്നും ഫ്രാങ്ക്‌ളിന്‍ അധികൃതര്‍ നിക്ഷേപികരെ ഇ-മെയിലില്‍ അറിയിച്ചിട്ടുണ്ട്.
ഭൂരിപക്ഷംപേരും 'യെസ്' എന്ന് വോട്ടുചെയ്താല്‍ ഫണ്ട് കമ്പനിയ്ക്ക് നിക്ഷേപം മികച്ചവിലയില്‍ പിന്‍വലിക്കാനുള്ള സമയം ലഭിക്കുകയും അത് നിക്ഷേപകന് ഗുണംചെയ്യുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിക്ഷേപകര്‍ വ്യാപകമായി പണംപിന്‍വലിച്ചതിനെതുടര്‍ന്ന് 2020 ഏപ്രില്‍ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം എഎംസി നിര്‍ത്തിയത്. ആറു ഫണ്ടുകളിലായി 11,576 കോടി രൂപ ഇതിനകം ഫണ്ട് കമ്പനിയ്ക്ക് തരിച്ചെടുക്കാനായിട്ടുണ്ട്. നടപടിക്രമം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കിതുടങ്ങും.
ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ലോ ഡ്യൂറേഷന്‍ ഫണ്ടില്‍ 48ശതമാനം തുകയും നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ ഫണ്ട് കമ്പനിയുടെ കൈവശമുണ്ട്. അള്‍ട്ര ഷോര്‍ട്ട് ബോണ്ട് ഫണ്ടില്‍ 46ശതമാനവും ഡൈനാമിക് ആക്യുറല്‍ ഫണ്ടില്‍ 33ശതമാനവും ക്രഡിറ്റ് റിസ്‌ക് ഫണ്ടില്‍ 14ശതമാനം തുകയും തിരിച്ചുകൊടുക്കാന്‍ എഎംസിയുടെ കൈവശമുണ്ട്. പണം തിരികെക്കിട്ടുന്ന മുറയ്ക്ക് നിക്ഷേപകര്‍ക്ക് കൈമാറും.
ആറുഫണ്ടുകളിലായി 25,000 കോടിയോളം രൂപയാണ് മുന്നുലക്ഷത്തിലേറെ നിക്ഷേപകര്‍ക്കായി ലഭിക്കാനുള്ളത്.
Franklin Templeton issues notice for e-voting on 6 debt schemes