ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചതിനെതിരെ നിക്ഷേപകര്‍ സുപ്രീം കോടതിയെ സമീപിച്ചു.

ഇ-വോട്ടിങ് നടപടിക്രമങ്ങള്‍ തുടരാനനുവദിക്കണമെന്നാവശ്യപ്പെട്ട് എഎംസി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതിനുപിന്നാലെയാണ് ഡല്‍ഹിയിലെ ഏഴ് നിക്ഷേപകര്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ എഎംസിയുടെയും ട്രസ്റ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ അഡ്മനിസ്‌ട്രേറ്ററുടെ കീഴിലാക്കണമെന്നാവശ്യപ്പെട്ടാണ് നിക്ഷേപകര്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാന്‍ സെബിയെ ചുമതലപ്പെടുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരവിപ്പിച്ച ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് ജൂണ്‍ ഒമ്പതിന് ഇ-വോട്ടിങ് നടത്താനിരിക്കെയാണ് പുതിയ ഹര്‍ജി. 

ഗുജറാത്ത് ഹൈക്കോടതിയാണ് ഇ-വോട്ടിങ് നടപടിക്രമങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടത്. ജൂണ്‍ 12നാണ് ഹര്‍ജിയില്‍ വീണ്ടും വാദംകേള്‍ക്കുക. 

നിക്ഷേപകരുടെ അനുമതിയില്ലാതെ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. മദ്രാസ് ഹൈക്കോടതിയിലും എഎംസിക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.