2017ല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കാര്യമായി നിക്ഷേപം നടത്തിയത് ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരിയില്‍. അതില്‍തന്നെ ഐസിഐസിഐ ബാങ്ക് ഏറ്റവും മുന്നിലെത്തി.

ബിഎസ്ഇ സെന്‍സെക്‌സ് 27.91 ശതമാനം റിട്ടേണ്‍ നല്‍കിയ 2017ല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 1,20,000 കോടി രൂപ!

ഏറ്റവും കൂടുതല്‍ നിക്ഷേപംവന്ന 10 ഓഹരികളില്‍ അഞ്ചും ധനകാര്യ സ്ഥാപനങ്ങളുടേതാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ ഇവയില്‍ മുന്നിട്ടുനിന്നു. 

ഫണ്ടുകളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ മുന്നിലുള്ള 20 ഓഹരികളിലാണ് 34ശതമാനംതുകയും നിക്ഷേപിച്ചത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് ഇവര്‍ ഏറ്റവുംകൂടുതല്‍ വാങ്ങിക്കൂട്ടിയത്.

ചിക്കാഗോ ആസ്ഥാനമായുള്ള മോണിങ്‌സ്റ്റാര്‍ ഇന്‍വെസ്റ്റുമെന്റ് മാനേജുമെന്റ് കമ്പനിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

അത്ഭുതകരമെന്നുപറയട്ടെ, മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഈകാലയളവില്‍ ഏറ്റവും കൂടുതല്‍ വിറ്റ ഓഹരി മാരുതി സുസുകിയുടേതാണ്. 2,410 കോടി രൂപയുടെ ഓഹരികള്‍ ഇവര്‍ വിറ്റൊഴിഞ്ഞു. ഓഹരി വില 10,000 രൂപയിലെത്തിയപ്പോള്‍ ലാഭമെടുക്കുകയായിരുന്നു.

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ധനകാര്യമേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത വര്‍ഷംകൂടിയാണ് കടന്നുപോയത്. 

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേഡ്, ന്യൂ ഇന്ത്യ അഷ്വറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, റിലയന്‍സ് നിപ്പോണ്‍ തുടങ്ങിയ ഇന്‍ഷുറന്‍സ് കമ്പനികളാണ് പ്രാഥമിക ഓഹരി വില്പനവഴി വിപണിയിലെത്തിയത്.