മ്യൂച്വൽ ഫണ്ട് കമ്പനികളിലെ ഉയർന്ന തസ്തികയിലുള്ള ജീവനക്കാർക്ക് അവരുടെ ശമ്പളത്തിന്റെ അഞ്ചിലൊരുഭാഗം ഇനി നൽകുക ഫണ്ടുകളുടെ യൂണിറ്റുകളായി. അവർ മേൽനോട്ടംവഹിക്കുന്ന ഫണ്ടുകളുടെ യൂണിറ്റുകളാകും ഇത്തരത്തിൽ നൽകുകയെന്ന് സെബിയുടെ സർക്കുലറിൽ പറയുന്നു. 

ശമ്പളം, ആനുകൂല്യങ്ങൾ, ബോണസ് തുടങ്ങിയവയുൾപ്പടെയുള്ള മൊത്തംശമ്പളത്തിന്റെ 20ശതമാനമെങ്കിലും ഇതുപ്രകാരം നൽകേണ്ടിവരുമെന്ന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി. 

നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സെബിയുടെ തീരുമാനം. ഇതുപ്രകാരം, ചീഫ് എക്‌സിക്യൂട്ടവീവ് ഓഫീസർ, ചീഫ് ഇൻവെസ്റ്റുമെന്റ് ഓഫീസർ, ഫണ്ട് മാനേജർ, റിസർച്ച് അനലിസ്റ്റുകൾ, ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ എന്നിവരുടെ ശമ്പളത്തിലെ ഒരുഭാഗം ഇനി അവർമേൽനോട്ടംവഹിക്കുന്ന ഫണ്ടുകളിലെ നിക്ഷേപമായാണ് നൽകുക. 

ഫ്രാങ്ക്‌ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ടിലെ പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റുഫണ്ടുകളുടെ ഫോറൻസിക് ഓഡിറ്റിലിലെ കണ്ടെത്തലുകളുടെ വെളിച്ചത്തിലാണ് പുതിയ തീരുമാനം. ഫണ്ട് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഫണ്ടുകളുടെ പ്രവർത്തനം നിർത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. 

നിയമംലംഘനം, തട്ടിപ്പ് തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ജീവനക്കാർക്ക് പ്രതിഫലമായി നൽകിയ ഫണ്ടുകളിലെ നിക്ഷേപം തിരിച്ച് നൽകേണ്ടിവരും. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ(ഇടിഎഫ്), ഇൻഡക്‌സ് ഫണ്ടുകൾ, ഓവർനൈറ്റ് ഫണ്ടുകൾ, നിലവിലുള്ള ക്ലോസ് എന്റഡ് ഫണ്ടുകൾ എന്നിവയെ പുതിയ ചട്ടത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ശമ്പളത്തിന്റെ ഭാഗമായി നൽകുന്ന നിക്ഷേപം മൂന്നുവർഷം പിൻവലിക്കാൻ കഴിയില്ലെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യംവന്നാൽ യൂണിറ്റുകൾ പണയംവെച്ച് വായ്പയെടുക്കാൻ അനുവദിക്കും. ജൂലായ് ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽവരിക.