മുംബൈ: മ്യൂച്വല്‍ ഫണ്ടിന്റെ ഡയറക്ട് പ്ലാനുകളില്‍ നിക്ഷേപിക്കുവര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. ഡയറക്ട് പ്ലാനുകളില്‍ നിലവിലുള്ള ചാര്‍ജുകളില്‍നിന്ന് വീണ്ടും ഫണ്ട് കമ്പനികള്‍ 70 ശതമാനത്തോളം കുറവ് വരുത്തിയിരിക്കുന്നു.

ഈഡല്‍വൈസ് മ്യൂച്വല്‍ ഫണ്ടും മിറ അസെറ്റ് മാനേജുമെന്റുമാണ് ആദ്യമായി ചെലവ് അനുപാതം കുറച്ചത്.

ഈഡല്‍വൈസ് മ്യൂച്വല്‍ ഫണ്ടിന്റെ ഡൈനാമിക് ബോണ്ട് ഫണ്ടിന്റെ നിരക്ക് 0.6ശതമാനത്തില്‍നിന്ന് 0.28ശതമാനമായാണ് കുറച്ചത്. മിഡ് ക്യാപ് ഫണ്ടിന്റെ ചെലവ് 0.91 ശതമാനത്തില്‍നിന്ന് 0.65ശതമാനമായും ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിന്റേത് 1.10ശതമാനത്തില്‍നിന്ന് 0.55ശതമാനമായും മള്‍ട്ടി ക്യാപ് ഫണ്ടിന്റേത് 1.16 ശതമാനത്തില്‍നിന്ന് 0.65ശതമാനമായുമായി കുറച്ചു.

മിറ അസെറ്റ് മാനേജുമെന്റിന്റെ മികച്ച ഫണ്ടായ ഇന്ത്യ ഇക്വിറ്റി ഫണ്ടിന്റെ റേഷ്യോ 1.09 ശതമാനത്തില്‍നിന്ന് 0.64ശതമാനമായും ഏമേര്‍ജിങ് ബ്ലുചിപ്പിന്റേത് 1.44ല്‍നിന്ന് 0.71ശതമാനമായും ടാക്‌സ് സേവറിന്റേത് 1.19ശതമാനത്തില്‍നിന്ന് 0.34 ശതമാനമായുമാണ് കുറച്ചത്. 

ഡയറക്ട് പ്ലാനുകളുടെ ചാര്‍ജുകളില്‍ വിവിധ ഇനത്തിലായി ഈടാക്കുന്ന തുക നിശ്ചിത ശതമാനത്തില്‍ കൂടരുതെന്ന് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി നിര്‍ദേശിച്ചിരുന്നു. ഒക്ടോബര്‍ 22നാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തുവന്നത്. വൈകാതെ കൂടുതല്‍ ഫണ്ട് ഹൗസുകല്‍ നിരക്കുകുറയ്ക്കലുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.