ഹരി വിപണിയുമായി ബന്ധപ്പെട്ട്‌ ശുഭകരമല്ലാത്ത വാർത്തകളാണ്‌ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. അടിസ്ഥാനസൗകര്യ വികസനത്തിന്‌ പണം നൽകി സഹായിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ ഐ.എൽ. ആൻഡ്‌ എഫ്‌.എസിനുണ്ടായ പേയ്‌മെന്റ്‌ സംബന്ധമായ വീഴ്ച, എണ്ണവിലയിലുണ്ടായ വർധന, രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവ്‌, പണപ്പെരുപ്പം കൂടുവാനിടയുണ്ടെന്ന ആശങ്ക മുതലായ ഘടകങ്ങളെല്ലാം സെപ്‌റ്റംബർ മുതൽ വിപണിയെ ദോഷകരമായി ബാധിച്ചു (കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരം വിഷയങ്ങളിൽ നേരിയ പുരോഗതിയുണ്ട്‌). 

കൂടാതെ ആസന്നമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക്‌ തിരിച്ചടി നേരിട്ടേക്കാം എന്ന വിലയിരുത്തലുകളും വിപണിയെ പ്രതികൂലമായി ബാധിച്ചു. സെപ്‌റ്റംബർ മാസത്തിലെ ആദ്യ വ്യാപാരദിനത്തിൽ 38,312 ഉണ്ടായിരുന്ന സെൻസെക്സ്‌ കനത്ത വിൽപ്പന സമ്മർദത്തെ തുടർന്ന്‌ 3,870 പോയിന്റ്‌ ഇടിഞ്ഞ്‌ ഒക്ടോബർ 31-ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌ 34,442 നിലവാരത്തിലാണ്‌. നേരിയൊരു തിരിച്ചുവരവ്‌ നടത്താൻ നവംബർ മാസത്തിൽ വിപണിക്കായി എന്നത്‌ വാസ്തവം. 

തുടർച്ചയായി ചാഞ്ചാടിക്കൊണ്ടിരിക്കുന്ന മാർക്കറ്റിനെ  കുറിച്ച്‌ സ്വാഭാവികമായും ഉത്‌കണ്ഠാകുലരാകുന്ന മ്യൂച്വൽ ഫണ്ട്‌ നിക്ഷേപകരിൽ ചിലരെങ്കിലും തങ്ങളുടെ നിക്ഷേപം പിൻവലിക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങി എന്നുവേണം കരുതാൻ. അവരുടെ ആശങ്ക അസ്ഥാനത്തല്ലെന്ന്‌ തെളിയിക്കുന്ന കണക്കുകളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. ഉദാഹരണമായി പ്രതിമാസം 5,000 രൂപ വീതം ഇക്വിറ്റി മൂച്വൽ ഫണ്ടുകളിൽ പ്രതിമാസ തുല്യതവണകളായി എസ്‌.ഐ.പി. നിക്ഷേപം കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന ഒരു വ്യക്തിയുടെ നിക്ഷേപത്തിന്റെ ഇന്നത്തെ മൂല്യം എത്രയായിരിക്കുമെന്ന്‌ അറിയാൻ ആദ്യപട്ടിക കാണുക.

ഇക്വിറ്റി ഫണ്ടുകളിലെ പ്രധാന കാറ്റഗറികളിലെല്ലാം തന്നെ രണ്ടു വർഷമായി തുടരുന്ന എസ്‌.ഐ.പി. നിക്ഷേപം നെഗറ്റീവ്‌ ആയതോ വളരെ തുച്ഛമായ തരത്തിലോ ഉള്ള റിട്ടേൺ ആണ്‌ നൽകിയിരിക്കുന്നത്‌ എന്നു വ്യക്തം. ഇതിനുള്ള കാരണം വിപണിയിൽ സമീപകാലത്തുണ്ടായ വീഴ്ചയാണ്‌.

ഇനി ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രമാണങ്ങളിലൊന്നായ ദീർഘകാലത്തേക്ക്‌ മാത്രം ഓഹരി നിക്ഷേപം എന്ന തത്ത്വത്തിൽ വിശ്വസിച്ച്‌ തങ്ങളുടെ എസ്‌.ഐ.പി. നിക്ഷേപം അഞ്ചു മുതൽ 20 വർഷം വരെ തുടർന്നു കൊണ്ടുപോവാൻ തയ്യാറായ ദീർഘകാല നിക്ഷേപകർക്ക്‌ ഇൗ മാർക്കറ്റിൽ എന്തു സംഭവിച്ചു എന്നത്‌ പരിശോധിക്കാം. മുകളിൽ കൊടുത്ത ടേബിൾ എസ്‌.ഐ.പി. നിക്ഷേപം തുടർന്നു കൊണ്ടു പോകുന്ന കാലയളവിൽ മാത്രം മാറ്റംവരുത്തി രണ്ടാമത്തെ പട്ടികയിൽ കൊടുത്തിരിക്കുന്നു.

താരതമേന്യ ചെറിയ ഒരു തുകയായ 5,000 രൂപ എന്ന പ്രതിമാസ നിക്ഷേപം തടസ്സമില്ലാതെ തുടർന്ന്‌ 20 വർഷംകൊണ്ട്‌ നിക്ഷേപകന്റെ ആകെ മുതൽമുടക്ക്‌ തുകയായ 12 ലക്ഷം രൂപ ലാർജ്‌ ക്യാപ്പ്‌ ഫണ്ടുകളിൽ 73.13 ലക്ഷം രൂപയായും മിഡ്‌ക്യാപ്പ്‌ ഫണ്ടുകളിൽ 1.16 കോടി രൂപയായും വളർന്നിരിക്കും. ഓഹരി വിപണി ഈയിടെ 4,000 പോയിന്റിനടുത്ത്‌ താഴ്‌ന്ന ഒരു സന്ദർഭത്തിലാണ്‌ ഈ കണക്കുകൾ എടുത്തിരിക്കുന്നത്‌ എന്നത്‌ പ്രത്യേകം ഓർക്കേണ്ടതാണ്‌.

എസ്‌.ഐ.പി.യുമായി തുലനം ചെയ്യാവുന്നതും അതേ സമയം സുരക്ഷിതത്വം മുൻനിർത്തി പരമ്പരാഗതമായി നിക്ഷേപകർക്ക്‌ പ്രിയപ്പെട്ടതുമായ റെക്കറിങ്‌ ഡെപ്പോസിറ്റിന്റെ പ്രകടനം കൂടെ ഈയവസരത്തിൽ താരതമ്യം ചെയ്യുന്നത്‌ ഉചിതമായിരിക്കും. പ്രതിമാസം 5,000 രൂപ വീതം 20 വർഷം തുടർച്ചയായി നിക്ഷേപിക്കപ്പെട്ട ആർ.ഡി. ശരാശരി 10.50 ശതമാനം പലിശനിരക്കിൽ നിക്ഷേപകന്‌ തിരികെ നൽകുന്ന തുക 36.07 ലക്ഷം രൂപയായിരിക്കും. റെക്കറിങ്‌ ഡെപ്പോസിറ്റിന്റെ കാലാവധി 20 വർഷമായി കണക്കാക്കി അതത്‌ കാലങ്ങളിലെ പലിശ നിരക്ക്‌ പരിഗണിച്ചുമാണ്‌ ഈ തുക കണക്കാക്കിയിട്ടുള്ളത്‌.

ഓഹരി വിപണിയിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യം മുൻനിർത്തി ചുരുങ്ങിയ കാലത്തേക്ക്‌ അനുയോജ്യമായി ആർ.ഡി. ആകർഷകമായി തോന്നാമെങ്കിലും ദീർഘകാലത്തേക്ക്‌ ഇക്വിറ്റി എസ്‌.ഐ.പികളിൽ നടത്തുന്ന നിക്ഷേപം റിട്ടേണിന്റെ കാര്യത്തിൽ റെക്കറിങ്‌ ഡെപ്പോസിറ്റിനെക്കാൾ ബഹുദൂരം മുന്നിലാണെന്നതാണ്‌ യാഥാർത്ഥ്യം.

table 

 
             നിക്ഷേപകർ അറിഞ്ഞിരിക്കേണ്ടത്‌
  1. ഓഹരി വിപണിയിലുണ്ടായേക്കാവുന്ന താത്‌കാലിക വീഴ്ചകളിൽ പരിഭ്രമിച്ച്‌ എസ്‌.ഐ.പി. നിക്ഷേപം നിർത്താതിരിക്കുക. മുൻപും വിപണി വലിയ തകർച്ചകളെ അഭിമുഖീകരിച്ചിരുന്നുവെന്നും ഓർക്കുക.
     
  2. യഥാർത്ഥത്തിൽ വിപണിയിലെ താഴ്ചകൾ നിക്ഷേപകർക്ക്‌ മികച്ച അവസരങ്ങളാണ്‌ ഒരുക്കി കൊടുക്കുന്നത്‌. മറ്റൊർത്ഥത്തിൽ പറഞ്ഞാൽ ഡിസ്‌കൗണ്ട്‌ വിലയിൽ കൂടുതൽ മ്യൂച്വൽ ഫണ്ട്‌ യൂണിറ്റുകൾ അവർക്ക്‌ വന്നുചേരുന്നു.
     
  3. ഉയർച്ചയും താഴ്ചയും ഓഹരി വിപണിയുടെ തനതായ  സ്വഭാവ വിശേഷങ്ങളിലൊന്നാണ്‌. എസ്‌.ഐ.പിയുടെ അടിസ്ഥാന തത്ത്വമായ റുപ്പീകോസ്റ്റ്‌ ആവറേജിങ് ഫലപ്രദമായി നടക്കുന്നത്‌ ഇത്തരം അവസരങ്ങളിലാണ്‌.
     
  4. വ്യക്തമായ സാമ്പത്തിക ലക്ഷ്യം മുൻനിർത്തി ആരംഭിക്കേണ്ട ഒരു നിക്ഷേപ മാർഗമാണ്‌ എസ്‌.ഐ.പി. ബാഹ്യമായി നടക്കുന്ന കോലാഹലങ്ങൾക്ക്‌ ചെവികൊടുക്കാതെ പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതുവരെ എസ്‌.ഐ.പി. നിക്ഷേപം തുടർന്നുകൊണ്ടേയിരിക്കുക.             

jeevan@geojit.com 


content highlight: continue SIP investment