ഫിൻടെക് സ്ഥാപനങ്ങളും ബ്രോക്കിങ് ഹൗസുകളുംകൂടി എത്തുന്നതോടെ മ്യൂച്വൽ ഫണ്ട് മേഖലയും കടുത്ത മത്സരത്തിലേയ്ക്ക്.  സെറോധയാണ് ഒടുവിൽ മ്യൂച്വൽ ഫണ്ട് ഇൻഡസ്ട്രിയിലേക്ക് എത്തിയത്. രാജ്യത്ത് ഡിസ്‌കൗണ്ട് ബ്രോക്കിങ് സംവിധാനം വ്യാപകമാക്കിയ സെറോധയുടെ വരവ് നിക്ഷേപകർക്ക് ഗുണകരമാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. 

സെറോധയെക്കൂടാതെ വിസെമാർക്കറ്റസ് അനലിറ്റിക്‌സ്, ഹെലിയോസ് ക്യാപിറ്റൽ, ആൽകെമി ക്യാപിറ്റൽ തുടങ്ങിയവ എഎംസിക്കായി അപേക്ഷനൽകിയിട്ടുണ്ട്. ബജാജ് ഫിൻസർവിനും എൻ.ജെ ഗ്രൂപ്പിനും ഇതിനകം അനുമതി ലഭിച്ചു. ഗ്രോ ഇന്ത്യബുൾസ് മ്യൂച്വൽ ഫണ്ട്‌സിനെയും നവി ഗ്രൂപ്പ് എസ്സൽ മ്യൂച്വൽ ഫണ്ട്‌സിനെയും ഏറ്റെടുക്കുകയുംചെയ്തിട്ടുണ്ട്. 

2020 ഡിസംബറിൽ നടന്ന സെബിയുടെ ബോർഡ് യോഗത്തിലാണ് മ്യൂച്വൽ ഫണ്ട് ബിസിനസ് തുടങ്ങുന്നതിനുള്ള നടപടക്രമങ്ങൾ ലഘൂകരിച്ചത്. ഇതേതുടർന്നാണ് നിലവധി സ്ഥാപനങ്ങൾ അനുമതിക്കായി അപേക്ഷ നൽകിയത്. 

മത്സരം ഗുണകരമാകുമോ?
ചെലവിനത്തിൽ നിക്ഷേപകിൽനിന്ന് ഈടാക്കുന്ന തുകയാണ് ഫണ്ട് കമ്പനികളുടെ പ്രധാനവരുമാനമാർഗം. 2018 ഡിസംബറിലാണ് എക്‌സ്‌പെൻഷ് റേഷ്യോയിൽ സെബി നിയന്ത്രണംകൊണ്ടുവന്നത്. അതിനുമുമ്പെ നിക്ഷേപകർക്ക് ഗുണകരമാകുന്നതരത്തിൽ കുറഞ്ഞ ചെലവിൽ(കമ്മീഷൻ ഒഴിവാക്കി) ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 

ബ്രോക്കിങ് ഫീസ് ഒഴിവാക്കി ഓഹരി നിക്ഷേപ മേഖലയിൽ  മത്സരത്തിന് തുടക്കമിട്ട സെറോധയുടെ വരവ് ഫണ്ട് ഇൻഡസ്ട്രി നിരീക്ഷിച്ചുവരികയാണ്. ബ്രോക്കിങ് മേഖലയിൽ അവതരിപ്പിച്ച മോഡൽ ഫണ്ട് വ്യവസായത്തിലും സെറോധ കൊണ്ടുവന്നേക്കാം. അതോടെ ചെലവ് അനുപാതം കുറക്കുന്നതിനുള്ള മത്സരംകൂടി വിപണിയിലുണ്ടാകും. 

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ചെലവ് കുറഞ്ഞ പാസീവ് ഫണ്ടുക(ഇടിഎഫ്, ഇൻഡക്‌സ് ഫണ്ട് എന്നിവ)ളിലാകും സെറോധയുടെ ശ്രദ്ധ. മികച്ച ആദായം നൽകാൻ തുടങ്ങിയതോടെ അടുത്തകാലത്തായി പരോക്ഷമായി കൈകാര്യംചെയ്യുന്ന ഫണ്ടുകളിൽ നിക്ഷേപ താൽപര്യംവർധിച്ചിട്ടുണ്ട്. 

നിലവിൽ 60 ലക്ഷം സജീവമായ ട്രേഡിങ് അക്കൗണ്ടുകളാണ് സെറോധക്കുള്ളത്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നിനുള്ള പ്ലാറ്റ്‌ഫോമായ സെറോധ കോയിന് 10 ലക്ഷം വരിക്കാരുമുണ്ട്. കൈകാര്യംചെയ്യുന്ന മൊത്തം ആസ്തിയാകട്ടെ 15,000 കോടി രൂപയുമാണ്.