മ്യൂച്വൽ ഫണ്ടുകളിൽ എളുപ്പത്തിൽ നിക്ഷേപിക്കാനുള്ള പൊതുപ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു. എംഎഫ് സെൻട്രൽ എന്നപേരിലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോംവഴി ആദ്യഘട്ടത്തിൽ സാമ്പത്തികേതര ഇടപാടുകളാകും നടത്തനാകുക. 

ഡിസംബർ 31നുമുമ്പായി നിക്ഷേപിക്കാനും പണംപിൻവലിക്കാനുമുൾപ്പടെയുള്ള സൗകര്യങ്ങളോടെ മൊബൈൽ ആപ്പും വെബ്‌സൈറ്റും പൂർണമായും സജ്ജമാകും.

മ്യൂച്വൽ ഫണ്ട് രജിസ്ട്രാർമാരായ കംപ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസ്(കാംസ്), കെഫിൻടെക്‌നോളജീസ് എന്നിവയുടെ സംയുക്തസംരംഭമാണ് എംഎഫ് സെൻട്രൽ. 

1നിലവിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുള്ളവർക്കാണ് ആദ്യഘട്ടത്തിൽ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താൻ കഴിയുക. എൻആർഐക്കാർക്ക് തൽക്കാലം ഉപയോഗിക്കാനാവില്ല. ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റാനും സ്റ്റേറ്റ്‌മെന്റുകൾ ലഭിക്കാനും ആദ്യഘട്ടത്തിൽ പ്ലാറ്റ്‌ഫോമിലൂടെ കഴിയും. മൊത്തംനിക്ഷേപം, ഒരോദിവസത്തെയുംമൂല്യം, വാർഷിക ആദായം എന്നിവയും കാണാനാകും. 

രണ്ടാംഘട്ടത്തിൽ മൊബൈൽ ആപ്പ് പുറത്തിറക്കും. നിക്ഷേപം, പിൻവലിക്കൽ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ മൂന്നാംഘട്ടത്തിലാകും സാധ്യമാകുക. 

എങ്ങനെ രജിസ്റ്റർ ചെയ്യാം?
പെർമനെന്റ് അക്കൗണ്ട് നമ്പർ(പാൻ), മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് എംഎഫ് സെൻട്രൽ വെബ്‌സൈറ്റിൽ രജിസ്റ്റർചെയ്യാം. മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി കൂടി ചേർത്താൽ രജിസ്‌ട്രേഷൻ പൂർത്തിയാകും. 

സൈൻ ഇൻ പൂർത്തിയായാൽ എല്ലാ മ്യൂച്വൽ ഫണ്ടുകളിലെയും നിക്ഷേപം ഒരിടത്ത് കാണാൻകഴിയും. പാൻ അടിസ്ഥാനമാക്കി എല്ലാ ഫണ്ടുകളുടെ വിവരങ്ങളും ഒരിടത്ത് കാണിക്കുകയാണ്‌ചെയ്യുക. പ്ലാറ്റ് ഫോം ഉപയോഗം സൗജന്യമായിരിക്കും. മറ്റ് സാധ്യതകൾ പ്രയോജനപ്പെടുത്തിയാകും പ്ലാറ്റ്‌ഫോമിൽനിന്ന് രജിസ്ട്രാർമാർ വരുമാനംനേടുക. ഫണ്ടുകമ്പനികളുടെ പരസ്യങ്ങളുംമറ്റും ഉൾപ്പെുടത്താൻ ഇതിന് സെബി അനുമതി നൽകിയിട്ടുണ്ട്.

ഇതുവരെ കൈപ്പറ്റാത്ത ലാഭവിഹിതത്തെക്കുറിച്ചുള്ളവിവരങ്ങളും സൈറ്റിലുണ്ടാകും. കഴിഞ്ഞ ജൂലായിലാണ് ഇതുംബന്ധിച്ച നിർദേശം മ്യൂച്വൽ ഫണ്ട് രജിസ്ട്രാർമാർക്ക് സെബി നൽകിയത്.