Photo: Gettyimages
2024ലിലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റായതിനാല്‍ വലിയ പ്രതീക്ഷകളോടെയാണ് പ്രഖ്യാപനങ്ങള്‍ക്കായി വിപണി കാത്തിരിക്കുന്നത്. ഇടത്തരക്കാര്‍ക്ക് മുന്‍ഗണന നല്കുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ഇതിനകം സൂചന നല്‍കിയിട്ടുണ്ട്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, സ്മാര്‍ട്ട് സിറ്റികള്‍ എന്നിവയിലയിരിക്കും ഈന്നല്‍. ആഗോള സമ്പദ് വ്യവസ്ഥയും രാജ്യവും വെല്ലുവളി നേരിട്ട വര്‍ഷങ്ങളാണ് കടന്നുപോയത്. മറ്റ് സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് മഹാമാരിയെയും ആഗോള വെല്ലുവിളികളെയും നേരിടുന്നതില്‍ ഇന്ത്യ ഇതിനകം മികവുകാണിച്ചിട്ടുണ്ട്. ഏഴു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏഴു ലക്ഷം കോടി ഡോറളിന്റേതാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
രാജ്യത്തിന്റെ മുന്നേറ്റത്തില്‍ വിപണിയുടെ സ്വാധീനം വിലമതിക്കാനാകാത്തതാണ്. സമ്പാദ്യം മൂലധന വിപണിയിലേയ്ക്ക് എത്തിക്കുന്നതില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നോട്ട് അസാധുവാക്കലിനെതുടര്‍ന്ന് ഇന്ത്യന്‍ കുടുംബങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള വിപണി അധിഷ്ഠിത നിക്ഷേപ പദ്ധതികളില്‍ വന്‍തോതില്‍ പണംമുടക്കാന്‍ തുടങ്ങി.
അതോടെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 2017 ഡിസംബറിലെ 21.26 ലക്ഷം കോടി രൂപയില്‍നിന്ന് 2022 ഡിസബറില്‍ 40.76 ലക്ഷം കോടി രൂപയായി. 14 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. 2022 ഡിസംബറില്‍ 6.12 ഫോളിയോകളിലായി 13,573 കോടി രൂപ എസ്ഐപി നിക്ഷേപമായെത്തിയത് എക്കാലത്തെയും റെക്കോഡാണ്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ താല്പര്യപ്പെടുന്നവരുടെ എണ്ണത്തിലെ കുതിപ്പാണ് ഇത് സൂചിപ്പിക്കുന്നത്.
ചെറിയ പട്ടണങ്ങളില്‍പോലും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വ്യാപകമാക്കാനും വിരമിക്കല്‍ പോലുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപ നടത്തുന്നതിന് സഹായിക്കുന്നതിനുമായി അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ(ആംഫി) മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ ആവര്‍ത്തിക്കട്ടെ.
നികുതി ആനുകൂല്യം
ഔപചാരിക പെന്ഷന് പദ്ധതികള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ മേഖലയിലുള്ളവര്‍ വിരമിച്ചശേഷമുള്ള ജീവിതത്തിനായി മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപം നടത്തുന്നത്. നിലവില്‍ ദേശീയ പെന്ഷന് സ്കീമിന്(എന്‍പിഎസ്) വകുപ്പ് 80സിസിഡി പ്രകാരം 50,000 രൂപയുടെ അധിക നികുതി ഇളവ് നല്‍കുന്നുണ്ട്. മ്യൂച്വല്‍ ഫണ്ടുകളുടെ പെന്ഷന് അധിഷ്ഠിത നിക്ഷേപ പദ്ധതികള്‍ക്കും ഇതേ ആനുകൂല്യം നല്‍കണമെന്നത് ഏറക്കാലമായുള്ള ആവശ്യമാണ്. പെന്ഷന് സ്കീമുകള്‍ക്ക് തുല്യത ഉറപ്പാക്കാന്‍ ഇത് ഉപകരിക്കും.
യുഎസിലെ 401(കെ) പ്ലാനിന്റെതുപോല മ്യൂച്വല്‍ ഫണ്ട് ലിങ്ക്ഡ് റിട്ടയര്‍മെന്റ് പ്ലാന്‍(എം.എഫ്.എല്‍.ആര്.പി) അവതരിപ്പിക്കാന്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് ഹൗസുകളെ അനുവദിക്കണം. ദീര്‍ഘകാല സമ്പാദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നികുതി ആനുകൂല്യങ്ങള്‍ നിര്‍ണായകമാണ്. ഉദാഹരണത്തിന്, നിക്ഷേപത്തിന് നികുതിയിളവ് പ്രഖ്യാപിച്ചപ്പോള്‍ യുഎസിലെ മ്യൂച്വല്‍ ഫണ്ട് മേഖല അതിവേഗം വളര്‍ച്ച കൈവരിച്ചതായി കാണാം. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം തിരിച്ചെടുത്തപ്പോള്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളാണ് രാജ്യത്തെ വിപണിക്ക് തുണയായെതെന്നകാര്യവും വിസ്മരിക്കാതിരിക്കാം.
അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍തോതില്‍ പണംകണ്ടെത്താന്‍ പെന്ഷന് ഫണ്ടുകളിലൂടെ കഴിയും. രാജ്യത്തെ ഓഹരി വിപണിയുടെ ആഴവും പരപ്പും വര്‍ധിപ്പിക്കാനും പെന്ഷന് ഫണ്ടുകള്‍ ഉപകരിക്കും.
നികുതിയില്‍ സമാനത
ഡിവിഡന്റ്- ഗ്രോത്ത് ഓപ്ഷനുകള്‍, റെഗുലര്‍-ഡയറക്ട് പദ്ധതികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സാധ്യതകള്‍ മ്യൂച്വല്‍ ഫണ്ടിലുണ്ട്. ഡിവിഡന്റില്‍നിന്ന് ഗ്രോത്തിലേയ്ക്കും റെഗുലറില്നിന്ന് ഡയറക്ടിലേയ്ക്കും മറിച്ചും മാറാനുള്ള സാധ്യതകള്‍ ലളിതമാക്കണം. നിലവില്‍ ഇത്തരം മാറ്റങ്ങളെ നിക്ഷേപം പിന്‍വലിച്ച് വീണ്ടും നിക്ഷേപിക്കുന്നതിന് തുല്യമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ മൂലധന നേട്ടത്തിനുള്ള നികുതി ബാധ്യതയുണ്ടാകുന്നു. നിക്ഷേപം മൊത്തം തിരിച്ചെടുക്കാതെ മാറ്റുന്നതിനാല്‍ നിക്ഷേപകന് കയ്യില്‍ പണമൊന്നും ലഭിക്കുന്നില്ല. പോര്‍ട്ട്ഫോളിയോ അതേപടി തുടരുകയുംചെയ്യുന്നു.
യുണിറ്റി ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്ലാനുകള്‍ മാറുമ്പോള്‍ മൂലധന നേട്ട നികുതി ബാധകമല്ല. സമാനമായ പദ്ധതികള്‍ക്ക് ഒരേപോലുള്ള നികുതി വ്യവസ്ഥയാണ് വേണ്ടത്. അതുകൊണ്ടുതന്നെ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഇത് ബാധകമാക്കണമെന്നാണ് മറ്റൊരു ആവശ്യം.
ആഗോള നിക്ഷേപ പരിധി
ആംഫി മുന്നോട്ടുവെച്ച ഈ ആവശ്യങ്ങള്‍ക്കുപുറമെ, മ്യൂച്വല്‍ ഫണ്ടുകളുടെ വിദേശ നിക്ഷേപത്തിന്മേലുള്ള പരിധിയിലും മാറ്റം ആവശ്യമാണ്. അടുത്തയിടെ നിക്ഷേപക ശ്രദ്ധയാകര്‍ഷിച്ച ഇന്റര്‍നാഷണല്‍ ഫണ്ടുകള്‍ക്ക് (ഫണ്ട് ഓഫ് ഫണ്ടസ്) ഇളവ് അനുവദിക്കേണ്ടതുണ്ട്. രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വിദേശ ഓഹരികളില്‍ നിക്ഷേപം നടത്തുന്നതിന് നിലവില്‍ പരിധിയുണ്ട്. ഏഴ് ബില്യണ്‍ ഡോളറില്‍ കൂടുതരുതെന്നാണ് നിബന്ധന. വിദേശ ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നതിന് ഒരു ബില്യണ്‍ ഡോളറിന്റെ പ്രത്യേക പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ഇക്വിറ്റി നിക്ഷേപത്തിന്റെ 10ശതമാനമെന്ന പരിധി കൊണ്ടുവരാവുന്നതാണ്. ഫണ്ട് ഹൗസുകള്‍ക്കും നിക്ഷേപകര്‍ക്കും അത് ഒരുപോലെ ഗുണംചെയ്യും. നിലവിലെ പരിധി പ്രകാരം കൂടുതല്‍ നിക്ഷേപം സ്വീകരിക്കാന്‍ പല ഫണ്ടുകള്‍ക്കും കഴിയുന്നില്ല. അന്താരാഷ്ട്ര വൈവിധ്യവത്കരണത്തിന് ആഭ്യന്തര നിക്ഷേപകര്‍ക്ക് അവസരം ലഭിക്കുന്നതിനാല്‍ ഈ ഫണ്ടുകളില്‍ നിക്ഷേപ ആഭിമുഖ്യം കൂടിവരികയാണ്.
ഇന്റര്‍നാഷണല്‍ ഫണ്ടുകളിലെ നികുതി വ്യവസ്ഥയിലും സമാനത കൊണ്ടുവരേണ്ടതുണ്ട്. രാജ്യത്തെ ഓഹരിയില്‍ നിക്ഷേപിക്കുമ്പോഴുള്ള അതേ വ്യവസ്ഥതന്നെയാണ് വേണ്ടത്. ഇന്റര്‍നാഷണല്‍ ഫണ്ടുകളിലെ നിക്ഷേപത്തിന്മേല് നിലവില്‍ ഡെറ്റ് ഫണ്ടുകള്‍ക്ക് ബാധകമായ നികുതി വ്യവസ്ഥയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്റര്‍നാഷണല്‍ ഇക്വിറ്റി ഫണ്ട് ഓഫ് ഫണ്ട്സുകളെ നികുതി വ്യവസ്ഥയുടെ കാര്യത്തില്‍ ആഭ്യന്തര ഇക്വിറ്റി ഫണ്ടുകള്‍ക്ക് സമാനമായി കണക്കാക്കിയാല്‍ ഈ മേഖലയിലെയും നികുതികള്‍ സമാനമാകും.
(പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ സിഇഒയാണ് ലേഖകന്‍)
Content Highlights: Budget should bring MFs on tax parity with NPS
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..