ന്യൂഡല്‍ഹി: ഭാരത് 22 ഇടിഎഫ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തത് ഇഷ്യു വിലയില്‍നിന്ന് 0.91 ശതമാനം ഉയര്‍ന്ന് 36.30 രൂപയ്ക്ക്. 

35.97 രൂപയാണ് യൂണിറ്റിന്റെ ഇഷ്യു വില. തുടര്‍ന്ന് വ്യാപാരം ആരംഭിച്ചയുടനെ 3.86 ശതമാനം നേട്ടത്തില്‍ 37.36 നിലവാരത്തിലേയ്ക്ക് ഉയരുകയും ചെയ്തു. 

8000 കോടി രൂപ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഇടിഎഫിന് നാലിരട്ടിയിലേറെ തുകയ്ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് ലക്ഷ്യം 14,500 കോടിയായി ഉയര്‍ത്തി. 

ഊര്‍ജം(17.5%), ഫിനാന്‍സ് (20.3%), ഇന്‍ഡസ്ട്രിയല്‍സ്(22.6%), എഫ്എംസിജി (15.2%) എന്നിങ്ങനെയാണ് ഭാരത് 22 വിന്റെ വിവിധ മേഖലകളിലെ ഓഹരി നിക്ഷേപം. 

ഒരു കമ്പനിയിലെ പരമാവധി നിക്ഷേപം 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എസ്ബിഐ, ഐഒസി, നാല്‍കോ, ഒഎന്‍ജിസി, ബിപിസിഎല്‍, എന്‍ടിപിസി, ബാങ്ക് ഓഫ് ബറോഡ എന്നീ പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യമേഖലയിലെ ഐടിസി, എല്‍ആന്റ്ടി, ആക്‌സിസ് ബാങ്ക് തുടങ്ങിയ കമ്പനികളിലുമാണ് ഇടിഎഫിന്റെ നിക്ഷേപം.