ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ(പിഎസ്യു), പൊതു ധനകാര്യ സ്ഥാപനങ്ങൾ(പിഎഫ്ഐ)എന്നിവയുടെ ബോണ്ടുകളിൽ നിക്ഷേപിക്കുന്ന ഡെറ്റ് മ്യൂച്വൽ ഫണ്ട് സ്‌കീമുകളാണ് ബാങ്കിംഗ്, പിഎസ്യു ഫണ്ടുകൾ. സെബിയുടെ മ്യൂച്വൽ ഫണ്ട് ക്ലാസിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബാങ്കിംഗ്, പൊതുമേഖലാ ഫണ്ടുകൾ അവരുടെ ആസ്തിയുടെ 80% എങ്കിലും ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കണം.

പ്രവർത്തനംഎങ്ങനെ?

  • ബാങ്കിംഗ്, പൊതുമേഖലാ ഫണ്ടുകൾ അവരുടെ ആസ്തിയുടെ 80% എങ്കിലും ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (പി എസ് യു), പൊതു ധനകാര്യ സ്ഥാപനങ്ങൾ (പിഎഫ്‌ഐ) എന്നിവ നൽകുന്ന കട ഉപകരണങ്ങളിൽ നിക്ഷേപിക്കണം.   
  • ലാഭത്തിന്റെ തോതനുസരിച്ച് ആകർഷകമായ ദൈർഘ്യങ്ങളിൽ നിക്ഷേപിക്കാനുള്ള സൗകര്യം ഫണ്ട് മാനേജർമാർക്ക് ഉണ്ട്.  
  • ക്രെഡിറ്റ് റിസ്‌ക്. ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പിഎഫ്‌ഐ എന്നിവ നൽകുന്ന കടവും മണി മാർക്കറ്റ് ഉപകരണങ്ങളും സാധാരണയായി ഉയർന്ന റേറ്റിങ് ഉള്ളവയാണ്. പൊതുമേഖലാ സ്ഥാപനങ്ങളും ചില പിഎഫ്ഐകളും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. ഈ കടവും മണി മാർക്കറ്റ് സെക്യൂരിറ്റികളും അർദ്ധപരമാധികാര പദവി കൂടിയുള്ളവയാണ്. 

നികുതി ബാധ്യത
നിക്ഷേപ കാലാവധി മൂന്നു വർഷത്തിൽ കുറവാണെങ്കിൽ മൂലധന നേട്ടം വരുമാനത്തിലേക്ക് ചേർക്കുകയും ബാധകമായ സ്ലാബ്  അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും. ഇൻഡക്‌സേഷൻ അനുവദിച്ചതിനുശേഷം ദീർഘകാല മൂലധന നേട്ടങ്ങൾക്ക് (3 വർഷമോ അതിൽ കൂടുതലോ നിക്ഷേപം കൈവശമുള്ള കാലയളവ്) 20% നികുതി ചുമത്തും. ബാങ്കിംഗ്, പൊതുമേഖലാ സ്ഥാപനങ്ങൾ നൽകുന്ന ഡിവിഡന്റുകൾ (ഇൻകം ഡിസ്ട്രിബൂഷൻ കം വിത്ഡ്രോവൽ എന്നറിയപ്പെടുന്നു) നിങ്ങളുടെ വരുമാനത്തിലേക്ക് ചേർക്കുകയും നിങ്ങളുടെ ആദായനികുതി നിരക്ക് അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും.

യുഎസ് ഫെഡറൽ റിസർവ് ഇപ്പോഴും പലിശനിരക്ക് പൂജ്യത്തിനടുത്ത് നിലനിർത്തുകയും ബോണ്ട് വാങ്ങൽ പരിപാടി തുടരുകയും ചെയ്യുന്നതിനാൽ ബോണ്ടിലെ ആദായം ഇപ്പോഴുംകുറഞ്ഞതന്നെയാണ്. അമേരിക്കൻ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ കൂടുതൽ സൂചനകൾ കാണിക്കുന്നതിനാൽ ഫെഡ് അതിന്റെ ധനനയത്തിൽ മാറ്റംവരുത്തുമെന്ന സൂചനകളുണ്ട്. യുഎസ് സാമ്പത്തിക ഡാറ്റ മെച്ചപ്പെടുമ്പോൾ, കേന്ദ്ര ബാങ്കിന്റെ ശ്രദ്ധ വളർച്ചയിൽനിന്ന് പണപ്പെരുപ്പത്തിലേക്ക് മാറും. തൽഫലമായി യുഎസ് പലിശ നിരക്കും ട്രഷറി ബോണ്ട് വരുമാനവും ചെറിയ കാലയളവിലേക്ക് ഉയരാൻ സാധ്യതയുണ്ട്.

ഇത് ഇന്ത്യൻ ഗവൺമെന്റ് സെക്യൂരിറ്റീസ് (ജി-സെക്) വരുമാനത്തിൽ സ്വാധീനം ചെലുത്തും. 10 വർഷത്തെ ജി-സെക് യീൽഡ് അതിന്റെ 10 വർഷത്തെ ഏറ്റവും താഴ്ന്ന ഇപ്പോഴത്തെ നിലയിൽനിന്നും ഒരു ഘട്ടത്തിൽ ഉയരാൻ തുടങ്ങിയേക്കാം. യീൽഡ് കൂടുന്നതിനനുസരിച്ച് ബോണ്ട് വില കുറയുന്നു. ഹ്രസ്വകാല ബോണ്ടുകളേക്കാൾ ദീർഘകാല ബോണ്ടുകൾ പലിശ നിരക്ക് മാറ്റങ്ങളോട് കൂടുതൽ സെൻസിറ്റീവ് ആണ്. 

ബാങ്കിംഗിനും പൊതുമേഖലാ ഫണ്ടുകൾക്കും പലകാലയളവിൽ നിക്ഷേപം നടത്താനുള്ള സൗകര്യമുണ്ട്. ഫണ്ടുകൾ അവരുടെ പലിശ നിരക്ക് കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്നു. ഈ സ്‌കീമുകൾ നിക്ഷേപിക്കുന്നസെക്യൂരിറ്റികൾക്ക്  ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് ഉള്ളതുകൊണ്ട് ബാങ്കിംഗ്, പിഎസ്യു ഫണ്ടുകൾ താരതമ്യേന സുരക്ഷിതമാണ്.  
 
ആർക്കാണ് അനുയോജ്യം

  • കുറഞ്ഞ റിസ്‌ക് എടുക്കാൻ താല്പര്യമുള്ള നിക്ഷേപകർ
  • 3 വർഷമെങ്കിലും നിക്ഷേപിക്കാൻ താല്പര്യമുള്ളവർ.

(മിറേ അസറ്റ് ഇൻവെസ്റ്റ്‌മെൻറ് മാനേജേഴ്സിന്റെ പ്രൊഡക്റ്റ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡാണ് ലേഖകൻ)