Photo:Gettyimages
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപക താല്‍പര്യം കൂടിയിട്ടുണ്ടെങ്കിലും അത് ഓഹരി അധിഷ്ഠിത പദ്ധതികളിലാണ്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി)ജനുവരിയില്‍ പുറത്തുവിട്ട കണക്കു പ്രകാരം വ്യക്തിഗത നിക്ഷേപകരുടെ മൊത്തം നിക്ഷേപത്തിന്റെ 80 ശതമാനവും ഇക്വിറ്റി സ്‌കീമുകളിലാണ്. 14ശതമാനം മാത്രമാണ് ഡെറ്റ് പദ്ധതികളിലുള്ളത്. വിദഗ്ധമായ നിക്ഷേപ ഇടപെടലിലൂടെ മികച്ച നേട്ടം സ്വന്തമാക്കാനുള്ള സാധ്യത ചെറുകിട നിക്ഷേപകര്‍ക്ക് ഇനിയും ബോധ്യമാകാനുണ്ട്. എങ്കിലും ഡെറ്റ് അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപ താല്‍പര്യം പ്രകടമായി തുടങ്ങിയിട്ടുണ്ട്. രണ്ട് കാരണങ്ങളാണ് അതിന് കണ്ടെത്താന്‍ കഴിയുക.
പണപ്പെരുപ്പത്തെ അതിജീവിക്കുന്ന നേട്ടം സ്വന്തമാക്കാന്‍ പരമ്പരാഗത സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് കഴിയുന്നില്ലെന്നതാണ് ഒന്ന്. നികുതിക്കുശേഷമുള്ള ആദായം പരിഗണിക്കുന്നുവെന്നതാണ് രണ്ടാമത്തെ കാരണമായി കണ്ടെത്താന്‍ കഴിയുക. ഇതൊക്കെയാണെങ്കിലും പരമ്പരാഗത നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിശ്ചിത ആദായം നിക്ഷേപകര്‍ ആശ്വാസമായി കരുതുന്നു.
ഇവിടെയാണ് ടാര്‍ഗറ്റ് മെച്യൂരിറ്റി ഫണ്ടു(ടി.എം.എഫ്)കളുടെ പ്രസക്തി. മികച്ചനേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഈ വിഭാഗത്തിലെ പാസീവ് ഫണ്ടുകള്‍ക്ക് കഴിവുണ്ട്. പലിശ നിരക്ക് കുറവായതിനാല്‍, കഴിഞ്ഞ വര്‍ഷംവരെ ടി.എം.എഫ് ഉള്‍പ്പടെയുള്ള ഡെറ്റ് പദ്ധതികള്‍ ആകര്‍ഷകമായിരുന്നില്ല. നിരക്ക് കൂടുന്ന സാഹചര്യത്തില്‍ ആദായം ആകര്‍ഷകമായിട്ടുണ്ട്. സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ മാത്രം നിക്ഷേപിക്കുന്ന ടി.എം.എഫുകളാണ് അതിന് പരിഹാരം.
ചെലവ് കഴിഞ്ഞുള്ള ആദായമാണ് കാലാവധിയെത്തുമ്പോള്‍ നിക്ഷേപകന് ലഭിക്കുക. ഫണ്ട് കൈവശം വെച്ചിട്ടുള്ള ഏതെങ്കിലും കടപ്പത്രത്തില്‍ തരംതാഴ്ത്തലോ തിരിച്ചടവ് മുടങ്ങലോ ഉണ്ടായാല്‍ ആദായത്തില്‍ കുറവുമുണ്ടാകും. ഇവിടെയാണ് സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ നിക്ഷേപത്തിന്റെ പ്രസക്തി. ഈ പ്രതിസന്ധികളൊന്നും സര്‍ക്കാര്‍ കടപ്പത്രങ്ങളെ ബാധിക്കുകയില്ല. പരമ്പരാഗത നിക്ഷേപങ്ങളില്‍നിന്ന് വ്യത്യസ്തമായി മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവ് നിക്ഷേപത്തിനുള്ളതിനാല്‍ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യവും ലഭിക്കും. വിലക്കയറ്റം കിഴിച്ചുള്ള നികുതിയേ നിക്ഷേപകന് നല്‍കേണ്ടിവരുന്നുള്ളൂ. മൂലധന നേട്ടം കണക്കാക്കുമ്പോള്‍ പണപ്പെരുപ്പം(സി.ഐ.ഐ സൂചിക) കൂടി പരിഗണിച്ച് മൊത്തം ചെലവ് ക്രമീകരിക്കാനുള്ള അവസരമാണ് ലഭിക്കുക. കാലാവധി പൂര്‍ത്തിയാകുന്നതുവരെ കൈവശം വെയ്ക്കാന്‍ കഴിയുമെങ്കില്‍ ഇടക്കാലത്തുണ്ടാകുന്ന പലിശനിരക്കിലെ ചാഞ്ചാട്ടം ബാധിക്കുകയില്ലെന്നതാണ് മറ്റൊരു നേട്ടം.
ഉദാഹരണത്തിന്, പലിശ നിരക്ക് ഉയരാന്‍ തുടങ്ങിയാല്‍ സജീവമായി കൈകാര്യം ചെയ്യുന്ന ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകന് മൂലധന നഷ്ടം നേരിടേണ്ടിവന്നേക്കാം. അതുപോലെതന്നെ ടി.എം.എഫിന്റെ എന്‍.എ.വിയെയും ബാധിച്ചേക്കാം. എന്നിരുന്നാലും കാലവധിയെത്തുമ്പോള്‍ കൃത്യമായ മൂല്യത്തിലേയ്ക്ക് എത്തുകയും ചെയ്യും. നിലവില്‍ ടി.എം.എഫുകള്‍ ദീര്‍ഘകാലയളവിലെ (20 വര്‍ഷംവരെ) നിക്ഷേപത്തിനും അവസരം നല്‍കുന്നു. റീ ഇന്‍വെസ്റ്റുമെന്റ് റിസ്‌ക് ഇല്ലാതാക്കാന്‍ ഇത് ഉപകരിക്കും.
പരമ്പരാഗത നിക്ഷേപകരില്‍ ഭൂരിഭാഗവും സുരക്ഷ്‌ക്ക് മുന്‍ഗണന നല്‍കുന്നതുകൊണ്ടുതന്നെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ പണംമുടക്കുന്ന ടി.എം.എഫുകള്‍ പ്രധാന്യം അര്‍ഹിക്കുന്നു. സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ക്കുള്ള മികച്ച പിന്തുണയും ഉയര്‍ന്ന റേറ്റിങും മൂലം ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് റിസ്‌കാണുള്ളത്. കേന്ദ്രീകൃത പോര്‍ട്ട്‌ഫോളിയോ ആയതിനാല്‍ ലളിതമായി മുന്നോട്ടുപോകാന്‍ നിക്ഷേപകനും അവസരം ലഭിക്കുന്നു.
ആദായത്തിന്റെയും നികുതി ബാധ്യതയുടെയും കാര്യത്തില്‍ മികച്ച ബദലായി സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് സ്‌കീമിനെ കാണാം. താരതമ്യേന കുറഞ്ഞ ചെലവില്‍ ദീര്‍ഘകാലത്തേയ്ക്ക് ആസ്തി വിഭജനം ആസൂത്രണം ചെയ്യാനും നിക്ഷേപത്തിലൂടെ അവസരം ലഭിക്കുന്നു.
(പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ സി.ഇ.ഒ ആണ് ലേഖകന്‍)
Content Highlights: A Win-Win Solution: A Passive, Hold to Maturity, fully G-Sec Product
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..